ദക്ഷിണ കൊറിയയിൽ തിമിര ശസ്ത്രക്രിയയ്ക്കായി എത്തിയ 71-കാരനായ കർഷകന്റെ കണ്ണുകളിൽ നിന്ന് 11 ജീവനുള്ള പരാദവിരകളെ ഡോക്ടർമാർ പുറത്തെടുത്തു. 'തെലാസിയ കാലിപ്പീഡ' എന്ന ഇനം വിരകളാണ് കണ്ണിനുള്ളിൽ കണ്ടെത്തിയത്. മനുഷ്യന്റെ കണ്ണിനുള്ളിൽ വെച്ചുതന്നെ ഇവ പ്രത്യുൽപാദന ഘട്ടത്തിൽ എത്തിയിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.

തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ 71 -കാരനായ കർഷകന്‍റെ കണ്ണുകളിൽ കണ്ടെത്തിയത് 11 ജീവനുള്ള പരാദവിരകളെ. ദക്ഷിണ കൊറിയയിലാണ് അപൂർവവും ഞെട്ടിക്കുന്നതുമായ സംഭവം. ഏകദേശം രണ്ടുമാസമായി കണ്ണുകളിൽ ചുവപ്പ് നിറവും, കാഴ്ച മങ്ങൽ, എന്തോ കുടുങ്ങിയത് പോലുള്ള അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതിനെത്തുടർന്നാണ് കർഷകൻ കാങ്‌വോൺ നാഷണൽ യൂണിവേഴ്സിറ്റിയുടെ ആശുപത്രിയിലെത്തിയത്.

കണ്ണിനുള്ളിൽ 11 വിരകൾ!

പരിശോധനയ്ക്കിടെ കൺപോളകൾക്കും കൺഗോളങ്ങൾക്കുമിടയിലുള്ള ഭാഗത്ത് ചലിക്കുന്ന വെളുത്ത നിറത്തിലുള്ള വിരകളെ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് കണ്ണിൽ മരവിപ്പിക്കുന്ന മരുന്ന് നൽകിയശേഷം സൂക്ഷ്മമായ ഉപകരണങ്ങളുടെ സഹായത്തോടെ 11 പുഴുക്കളെയും ഡോക്ടർമാർ പുറത്തെടുത്തു. 11 മുതൽ 20 മില്ലിമീറ്റർ വരെ നീളമുള്ള ഇവയെ മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചപ്പോഴാണ് 'തെലാസിയ കാലിപ്പീഡ' (Thelazia callipaeda) എന്ന പരാദവർഗമാണെന്ന് തിരിച്ചറിഞ്ഞത്. വിരകളെ നീക്കം ചെയ്തതോടെ കർഷകന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. രണ്ടുമാസത്തെ തുടർപരിശോധനയിലും അണുബാധ ആവർത്തിച്ചില്ല. ഈ അപൂർവ ചികിത്സാനുഭവം ഒക്ടോബർ 24 -ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചത്.

Scroll to load tweet…

കണ്ണിനുള്ളിൽ വച്ച് പ്രത്യുൽപാദനവും!

സംഭവത്തെ കൂടുതൽ അസാധാരണമാക്കിയത്, ചില പെൺവിരകളുടെ ശരീരത്തിൽ ബീജസങ്കലനം ശേഷമുള്ള മുട്ടകളും ആദ്യഘട്ട ലാർവകളും കണ്ടെത്തിയതാണ്. അതായത് മനുഷ്യന്‍റെ കണ്ണിനുള്ളിൽവെച്ചുതന്നെ ഇവ പ്രത്യുൽപാദന ഘട്ടത്തിലെത്തിയിരുന്നെന്ന് ഡോക്ചർമാർ ചൂണ്ടിക്കാണിക്കുന്നു. മൃഗങ്ങളുടെ കണ്ണുനീരും സ്രവങ്ങളും ഭക്ഷിക്കുന്ന ഈച്ചകളിലൂടെയാണ് ഇത്തരം പരാദവിരകൾ മനുഷ്യരിലേക്ക് പകരുന്നത്. നായ്ക്കളും മറ്റ് മൃഗങ്ങളുമാണ് ഇത്തരം വിരകളുടെ പ്രധാന ആതിഥേയർ. കണ്ണിലെ അസ്വസ്ഥത, ചുവപ്പ്, ചൊറിച്ചിൽ, അമിതമായി കണ്ണുനീർ വരുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.