ഈ ഡെപ്പോസിറ്റ് തുക ആളുകളെ ശരിക്കും അമ്പരപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഒരാൾ തമാശയായി കമന്റ് നൽകിയിരിക്കുന്നത്, 'വാടകയിൽ മാറ്റം വരുത്തിയാലും സെക്യൂരിറ്റി ഡെപ്പോസിറ്റിൽ മാറ്റം വരുത്താൻ പറ്റില്ല' എന്നാണ്.

ബെം​ഗളൂരുവിലെ വാടകവീടിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കേട്ട് അമ്പരന്ന് ഒരു കനേഡിയൻ‌ യുവാവ്. ഇന്ത്യയിൽ താമസിക്കുന്ന യുവാവിന്റെ പോസ്റ്റിന് താഴെ വലിയ ചർച്ചയാണ് നടക്കുന്നത്.

ഡോംലൂരിലെ ഡയമണ്ട് ഡിസ്ട്രിക്റ്റിൽ 3BHK അപ്പാർട്ട്മെന്റിന്റെ പ്രോപ്പർട്ടി ലിസ്റ്റിംഗാണ് കാലേബ് ഫ്രീസൻ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. 1.75 ലക്ഷമാണ് അപാർട്മെന്റിന്റെ വാടക. എന്നാൽ, അതിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എത്ര രൂപയാണ് എന്നോ? 19.25 ലക്ഷം.

'സെക്യൂരിറ്റി ഡെപ്പോസിറ്റായി 19 ലക്ഷം രൂപ! ഇതിക്കാലത്ത് വീട്ടുടമകൾ പ്രതീക്ഷിക്കുന്നത് വളരെ വിചിത്രം തന്നെ. ഈ ഡെപ്പോസിറ്റിനേക്കാൾ കുറഞ്ഞ വിലയ്ക്ക് എനിക്കൊരു പുതിയ മഹീന്ദ്ര ഥാർ തന്നെ വാങ്ങാനാവും. ഇന്ദിരാനഗറിലോ പരിസരത്തോ രണ്ടോ മൂന്നോ മാസത്തെ ഡെപ്പോസിറ്റ് മാത്രമുള്ള ഒരു വീട് ആർക്കെങ്കിലും അറിയാമോ? വാടക 80 മുതൽ 1 ലക്ഷം രൂപ വരെ നൽകാം' എന്നാണ് ഫ്രീസൻ തന്റെ പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ യുവാവിന്റെ പോസ്റ്റ് വൈറലാവുകയും പിന്നാലെ നിരവധി ചർച്ചകൾ തന്നെ സോഷ്യൽ മീഡിയയിൽ നടക്കുകയും ചെയ്തു. ഈ ഡെപ്പോസിറ്റ് തുക ആളുകളെ ശരിക്കും അമ്പരപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഒരാൾ തമാശയായി കമന്റ് നൽകിയിരിക്കുന്നത്, 'വാടകയിൽ മാറ്റം വരുത്തിയാലും സെക്യൂരിറ്റി ഡെപ്പോസിറ്റിൽ മാറ്റം വരുത്താൻ പറ്റില്ല' എന്നാണ്.

'ഈ തുകയുണ്ടെങ്കിൽ മറ്റെവിടെയെങ്കിലും ഒരു വീട് വാങ്ങാമല്ലോ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം മറ്റ് ചിലർ പറഞ്ഞത്, അവിടെ തന്നെ നോക്കാതെ വാടകയും സെക്യൂരിറ്റിയും കുറഞ്ഞ മറ്റേതെങ്കിലും പ്രദേശത്ത് ഒരു വീട് നോക്കൂ എന്നാണ്.

ഇന്ത്യയിലെ പ്രധാനന​ഗരങ്ങളിലെല്ലാം വാടക കുതിച്ചുയരുകയാണ്. മിക്കവാറും ഇതേക്കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.