പണം ഉണ്ടാക്കാനുള്ള തിരക്കില്‍ സ്വന്തം അച്ഛനെയും അമ്മയെയും മറന്ന് പോകരുതെന്നും നിങ്ങളുടെ പണമോ സമ്മാനമോ അല്ല മറിച്ച് സാമീപ്യമാണ് അവര്‍ക്ക് ആവശ്യമെന്നും ഒരു ബാങ്ക‍് ഉദ്യോഗസ്ഥന്‍ പ്രവാസികളെ ഉപദേശിച്ചു.
പുതിയൊരു രാജ്യത്ത് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്യുന്നവരാണ് പ്രവാസികൾ. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസി ഇന്ത്യക്കാരുടെ മാതാപിതാക്കൾ ഇന്ത്യയിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. സിംഗപ്പൂരിൽ താമസിക്കുന്ന ഒരു ബാങ്കറും എഴുത്തുകാരനുമായ ഒരു വ്യക്തി അടുത്തിടെ ഈ പ്രശ്നത്തെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടി. നാട്ടിൽ മാതാപിതാക്കൾ ഒറ്റയ്ക്കായ പ്രവാസികളോടായിരുന്നു അദ്ദേഹത്തിന്‍റെ നിർദ്ദേശങ്ങൾ.
മാതാപിതാക്കൾ ഒറ്റയ്ക്കാണെങ്കിൽ അവരെ പരിപാലിക്കാൻ വിശ്വസ്തരായ ആരെയെങ്കിലും കണ്ടെത്തണമെന്നും ഏറ്റവും കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും മാതാപിതാക്കളെ സന്ദർശിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 75 വയസ്സിന് മുകളിൽ പ്രായമുള്ള മാതാപിതാക്കൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ദൈനംദിന ജോലികൾ പോലും ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്സിൽ ഏറെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെയായിരുന്നു "എന്തെങ്കിലും യുക്തിസഹമായ ഒരു ഘട്ടത്തിൽ നിർത്തി ഇന്ത്യയിലേക്ക് മടങ്ങുക. ഇല്ലെങ്കിൽ, ഇന്ത്യയിൽ ഒറ്റയ്ക്ക് താമസിക്കുന്ന നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരു കെയർടേക്കറെ ഏർപ്പാടാക്കുക. അത് സാധ്യമാകുന്നില്ലെങ്കിൽ, അവരെ ഒരു വൃദ്ധ പരിചരണ കേന്ദ്രത്തിൽ താമസിപ്പിക്കുക. രണ്ട് വർഷത്തിലൊരിക്കലെങ്കിലും അവരെ സന്ദർശിക്കുക. നിങ്ങളുടെ മാതാപിതാക്കൾക്ക് 75 വയസ്സ് തികയുമ്പോൾ അവർ ക്ഷീണിതരാകാൻ തുടങ്ങും. 80 കഴിഞ്ഞാൽ മാതാപിതാക്കൾ വളരെ ദുർബലരാണ്, അവർക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല. അത്തരം നിരവധി എൻആർഐ മാതാപിതാക്കളുമായി ഞാൻ ദിവസവും ഇടപഴകുന്നു, ഞാൻ കാണുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് എഴുതുന്നത്."
ലോകത്തിൽ എന്തു വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാലും മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയില്ലെങ്കിൽ നിങ്ങളെ ഈ ലോകത്തിലേക്ക് കൊണ്ടുവന്ന യഥാർത്ഥ ദൈവങ്ങൾ ഒറ്റയ്ക്കായി പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറിപ്പ് വൈറലായതോടെ നിരവധിപേർ പ്രതികരിച്ചു. ഒരു ഉപയോക്താവ് എഴുതിയത് നമ്മൾ വിജയങ്ങളുടെ തടവുകാനാണെന്നും ചിലപ്പോഴെങ്കിലും അത് ശാപമായി മാറാറുണ്ടെന്നുമായിരുന്നു. ആരും തെറ്റുകാരല്ല, സാഹചര്യങ്ങളാണ് എല്ലാം സൃഷ്ടിക്കുന്നത് എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.


