കുര്‍ദിഷ് ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബെഹ്‍റൂസ് ബൂചാനിക്ക് ഒടുവില്‍ അഭയമേകി ന്യൂസിലന്‍ഡ്. അദ്ദേഹത്തിന് സ്ഥിരമായി ന്യൂസിലന്‍ഡ് അഭയം നല്‍കുമെന്നാണ് അറിയുന്നത്. മാനൂസ് ദ്വീപിലെ തടവറയില്‍ കഴിഞ്ഞിരുന്ന അഭയാര്‍ത്ഥികളുടെ ശബ്‍ദമായിരുന്നു ബൂചാനി. അലച്ചിലുകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഇടയില്‍ ഇപ്പോള്‍ അദ്ദേഹത്തിന് ന്യൂസിലന്‍ഡില്‍ താമസിക്കാനുള്ള വിസ ലഭിച്ചിരിക്കുകയാണ്. 'ഒടുവില്‍ ഞാന്‍ സുരക്ഷിതനാണെന്ന തോന്നലുണ്ടായിരിക്കുന്നു, എനിക്കൊരു ഭാവിയുണ്ടെന്ന് തോന്നുന്നു' എന്നാണ് ഇതിനെക്കുറിച്ച് ബൂചാനി പ്രതികരിച്ചത്. 

തന്‍റെ ജന്മനാടായ ഇറാനിലെ കുർദിഷ് അന്വേഷണാത്മക പത്രപ്രവർത്തകനായിരുന്നു ബൂച്ചാനി. തയ്യാറാക്കിയ ചില റിപ്പോര്‍ട്ടുകളും അതുപോലെ കുർദിഷ് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നീക്കത്തെ പിന്തുണച്ചതിനുമാണ് 2013 -ൽ അദ്ദേഹത്തിന് ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്യേണ്ടി വന്നത്. 2013 ജൂലൈയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഓസ്‌ട്രേലിയൻ പ്രദേശമായ ക്രിസ്മസ് ദ്വീപിൽ എത്തി. എന്നാല്‍, അനധികൃതമായി വന്നുവെന്നതിനെ തുടര്‍ന്ന് 2013 ഓഗസ്റ്റ് 27 -ന് അദ്ദേഹത്തെ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്ന മാനുസ് ദ്വീപിലേക്ക് മാറ്റി. എന്നാല്‍ അവിടെ കൊടുംയാതനകളാണ് അനുഭവിക്കേണ്ടി വന്നത്. ബൂചാനിയുടെയും സഹതടവുകാരുടെയും ജീവിതത്തെ കുറിച്ച് പുറംലോകത്തിന് കൃത്യമായ വിവരം കിട്ടിയത് ബൂചാനി തന്നെ രചിച്ച ഒരു പുസ്‍തകത്തില്‍ നിന്നുമാണ്. 

'നോ ഫ്രണ്ട്സ് ബട്ട് മൗണ്ടന്‍സ്- റൈറ്റിങ്ങ് ഫ്രം മാനൂസ് പ്രിസന്‍' (No Friend But the Mountains: Writing from Manus Prison) എന്ന ആ നോവലിന് അന്ന് അരക്കോടി വില വരുന്ന പുരസ്‍കാരവും ലഭിക്കുകയുണ്ടായി. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പുരസ്‍കാരമായ വിക്ടോറിയന്‍ സാഹിത്യ പുരസ്‍കാരമാണ് നോവലിനെത്തേടിയെത്തിയത്. മൊബൈല്‍ ഫോണിലെഴുതിയ നോവല്‍ ഓരോ അധ്യായമായി പരിഭാഷകന് വാട്ട്സാപ്പില്‍ അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് തടവറയില്‍ നിന്നും പുറത്തിറങ്ങിയ ബൂചാനി ന്യൂസിലന്‍ഡിലെത്തി. എന്നാല്‍, ഇപ്പോഴാണ് അദ്ദേഹത്തിന് ന്യൂസിലന്‍ഡില്‍ തുടര്‍ന്നും കഴിയാനുള്ള വിസ ലഭിക്കുന്നത്. 

'ഭാവിയെക്കുറിച്ച് എന്തെങ്കിലും ഒരുറപ്പുണ്ടായിരിക്കുന്നു എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ആശ്വാസമായതുപോലെ തോന്നുന്നു. ഒടുവില്‍ ഞാന്‍ സുരക്ഷിതനാണെന്ന് തോന്നുന്നു' എന്നാണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ വെച്ച് ബൂചാനി ദ ഗാര്‍ഡിയനോട് പ്രതികരിച്ചത്. 'പക്ഷേ, എനിക്കിപ്പോഴും ആഘോഷിക്കാനാവുന്നില്ല. എന്‍റെ കൂടെയുണ്ടായിരുന്ന പലരും ഇപ്പോഴും സ്വാതന്ത്ര്യം കിട്ടാതെ ദുരിതമനുഭവിക്കുകയാണ്. പല അഭയാര്‍ത്ഥിക്യാമ്പുകളിലും അവരുണ്ട്. ഇനിയഥവാ അവര്‍ മോചിപ്പിക്കപ്പെട്ടാലും ഓസ്ട്രേലിയയുടെ നയം അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്' എന്നും ബൂചാനി പ്രതികരിച്ചു.  
 
അഭയത്തിനുവേണ്ടിയുള്ള ബൂചാനിയുടെ അപേക്ഷ ഒടുക്കം ന്യൂസിലന്‍ഡ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. 2013 -ലാണ് അദ്ദേഹം ഓസ്ട്രേലിയയിലെത്തിച്ചേരുന്നത്. പിന്നീട്, തടവറയിലും മറ്റുമായി നീണ്ട് ഏഴ് വര്‍ഷങ്ങളാണ് അനിശ്ചിതമായി കടന്നുപോയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒരു താല്‍ക്കാലിക വിസയില്‍ ബൂചാനി ന്യൂസിലന്‍ഡിലെത്തുന്നത്. എഴുത്തുകാരുടെ സംഗമത്തില്‍ പങ്കെടുക്കാനുള്ള അതിഥിയായിട്ടായിരുന്നു ഇത്. സുരക്ഷയ്ക്കുവേണ്ടി അവിടെയെത്തിയ ഉടനെ അഭ്യര്‍ത്ഥിച്ചിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തെ വര്‍ക്കിംഗ് വിസയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍, സ്ഥിരതാമസത്തിലേക്കുള്ള അപേക്ഷ അദ്ദേഹത്തിന് സമര്‍പ്പിക്കാനാവും. അവസാനം എന്നേക്കും കഴിയാനുള്ള ഇടമായി ന്യൂസിലന്‍ഡ് മാറുമെന്ന സന്തോഷത്തിലാണ് ബൂചാനി. 

പാപുവ ന്യൂ ഗിനിയ വിട്ടതുമുതല്‍ അദ്ദേഹം ക്രൈസ്റ്റ്ചര്‍ച്ചിലാണ് താമസിക്കുന്നത്. ന്യൂസിലന്‍ഡ് തനിക്കിഷ്‍ടമാണെന്നും ഈ മഹാമാരി സമയത്തും പൂക്കളും മറ്റും വാതിലിന് മുന്നില്‍ വച്ചിട്ട് പോകുന്നവരുണ്ടെന്നും പരസ്‍പരം വളരെയധികം കെയര്‍ ചെയ്യുന്ന ആളുകളാണ് ഇവിടുത്തേത് എന്നും ബൂചാനി പറയുന്നു. തനിക്കെതിരെ ചില രാഷ്‍ട്രീയക്കാര്‍ സംസാരിച്ചപ്പോള്‍ അതിനുപോലും അവിടുത്തുകാര്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു. തനിക്ക് ചേരുന്ന സ്ഥലമായിട്ടാണ് ന്യൂസിലന്‍ഡിനെ കാണുന്നതെന്നും അവിടെയാകെ ബൈക്കില്‍ ചുറ്റിസഞ്ചരിക്കാനിഷ്‍ടപ്പെടുന്നുവെന്നും വഴിയില്‍വെച്ച് ആളുകള്‍ കാണുകയും മിണ്ടാന്‍ വരികയും ചെയ്യാറുണ്ട് എന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം പള്ളിയിലുണ്ടായ അക്രമത്തിന്‍റെയടക്കം വേദനകള്‍ മനുഷ്യരുടെ ഉള്ളിലുണ്ടെങ്കിലും അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു. 

നിലവില്‍ ബൂചാനി വിവിധ യൂണിവേഴ്‍സിറ്റികളിലും മറ്റുമായി ജോലി ചെയ്യുന്നുണ്ട്. ഒപ്പം തന്നെ അദ്ദേഹത്തിന്‍റെ കഥകളുടെ സമാഹാരവും പണിപ്പുരയിലാണ്. ഇപ്പോഴും തന്‍റെ മനസില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന മനുഷ്യരുടെ വേദനകളുണ്ട്. അവിടെക്കഴിഞ്ഞ ആറ് വര്‍ഷം മറക്കാനാവുന്നതല്ല. ആ മനുഷ്യരെയും ആ കാലവും ഒരിക്കലും മറവിയിലേക്ക് മാഞ്ഞുപോവില്ല, അതിനെ അവഗണിക്കാനാവില്ല. അവര്‍ക്കുവേണ്ടി ശബ്ദിക്കും. -ബൂചാനി പറഞ്ഞു. 

പാപുവ ന്യൂ ഗിനിയയിലേക്ക് മടങ്ങില്ല, അനുഭവിച്ചത് കൊടും പീഡനം; ബെഹ്റൂസ് ബൂച്ചാനിക്ക് പറയാനുള്ളത്