ഈ സംഭവം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചുകൊണ്ട് സംഭവി കുറിച്ചത് ഇങ്ങനെയായിരുന്നു; 'ലോകം അത്ര മോശമല്ല എന്ന ഓർമ്മപ്പെടുത്തലാണ് ഇത്'.
യാത്രയ്ക്കിടയിൽ മറന്നുപോയ ഇയർഫോൺ തിരികെ നൽകാൻ പ്രത്യേക ശ്രമം നടത്തിയ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് യുവതി പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ബംഗളൂരുവിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ളതാണ് ഈ ഹൃദയസ്പർശിയായ പോസ്റ്റ്.
യാത്രക്കാരിയായ സംഭവി ശ്രീവാസ്തവ ഇന്ദിരാനഗറിൽ വെച്ച് റാപ്പിഡോയിൽ ഒരു റൈഡ് ബുക്ക് ചെയ്തു. ലക്ഷ്യസ്ഥാനത്തെത്തിയ ഇവർ വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ തന്റെ ഇയർഫോൺ വാഹനത്തിനുള്ളിൽ മറന്നുവെച്ചു. തന്റെ ഇയർഫോൺ നഷ്ടപ്പെട്ടു എന്നു കരുതി നിരാശയിൽ നിന്ന സംഭവിയുടെ ഫോണിലേക്ക് അപ്പോൾ ഗൂഗിൾ പേ വഴി ഒരു സന്ദേശം ലഭിച്ചു. അവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറായ ജഹറുൾ ആയിരുന്നു അത്. വാഹനത്തിനുള്ളിൽ നിന്നും തനിക്ക് ഇയർഫോൺ കിട്ടിയെന്നും അത് സുരക്ഷിതമായി തന്റെ കയ്യിൽ ഉണ്ടെന്നും ആയിരുന്നു അദ്ദേഹത്തിൻ്റെ സന്ദേശം. എപ്പോൾ അത് തിരികെ വാങ്ങിക്കാൻ കഴിയും എന്നും അദ്ദേഹം ചോദിച്ചിരുന്നു. പിന്നീട് സംഭവി നേരിട്ട് പോയി ഇയർഫോൺ തിരികെ വാങ്ങി.
ഈ സംഭവം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചുകൊണ്ട് സംഭവി കുറിച്ചത് ഇങ്ങനെയായിരുന്നു; 'ലോകം അത്ര മോശമല്ല എന്ന ഓർമ്മപ്പെടുത്തലാണ് ഇത്'. ഇത്രയേറെ ബുദ്ധിമുട്ടി തന്നെ കണ്ടെത്തി ഇയർഫോൺ തരേണ്ട യാതൊരു കാര്യവും ഓട്ടോറിക്ഷ ഡ്രൈവർക്ക് ഇല്ലായിരുന്നുവെന്നും എന്നിട്ടും അദ്ദേഹം അത് ചെയ്തത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു. യുവതിയുടെ പോസ്റ്റിന് മറുപടിയായി റാപ്പിഡോ, ജഹറുളിന്റെ സത്യസന്ധതയെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ഈ നല്ല പ്രവൃത്തിക്ക് അംഗീകാരവും പാരിതോഷികവും നൽകാൻ തീരുമാനിച്ചതായും അറിയിച്ചു.


