അടുത്തിടെ ചെങ്കപ്പ ഒരു പുതിയ ടെസ്‌ല കാർ വാങ്ങി. ചുവപ്പ് നിറത്തിലുള്ള ആ വാഹനത്തിന് തന്റെ പ്രിയപ്പെട്ട രജിസ്ട്രേഷൻ നമ്പറും അയാൾ സ്വന്തമാക്കി. - KA01 F232.
പല മനുഷ്യരുടേയും ഉള്ളിലുള്ള ഒരു നൊസ്റ്റാൾജിയ ആയിരിക്കും അവരുടെ കുട്ടിക്കാലത്തോ കോളേജ് പഠന കാലത്തോ ഒക്കെ യാത്ര ചെയ്തിട്ടുള്ള, നാട്ടിൻപുറത്തൂടെയും മറ്റും ഓടുന്ന സാധാരണ ബസുകൾ. പലരും അക്കാലത്തെ വളരെ ഗൃഹാതുരത്വത്തോടെയാണ് ഓർക്കാറുള്ളത്. എന്നാൽ, ബംഗളൂരുവിൽ നിന്നുമുള്ള ഒരു ടെക്കി അതിലും കടന്ന കാര്യമാണ് ചെയ്തത്. തന്റെ ടെസ്ലയ്ക്ക് തന്റെ കുട്ടിക്കാല നൊസ്റ്റാൾജിയയായ ബസിന്റെ പേര് തന്നെ നൽകി.
ബെംഗളൂരുവിൽ നിന്നുള്ള ചെങ്കപ്പയും ആദിത്യയും 1990 -കളിൽ, തങ്ങളുടെ പ്രൈമറി സ്കൂൾ കാലഘട്ടത്തിൽ വിദ്യാരണ്യപുരയിൽ നിന്ന് യശ്വന്ത്പുരയിലേക്കുള്ള ബിഎംടിസി (ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) ബസിലായിരുന്നു സ്‌കൂളിലേക്കും തിരിച്ചും പോയിക്കൊണ്ടിരുന്നത്. ഇരുവരും മുന്നിലായി ഡ്രൈവർക്കരികിൽ തന്നെ സീറ്റും പിടിക്കും. പിന്നെ ഡ്രൈവറോട് സംസാരിക്കലാണ്. സ്കൂളിനെ കുറിച്ചടക്കം മിക്ക കാര്യങ്ങളും ഇരുവരും ഡ്രൈവറോട് സംസാരിക്കും. ഒപ്പം തന്നെ ഇരുവർക്കും ഒരുപാട് സംശയങ്ങളും ഉണ്ടാകും. അത് ബസുമായി ബന്ധപ്പെട്ടതായിരിക്കും. ഇതെങ്ങനെ പ്രവർത്തിക്കും അതെങ്ങനെ പ്രവർത്തിക്കും തുടർന്ന ചോദ്യങ്ങളാവും ഉണ്ടാവുക.
അതിനാൽ തന്നെ ഇരുവർക്കും ആ ബസും ആ കാലവും വളരെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതും ആയിരുന്നു. വർഷങ്ങൾ കടന്നുപോയി, ഇരുവരും വളർന്നു. ആദിത്യ ഇപ്പോൾ ജർമ്മനിയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ചെങ്കപ്പ അമേരിക്കയിലാണ്. പക്ഷേ, രണ്ടുപേരും തങ്ങളുടെ പ്രിയപ്പെട്ട ബാല്യകാലസുഹൃത്തായ ബസിനെ മറന്നിട്ടില്ലായിരുന്നു.
അതുപോലെ ബസിന്റെ ഡ്രൈവറായ കെ ധനപാലിനെ അവരിപ്പോഴും എന്നും വിളിക്കാറുണ്ട്.
മാത്രമല്ല, അടുത്തിടെ ചെങ്കപ്പ ഒരു പുതിയ ടെസ്‌ല കാർ വാങ്ങി. ചുവപ്പ് നിറത്തിലുള്ള ആ വാഹനത്തിന് തന്റെ പ്രിയപ്പെട്ട രജിസ്ട്രേഷൻ നമ്പറും അയാൾ സ്വന്തമാക്കി. - KA01 F232. അത് അവരുടെ പ്രിയപ്പെട്ട ബസിന്റെ നമ്പറായിരുന്നു. ആ ടെസ്ലയ്ക്ക് മുന്നിൽ നിന്നും വീഡിയോ പകർത്തി ചെങ്കപ്പ അത് ധനപാലിന് അയച്ചും കൊടുത്തു. ധനപാൽ ഇപ്പോൾ സർവീസിൽ നിന്നും വിരമിച്ചു. ആ ബസും ആ കാലവും തങ്ങൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ധനപാൽ എത്ര ക്ഷമയോടെയാണ് കുട്ടികളായ തങ്ങൾ പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്നത്. സന്തോഷത്തോടെയുള്ള റിട്ടയർമെന്റ് കാലം ആശംസിക്കുന്നു എന്നും ചെങ്കപ്പ പറഞ്ഞു.
ആ ബസ് കുട്ടികൾക്കെല്ലാം ഇഷ്ടമായിരുന്നു. എന്നാൽ, ചെങ്കപ്പയ്‍ക്കും ആദിത്യയ്ക്കും അത് വളരെ അധികം ഇഷ്ടമായിരുന്നു എന്നും ഈ വീഡിയോ കണ്ടപ്പോൾ തനിക്ക് സന്തോഷമായി എന്നും ധനപാൽ പറഞ്ഞു.
