'കർഷകൻ ആഡംബര കാർ വാങ്ങുമ്പോൾ' എന്ന ടൈറ്റിലോടുകൂടിയാണ് യൂട്യൂബിൽ വീഡിയോ ഷെയർ ചെയ്തത്. അതിൽ സഞ്ജു തന്റെ കാറുകൾ ഡെലിവറിക്കായി തയ്യാറാക്കാൻ തന്റെ ടീമിനോട് നിർദ്ദേശിക്കുന്നത് കാണാം.
ബെംഗളൂരുവിലെ ഒരു കർഷകൻ ആഡംബര കാർ വാങ്ങാൻ പോയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു കാളവണ്ടിയിൽ നഗരത്തിലൂടെ സഞ്ചരിച്ചാണ് ഇയാൾ ആഡംബര കാർ വാങ്ങാനായി പോകുന്നത്. എസ്എസ്ആർ സഞ്ജു വെറും കർഷകനല്ല, വ്യത്യസ്തമായ ജീവിതം കൊണ്ടും പണം കൊണ്ടുമൊക്കെ അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയാ താരം കൂടിയാണ്. ഇപ്പോൾ തന്നെ അനേകം ആഡംബരക്കാറുകൾ ഇയാളുടെ വീട്ടിലുണ്ടത്രെ. എന്തായാലും, ഇക്കൂട്ടത്തിൽ പുതിയ ഒന്നുകൂടി വാങ്ങിച്ചേർക്കാനായി പോയപ്പോഴാണ് അത് വേറിട്ടതാക്കാൻ വേണ്ടി ഇയാൾ കാളവണ്ടിയിൽ സഞ്ചരിച്ചത്.
'കർഷകൻ ആഡംബര കാർ വാങ്ങുമ്പോൾ' എന്ന ടൈറ്റിലോടുകൂടിയാണ് യൂട്യൂബിൽ വീഡിയോ ഷെയർ ചെയ്തത്. അതിൽ സഞ്ജു തന്റെ കാറുകൾ ഡെലിവറിക്കായി തയ്യാറാക്കാൻ തന്റെ ടീമിനോട് നിർദ്ദേശിക്കുന്നത് കാണാം. ഓഫീസിന് പുറത്ത് സഞ്ജുവിന്റെ ആകർഷകമായ ആഡംബരവാഹനങ്ങൾ അണിനിരന്നതായും കാണാം. അതിൽ പോർഷെ പനാമേര, ഫോർഡ് മസ്റ്റാങ്, മസെരാട്ടി ലെവാന്റെ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, ടൊയോട്ട ഫോർച്യൂണർ എന്നിവ ഉൾപ്പെടുന്നു.
ജീവനക്കാരും സെക്യൂരിറ്റി ടീമും ഈ വിവിധ കാറുകളിൽ കയറിയപ്പോൾ, സഞ്ജു അതിലൊന്നിൽ കയറിക്കാണുമെന്ന് എല്ലാവരും പ്രതീക്ഷിക്കുമെങ്കിലും അങ്ങനെയല്ല. അയാൾ അപ്പോഴും ഓഫീസിന്റെ അകത്ത് തന്നെയാണ് ഉള്ളത് എന്ന് കാണാം. പിന്നീട് സഞ്ജു പുറത്തേക്കിറങ്ങി തന്റെ വാഹനം റെഡിയാക്കാൻ പറയുന്നു. അത് ഏതെങ്കിലും ആഡംബരക്കാറാണ് എന്ന് കരുതുമെങ്കിലും തെറ്റി. അതൊരു കാളവണ്ടി ആയിരുന്നു. അതിലാണ് സഞ്ജുവിന്റെ യാത്ര. വെള്ള മുണ്ടും കുർത്തയുമാണ് സഞ്ജുവിന്റെ വേഷം. ഒപ്പം കഴുത്തിലും കയ്യിലുമെല്ലാം സ്വർണാഭരണങ്ങൾ ധരിച്ചിരിക്കുന്നതും കാണാം. പിന്നീട്, ഷോറൂമിലെത്തിയ സഞ്ജു ടൊയോട്ട വെൽഫയറുമായി മടങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്.
