കരടിയെ പിടികൂടുന്നതിനായി തുടർന്ന് എയർപോർട്ട് പോലീസിൻ്റെ നേതൃത്വത്തിൽ പട്രോളിങ്ങ് നടത്തുകയും കെണികൾ സ്ഥാപിക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ റൺവേയിൽ കരടിയെ കണ്ടെത്തിയതിനെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കി. ജൂൺ 26 വ്യാഴാഴ്ച ജപ്പാനിലെ യമഗത വിമാനത്താവളത്തിലെ റൺവേയിലാണ് കരടിയെ കണ്ടെത്തിയത്. ഇതേത്തുടർന്ന് പന്ത്രണ്ടോളം വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത് എന്നാണ് വിമാനത്താവളം അധികൃതർ പറയുന്നത്. കരടി റൺവേയിലൂടെ ഓടിപ്പോകുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

യമഗത പ്രിഫെക്ചറിലെ ഹിഗാഷിനിലുള്ള യമഗത വിമാനത്താവളത്തിലെ ജീവനക്കാരിലൊരാളാണ് രാവിലെ റൺവേയിലൂടെ കരടി ഓടിപ്പോകുന്നത് ആദ്യം കണ്ടത്. തുടർന്ന് റൺവേ താൽക്കാലികമായി അടച്ചുപൂട്ടി, ഈ നടപടി പന്ത്രണ്ടോളം വിമാന സർവീസുകളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ നാലടി നീളമുള്ള ഒരു ചെറിയ കരടി റൺവേയിലൂടെ ഓടുന്നത് കാണാം. ഇതിനെ ഓടിച്ചു വിടുന്നതിനായി ഒരു എയർപോർട്ട് കാർ അതിന് പിന്തുടരുന്നതും റൺവേയിൽ നിന്ന് ഭയപ്പെടുത്തി മാറ്റുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ, തൽക്കാലത്തേക്ക് എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് വിമാനത്താവളത്തിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെ ഒളിച്ചിരുന്ന കരടി ഉച്ചയ്ക്ക് വീണ്ടും റൺവേയിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ വിമാനത്താവളം അധികൃതം വീണ്ടും പ്രതിസന്ധിയിലായി.

Scroll to load tweet…

കരടിയെ പിടികൂടുന്നതിനായി തുടർന്ന് എയർപോർട്ട് പോലീസിൻ്റെ നേതൃത്വത്തിൽ പട്രോളിങ്ങ് നടത്തുകയും കെണികൾ സ്ഥാപിക്കുകയും ചെയ്തു. കരടിയെ ഇതുവരെയും പിടികൂടാൻ കഴിയാത്തതിനാൽ റൺവേയിൽ ഇപ്പോൾ കർശന നിരീക്ഷണമാണ് അധികൃതരുടെ ഭാഗത്ത് നിന്നും നടത്തിവരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ജപ്പാനിൽ മനുഷ്യനും കരടികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഇപ്പോൾ തുടർക്കഥകളായി മാറിയിരിക്കുകയാണ്. കരടികളുടെ ആക്രമണം ഭയന്ന് മധ്യ ജപ്പാനിൽ ഒരു ഗോൾഫ് ടൂർണമെന്റ് കഴിഞ്ഞ മാസം അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വന്നിരുന്നു. മറ്റൊരു സംഭവത്തിൽ, കരടിയെ കണ്ടതിനെത്തുടർന്ന് അമോറി പ്രിഫെക്ചറിലെ ഗോഷോഗവാരയിലെ ഒരു സ്കൂളിലെ കായിക പരിപാടികളും മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.