സ്പെയിനിലെ താടിക്കാരൻ കഴുകൻമാരുടെ കൂടുകളെക്കുറിച്ചുള്ള പുതിയ പഠനം . പല തലമുറകളായി ഉപയോഗിക്കുന്ന ഈ കൂടുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മനുഷ്യനിർമ്മിത വസ്തുക്കൾ സംരക്ഷിക്കുന്ന 'പ്രകൃതിദത്ത മ്യൂസിയങ്ങളാണെെന്ന് ഗവേഷകർ കണ്ടെത്തി.
പക്ഷിശാസ്ത്രജ്ഞരെ വളരെക്കാലമായി ആകര്‍ഷിക്കുന്ന, അസാധാരണ ഭക്ഷണക്രമമുള്ള ഇരപിടിയന്‍ പക്ഷിയാണ് താടിക്കാരന്‍ കഴുകന്‍ (Bearded Vulture). ഈ എല്ലുതീനി പക്ഷികള്‍ മുമ്പ് കരുതിയതിനേക്കാള്‍ കൗതുകമുണര്‍ത്തുന്നവരാണെന്ന് പുതിയ പഠനം. പല തലമുറകളായി ഇവ ഉപയോഗിക്കുന്ന കൂടുകള്‍ പ്രകൃതിദത്ത മ്യൂസിയങ്ങളായി' പ്രവര്‍ത്തിക്കുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക വസ്തുക്കളെ സംരക്ഷിക്കുകയും ചെയ്യുന്നതായാണ് 'ഇക്കോളജി' ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അവകാശപ്പെട്ടു.
പുരാവസ്തു സൂക്ഷിപ്പുകാരന്‍
2008-നും 2014-നും ഇടയിലാണ് ഗവേഷകര്‍ സ്പെയിനിലെ ഒരു ഡസന്‍ താടിക്കാരന്‍ കഴുകന്‍ കൂടുകളില്‍ പഠനം നടത്തിയത്. കൂടുകള്‍ ഓരോ പാളികളായി വിശകലനം ചെയ്ത സംഘം പക്ഷികള്‍ നിര്‍മ്മാണ സാമഗ്രികളായി പുനരുപയോഗിക്കാനാവുന്ന 200-ല്‍ അധികം മനുഷ്യനിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തി. കാര്‍ബണ്‍ ഡേറ്റിംഗ് അനുസരിച്ച് കൂടുകള്‍ കുറഞ്ഞത് 13-ാം നൂറ്റാണ്ടിലെങ്കിലും നിര്‍മിച്ചവയാണെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി. 700 വര്‍ഷം പഴക്കമുള്ള എസ്പാര്‍ട്ടോ പുല്ല് കൊണ്ട് നിര്‍മ്മിച്ച ഒരു ചെരുപ്പാണ് കൂട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഒരു വസ്തു. 650 വര്‍ഷം പഴക്കമുള്ള ചുവന്ന ചായം പൂശിയ ആട്ടിന്‍തോല്‍ കഷണവും ഗവേഷകര്‍ അതേ കൂട്ടില്‍ കണ്ടെത്തി.
അടുത്തുള്ള മറ്റൊരു കൂട്ടില്‍ 18-ാം നൂറ്റാണ്ടിലെ ഒരു കുട്ടയുടെ ഭാഗമുണ്ടായിരുന്നതായും പഠനത്തില്‍ പറയുന്നു. ക്രോസ്‌ബോയിലെ അമ്പ്, കുതിരകള്‍ക്കുള്ള കയറുകളും ചരടുകളും, നൂറുകണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന തുണിക്കഷണം എന്നിവ ഉള്‍പ്പെടെ മറ്റ് പുരാതന വസ്തുക്കളും ഗവേഷകര്‍ കണ്ടെത്തി. കൈകൊണ്ട് നിര്‍മ്മിച്ചതും വളരെ പഴക്കമുള്ളതുമാണ് ഇവയില്‍ പലതും. ചെരിപ്പാണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള പുരാവസ്തുവെന്ന് കണ്ടെത്തിയെങ്കിലും, മറ്റ് വസ്തുക്കളുടെ കാര്‍ബണ്‍ ഡേറ്റിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സ്പാനിഷ് നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള പൈറീനിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ അന്റോണി മാര്‍ഗലിഡ പറഞ്ഞു.
താടിക്കാരന്‍ കഴുകൻ
ഓസിഫ്രേജസ് (ossifrages) എന്ന് വിളിപ്പേരുള്ള താടിക്കാരന്‍ കഴുകന്‍മാരുടെ ചിറകുകള്‍ക്ക് 10 അടി വരെ നീളകാണാറുണ്ട്. സ്ഥിരമായ താപനിലയും ഈര്‍പ്പവുമുള്ള പാറക്കെട്ടുകളിലോ ഗുഹകളിലോ ആണ് ഇവ കൂടുകൂട്ടാന്‍ ഇഷ്ടപ്പെടുന്നത്. പ്രധാനമായും അസ്ഥി ദ്രവ്യങ്ങളാണ് ഇവയുടെ ആഹാരം. കൂടൊരുക്കുന്നതിന് ഇവ വസ്തുക്കള്‍ കൊണ്ടുപോകുമെന്ന് അറിയാമായിരുന്നെങ്കിലും കണ്ടെത്തിയ വസ്തുക്കളുടെ എണ്ണവും അവയുടെ പഴക്കവും അത്ഭുതപ്പെടുത്തിയെന്ന് ഗവേഷകര്‍ പറയുന്നു. നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഈ കൂടുകള്‍ വിവിധ തലമുറകള്‍ പ്രജനനത്തിനായി ഉപയോഗിച്ച ഗുണമേന്മയുള്ള ഇടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കണ്ടെത്തലുകള്‍ മനുഷ്യ സംസ്‌കാരത്തെക്കുറിച്ച് കൗതുകകരമായ വിവരങ്ങള്‍ നല്‍കുന്നുവെന്ന് മാര്‍ഗലിഡ പറയുന്നു. അന്നത്തെ ആളുകള്‍ എങ്ങനെ വസ്ത്രം ധരിച്ചു, അവര്‍ എങ്ങനെ വേട്ടയാടി, അന്ന് കൂടുതലുണ്ടായിരുന്ന വളര്‍ത്തുമൃഗങ്ങളും വന്യജീവികളും ഏതൊക്കെയായിരുന്നു എന്നിങ്ങനെ പല വിവരങ്ങള്‍ നല്‍കാന്‍ ഇവയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഇനത്തില്‍പ്പെട്ട കഴുകനും മനുഷ്യ ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ പഠനം പുതിയ വെളിച്ചം നല്‍കുന്നതായി കോര്‍ണല്‍ ലാബ് ഓഫ് ഓര്‍ണിത്തോളജി (Cornell Lab of Ornithology) ഡയറക്ടര്‍ എമരിറ്റസ് ജോണ്‍ ഫിറ്റ്‌സ്പാട്രിക് പറഞ്ഞു.


