14 കിലോഗ്രാം ഭാരമുള്ള 24 പൊതി കഞ്ചാവായിരുന്നു ആറു വയസ്സുകാരന്റെ ബാഗിലുണ്ടായിരുന്നത്.

മൗറീഷ്യസിൽ നടന്ന 1.6 മില്യൺ പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്ന് വേട്ടയിൽ അറസ്റ്റിലായവരിൽ ആറ് വയസ്സുള്ള ഒരു ബ്രിട്ടീഷ് ബാലനും. ദ മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മൗറീഷ്യസിലെ സർ സീവൂസാഗുർ റാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് കുട്ടി അടക്കമുള്ള ഏഴംഗസംഘം പിടിയിലായത്.

പിടിയിലായവരിൽ കുട്ടിയെ കൂടാതെ പ്രായപൂർത്തിയായ അഞ്ചു ബ്രിട്ടീഷ് യുവതികളും ഒരു റൊമാനിയൻ പൗരനും ആണ് ഉണ്ടായിരുന്നത്. ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ ആണ് ഇവർ മൗറീഷ്യസിൽ എത്തിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് വിവിധ ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ 161 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയതായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 14 കിലോഗ്രാം ഭാരമുള്ള 24 പൊതി കഞ്ചാവായിരുന്നു ആറു വയസ്സുകാരന്റെ ബാഗിലുണ്ടായിരുന്നത്.

35 വയസ്സുള്ള അമ്മയുടെ ബാഗിൽ നിന്ന് 29 പൊതികൾ കണ്ടെത്തി. റൊമാനിയൻ പൗരന്റെ ബാഗിൽ 32 പൊതികൾ ഒളിപ്പിച്ചു വച്ചിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിപണിയിൽ ഏകദേശം 1.6 മില്യൺ പൗണ്ട് വില വരുന്ന കഞ്ചാവാണ് പിടികൂടിയിരിക്കുന്നത് എന്നാണ് അധികൃതർ പുറത്തുവിടുന്ന വിവരം.

പ്രായപൂർത്തിയായ ആറുപേരെയും കസ്റ്റഡിയിലെടുത്ത പോലീസ് മഹെബർഗിലെ ഒരു മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. മൗറീഷ്യസ് മാധ്യമമായ ഡെഫി മീഡിയയുടെ റിപ്പോർട്ട് പ്രകാരം ഇവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. റിപ്പോർട്ടുകൾ അനുസരിച്ച് കുട്ടിയെ യുകെയിലേക്ക് മടക്കി അയച്ചു. ബ്രിട്ടീഷ് ഹൈ കമ്മീഷനെ ബന്ധപ്പെട്ടാണ് കുട്ടിയെ സുരക്ഷിതമായി യുകെയിലേക്ക് മടക്കി അയച്ചത്. വിമാനത്താവളത്തിലെത്തിയ പിതാവ് കുട്ടിയെ സ്വീകരിച്ചതായാണ് മിറർ റിപ്പോർട്ട് ചെയ്യുന്നത്.

വിമാനത്തിൽ നിന്ന് ഇറങ്ങിയ നിമിഷം മുതൽ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് കസ്റ്റംസും പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. സംശയം തോന്നി അവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കോടികളുടെ മയക്കുമരുന്ന് കണ്ടെത്തിയത്.