ഈ കടുത്ത പോരാട്ടത്തിൽ അവസാനമായപ്പോഴേക്കും ഇരു പാമ്പുകൾക്കും ജീവൻ നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്.

പാമ്പുകളെ പേടിയില്ലാത്ത ആളുകൾ ചുരുക്കമായിരിക്കും. എന്തിന് കാട്ടിൽ കാണുന്ന സകലതിനെയും മിക്കവാറും മനുഷ്യർക്ക് പേടിയാണ്. അതിപ്പോൾ വന്യമൃ​ഗങ്ങളായാലും ശരി, ഇഴജന്തുക്കളായാലും ശരി. അതിൽ തന്നെ മനുഷ്യർക്ക് ഏറ്റവും അധികം പേടിയുള്ള ഇനങ്ങളാണ് പാമ്പുകൾ. കാരണം, അത് അങ്ങ് കാട്ടിൽ മാത്രമല്ല, പാടത്തും പറമ്പിലും വീട്ടുമുറ്റത്തും എന്തിന് വീടിന്റെ അകത്ത് വരേയും കാണാം. ഈ സോഷ്യൽ മീഡിയ കാലത്ത് പാമ്പുകളുടെ അനേകം വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും വൈറലാവുന്നത്. ഇതും അതിൽ പെട്ട ഒന്നാണ്. 

പ്ലാസ്റ്റിക് കുപ്പി വിഴുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷിക്കാൻ ശസ്ത്രക്രിയ 

രണ്ട് ഭീമൻ പാമ്പുകളാണ് പെരുമ്പാമ്പും രാജവെമ്പാലയും അല്ലേ? മിക്കവാറും ഇവയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാൽ, രണ്ടും തമ്മിലുള്ള ഉ​ഗ്രൻ പോരാട്ടം വൈറലായത് കണ്ടിട്ടുണ്ടോ? കാണുന്നവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഒരു ചിത്രമാണ് ട്വിറ്ററിൽ വൈറലായത്. അതിൽ കാണുന്നത് പരസ്പരം പോരടിക്കുന്നതിനിടയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പെരുമ്പാമ്പിനെയും രാജവെമ്പാലയെയും ആണ്. വളരെ പെട്ടെന്ന് തന്നെ അനേകം പേരാണ് ചിത്രം കണ്ടത്. 

എന്നാൽ, ഇത് കാണാൻ തന്നെ ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് പറഞ്ഞവരും കുറവല്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പറയും പോലെ കാട്ടിലും പലപ്പോഴും ബലമുള്ളവരാണല്ലോ അതിജീവിക്കാറ്. എന്നാൽ, ഈ കടുത്ത പോരാട്ടത്തിൽ അവസാനമായപ്പോഴേക്കും ഇരു പാമ്പുകൾക്കും ജീവൻ നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. അതേ സമയം ഇത് രാജവെമ്പാല അല്ല അനാക്കോണ്ട ആണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. എന്നാൽ, മറ്റൊരാൾ പറഞ്ഞത് രണ്ടും പെരുമ്പാമ്പാണ് എന്നാണ് താൻ കരുതുന്നത് എന്നായിരുന്നു. അതുപോലെ പ്രകൃതിയിൽ എന്തെല്ലാം കാഴ്ചകളാണ്, എന്തെല്ലാം പോരാട്ടങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.