കുഞ്ഞുങ്ങള്‍ക്ക് ശരിയേതാണ്, തെറ്റേതാണ് എന്നറിയില്ല. അവര്‍ ചിലപ്പോള്‍ കൂട്ടത്തിലുള്ളവരെ ഉപദ്രവിച്ചേക്കും, ഒറ്റപ്പെടുത്തിയേക്കും. അത് തിരുത്തേണ്ടത് മുതിര്‍ന്നവരാണ്. ഇല്ലെങ്കില്‍ ഒറ്റപ്പെടലനുഭവിക്കുന്ന കുട്ടികള്‍ക്ക് വലിയ വേദനയുണ്ടാവുകയും അതവരുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കുകയും ചെയ്തേക്കാം. ഇവിടെയും സംഭവിച്ചത് അതാണ്. ലിഡിയ എന്ന പെണ്‍കുട്ടിക്കും ഇത്തരം ഒറ്റപ്പെടുത്തലുകളിലൂടെ കടന്നുപോകേണ്ടി വന്നു. ഫ്ലോറിഡയിലാണ് സംഭവം.

ലിഡിയ എന്ന മൂന്നുവയസ്സുകാരിയെ അവളുടെ ഡേ കെയര്‍ സെന്‍ററിലുള്ളവര്‍ നിരന്തരം കളിയാക്കും. അവളവരെ ഒറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. ഒരു ദിവസം ലിഡിയ വീട്ടിലെത്തിയത് കണ്ണിലും മുഖത്തുമെല്ലാം പരിക്കും കൊണ്ടാണ്. കാര്യം തിരക്കിയപ്പോള്‍ ലിഡിയ പറഞ്ഞത് ഒരുകൂട്ടം പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ചേര്‍ന്ന് അവളെ ഉപദ്രവിച്ചു എന്നാണ്. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല പരാതി പറഞ്ഞേ തീരൂവെന്ന് അമ്മയ്ക്ക് തോന്നി. പക്ഷേ, അതിന് തൊട്ടുമുമ്പ് അവള്‍ ചെയ്തത് ഇക്കാര്യം പറഞ്ഞുകൊണ്ട് ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിടുകയാണ്. 

അവിടെയാണ് ബാറ്റ്മാന്‍റെ എന്‍ട്രി. ബാറ്റ്മാന്‍ നേരെ ലിഡിയയുടെ ഡേ കെയര്‍ സെന്‍ററിലെത്തുന്നു. ലിഡിയയുടെ കയ്യും പിടിച്ച് പറയുന്നു. 'ഞാനിവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ്' എന്ന്. കുഞ്ഞുങ്ങളല്ലേ, എല്ലാവര്‍ക്കും ബാറ്റ്മാനെ പോലെയുള്ള സൂപ്പര്‍ ഹീറോസിനെയൊക്കെ പരിചയം കാണും. ഏതായാലും ബാറ്റ്മാന്‍റെ വരവ് ലിഡിയയെ സര്‍പ്രൈസ് അടിപ്പിച്ചപോലെ തന്നെ മറ്റുള്ളവരെ ഒന്ന് ഭയപ്പെടുത്തുകയും ചെയ്തു. ഇനി ഇവളെയെങ്ങാനും ഉപദ്രവിച്ചാല്‍ പ്രശ്നമാവുമോ എന്ന ഭയത്തിലായി എല്ലാവരും. ഏതായാലും അന്നുവൈകുന്നേരം ബാറ്റ്മാന്‍ സമ്മാനമായി നല്‍കിയ ഒരുടുപ്പും കൊണ്ടാണ് ലിഡിയ വീട്ടിലെത്തിയത്. 

ബാറ്റ്മാനെത്തിയത് എങ്ങനെയാണ് എന്നല്ലേ? ബാറ്റ്മാനായി പോയത് ടൗണില്‍ തന്നെയുള്ള ജാക്ക് എന്നൊരാളാണ്. ലിഡിയയുടെ അമ്മയുടെ സുഹൃത്തായിരുന്നു ജാക്ക്. അവരുടെ ഫേസ്ബുക്ക് പോസ്റ്റ് ജാക്ക് കണ്ടിരുന്നു. അതില്‍ ലിഡിയ വളരെ വേദനിപ്പിക്കുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും എഴുതിയിട്ടുണ്ടായിരുന്നല്ലോ. ലിഡിയയ്ക്ക് സൂപ്പര്‍ ഹീറോസിനെ ഇഷ്ടമാണ് എന്ന് ജാക്കിനറിയാമായിരുന്നു. അങ്ങനെയാണ് ബാറ്റ്മാന്‍റെ വേഷത്തില്‍ ജാക്ക് ലിഡിയയുടെ ഡേ കെയര്‍ സെന്‍ററിലെത്തുന്നത്. 

അതിനുശേഷം ലിഡിയയേയും കൊണ്ട് അമ്മ സ്കൂളിലെത്തിയപ്പോള്‍ ഒരു കൊച്ചുപയ്യനെത്തി ലിഡിയയുടെ കയ്യും പിടിച്ച് 'ഹായ് ബെസ്റ്റ് ഫ്രണ്ട് ലിഡിയ' എന്ന് പറഞ്ഞ് അവളെ ക്ലാസിലേക്ക് കൊണ്ടുപോയി. അതുകണ്ടപ്പോള്‍ തന്‍റെ കണ്ണ് നിറഞ്ഞുപോയി എന്ന് ലിഡിയയുടെ അമ്മ പറയുന്നു. ഏതായാലും ആര്‍ക്കും വലിയ ഉപദ്രവമില്ലാത്ത ഒരു കാര്യമാണ് ജാക്ക് ചെയ്തത്. ബാറ്റ്മാനെ പോലെ ശക്തിയൊന്നുമില്ലെങ്കിലും താന്‍ ചെയ്ത ചെറിയൊരു കാര്യം ഒരു കുഞ്ഞിന് നല്‍കിയ സന്തോഷത്തില്‍ ജാക്കും ഹാപ്പിയാണ്.