കോട്ടയിലെ ബഞ്ചാരി ഗ്രാമത്തിൽ ഒരു വീട്ടിൽ രാത്രിയിൽ എട്ടടി നീളമുള്ള കൂറ്റൻ മുതല കയറി. വനംവകുപ്പ് എത്താതെ വന്നപ്പോൾ, 'കടുവ' എന്നറിയപ്പെടുന്ന ഹയാത്ത് ഖാൻ എന്നയാൾ മുതലയെ പിടികൂടി ചുമലിലേറ്റി കൊണ്ടുപോയി. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കോട്ടയിലെ ഇറ്റാവ പ്രദേശത്തെ ബഞ്ചാരി ഗ്രാമത്തിൽ ഒരു വീട്ടിലേക്ക് രാത്രി കയറിവന്നത് എട്ടടി നീളവും എണ്‍പത് കിലോ ഭാരവുമുള്ള കൂറ്റന്‍ മുതല. രാത്രിയില്‍ വിളിക്കാതെ വീട്ടിലേക്ക് എത്തിയ അതിഥിയെ കണ്ട വീട്ടുകാര്‍ ഭയന്ന് നിലവിളിച്ചു. ഓടിയെത്തിയ അയൽക്കാരും കൂറ്റന്‍ മുതലയെ കണ്ട് ഭയന്ന് പിന്നാറിയെന്ന് റിപ്പോര്‍ട്ടുകൾ. ഗ്രാമവാസികൾ ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു, എന്നാൽ, ഉദ്യോഗസ്ഥർ ആരും എത്തിയില്ല. ഒരു രാത്രി ഉറങ്ങാതെ ഭയന്നിരിക്കേണ്ടിവരുമെന്ന് കരുതിയ വീട്ടുകാര്‍ക്ക് മുന്നില്‍ ഒരു മനുഷ്യന്‍ സഹായത്തിനായെത്തി. അദ്ദേഹം മുതലയെ പിടികൂടി തന്‍റെ ചുമലിലെടുത്ത് വീട്ടില്‍ നിന്നും അതിനെ മാറ്റി.
വീഡിയോ
ഉദ്യോഗസ്ഥരെ കാത്തിരുന്ന്. ഒടുവില്‍ അവരെത്തില്ലെന്ന് ഉറപ്പായപ്പോഴാണ് വീട്ടുകാര്‍ പ്രദേശത്തെ വന്യജീവി വിദഗ്ധനായ ഹയാത്ത് ഖാനെ സമീപിച്ചത്. അദ്ദേഹം അവിടെ അറിയപ്പെടുന്നത് തന്നെ 'കടുവ' എന്നണ്. സഹായത്തിനായി വിളി വന്നതും ഹയാത്തും സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി. ആ കൂരാക്കൂരിരുട്ടിൽ അദ്ദേഹം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഹയാത്ത് ഖാന്‍, കൂറ്റന്‍ മുതലയെ തന്‍റെ ചുമലിലെടുത്ത് വീട്ടില്‍ നിന്നും പറത്തിറങ്ങുന്നത് കാണാം. ഗ്രാമവാസികളെല്ലാം അദ്ദേഹത്തിന് ചുറ്റും കൂടിയിട്ടുണ്ട്. മുതലയെ ചുമന്ന് അല്പം ദൂരെയായി കിടക്കുന്ന വാഹനത്തിലേക്ക് കയറ്റുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ മുതലയുടെ വായ് ടാപ്പ് വച്ച് ഒട്ടിച്ചിരിക്കുന്നത് കാണാം.
സിനിമാ സ്റ്റൈലിലായിരുന്നു മുതലയെ പിടികൂടിയതെന്ന് നാട്ടുകാര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതല അക്രമിക്കാതിരിക്കാന്‍ ആദ്യം അതിന്‍റെ വായിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വച്ചു. പിന്നാലെ മുൻകാലുകളും പിൻകാലുകളും കയറുകൾ ഉപയോഗിച്ച് കെട്ടി. രക്ഷാപ്രവർത്തനം ഏകദേശം ഒരു മണിക്കൂറോളം നേരം നീണ്ടുനിന്നു, രാത്രി 11 മണിയോടെ മുതലയെ പിടികൂടി വാഹനത്തില്‍കയറഅറി. പിറ്റേന്ന് രാവിലെ, ഗെറ്റ പ്രദേശത്തിനടുത്തുള്ള ചമ്പൽ നദിയിലേക്ക് മുതലയെ സുരക്ഷിതമായി വിട്ടയച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
പ്രതികരണം
ഹയാത്ത് ഖാന്‍റെ പ്രവൃത്തി സമൂഹ മാധ്യമങ്ങളില്‍ പ്രശംസിക്കപ്പെട്ടു. എല്ലാ മൃഗസ്‌നേഹികൾക്കും യഥാർത്ഥ പ്രചോദനമെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ഉരുക്കുപോലുള്ള ആയുധങ്ങളും ഭയവുമില്ലാത്തപ്പോൾ ആർക്കാണ് സഹായം വേണ്ടതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഡിസ്കവറി ചാനലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെതാണെന്ന് മറ്റൊരാൾ എഴുതി. ഗംഗാ ജമുന സരസ്വതി എന്ന സിനിമയിലെ യഥാർത്ഥ അമിതാഭ് ബച്ചനെന്നയാരുന്നു മറ്റൊരാളുടെ കുറിപ്പ്. അതുകൊണ്ടാണ് സ്ത്രീകൾ കൂടുതൽ കാലം ജീവിക്കുന്നതെന്നായിരുന്നു ഒരു വിരുതന്‍റെ കുറിപ്പ്. ഗ്രാമത്തിനടുത്തുള്ള കുളം മുതലകളുടെ ഹോട്ട്‌സ്‌പോട്ടായി മാറിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബഞ്ചാരി ഗ്രാമത്തിലേക്ക് കയറിവരുന്ന മൂന്നാമത്തെ മുതലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.


