'ഇന്ത്യയിൽ ജനിച്ചതിനാൽ ഞാൻ ഭാഗ്യവാനാണ്, പ്രത്യേകിച്ച് പല രാജ്യങ്ങളും സന്ദർശിച്ച ശേഷമാണ് ഇത് മനസിലായത്' എന്ന് മഹേഷ് റെഡ്ഡി പറയുന്നു.
ബെംഗളൂരുവിൽ നിന്നുള്ള ട്രേഡറും സോഫ്റ്റ്‍വെയർ ഡെവലപ്പറുമായ ഒരു യുവാവ് ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ കുറഞ്ഞ ശമ്പളത്തിന് വീട്ടുജോലിക്കാരെ കിട്ടുമെന്നും അത് വളരെ സൗകര്യപ്രദമായ ഒരു കാര്യമാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇന്ത്യയെ കുറിച്ചുള്ള ഒരു വംശീയമായ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു മഹേഷ് റെഡ്ഡി. അപ്പോഴാണ് കാശ് കുറച്ച് നൽകിയാൽ തന്നെ ജോലിക്ക് ആളെ കിട്ടും എന്നത് രാജ്യത്തിന്റെ മെച്ചമായി മഹേഷ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിൽ വീട്ടുജോലിക്കാർ തികച്ചും ന്യായമായ നിരക്കിൽ ലഭ്യമാണെന്നും, മാസം 3,000 രൂപയ്ക്കും 22,000 രൂപയ്ക്കും ഒരു വീട്ടുജോലിക്കാരിയെയോ ഡ്രൈവറെയോ നിയമിക്കാൻ സാധിക്കുമെന്നും റെഡ്ഡി പറഞ്ഞു.
'ഇന്ത്യയിൽ ജനിച്ചതിനാൽ ഞാൻ ഭാഗ്യവാനാണ്, പ്രത്യേകിച്ച് പല രാജ്യങ്ങളും സന്ദർശിച്ച ശേഷമാണ് ഇത് മനസിലായത്' എന്ന് മഹേഷ് റെഡ്ഡി പറയുന്നു. 'പ്രതിമാസം 35 ഡോളറിന് (ഏകദേശം 3000 രൂപ) ഒരു വേലക്കാരിയെയോ വീട്ടുജോലിക്കാരിയെയോ ലഭിക്കും. വിശ്രമമുറികൾ ഉൾപ്പെടെ എല്ലാ ക്ലീനിംഗ് ജോലികളും അവർ തന്നെ ചെയ്തോളും. പ്രതിമാസം 250 ഡോളറിന് (ഏകദേശം 22,000 രൂപ) ഒരു മുഴുവൻ സമയ ഡ്രൈവറെ നിയമിക്കാനും ഇന്ത്യയിൽ തനിക്ക് കഴിയും' എന്നാണ് മഹേഷ് പോസ്റ്റിൽ പറയുന്നത്.
എന്നാൽ, പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ വലിയ വിമർശനവും ചർച്ചയും ഇതുമായി ബന്ധപ്പെട്ട് ഉയരുകയായിരുന്നു. ഇതിന്റെ അർത്ഥം ഇന്ത്യയിൽ ജോലിക്കാരുടെ ശമ്പളം എത്ര കുറവാണ് എന്നതാണ് എന്ന് മനസിലാക്കാൻ മാത്രം ബോധം നിങ്ങൾക്കില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഒപ്പം സാധാരണക്കാരായ ജനങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം സാമ്പത്തികമായ ചൂഷണങ്ങളെ കുറിച്ചും പലരും കമന്റുകളിൽ പരാമർശിച്ചു.


