ഭ​ഗത്തിന്റെ മകൾ പറയുന്നത്, തങ്ങളുടെ കുടുംബത്തിന്റെ ജീവിതം ഒന്നുകൂടി എളുപ്പമാക്കാൻ ഈ സ്കൂട്ടറിന് കഴിയും എന്നാണ്.

ചിലപ്പോൾ മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനും അവരുടെ ആ​ഗ്രഹം സാധിച്ചു കൊടുക്കാനും ഏതറ്റം വരെ പോകാനും ചില അച്ഛനമ്മമാർ തയ്യാറാവാറുണ്ട്. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നത്. കേസരപത് ഗ്രാമത്തിലെ ബജ്‍റംഗ് റാം ഭഗത് എന്ന കർഷകൻ ഏഴ് മാസത്തോളം 10 രൂപാ നാണയം കൂട്ടിക്കൂട്ടിവച്ച് 40,000 രൂപയുണ്ടാക്കി. അതോടൊപ്പം ബാക്കി പണം കൂടി ചേർത്ത് തന്റെ മകൾക്ക് ഒരു ഹോണ്ട ആക്ടിവ സ്കൂട്ടർ വാങ്ങിക്കൊടുക്കുകയും ചെയ്യുകയായിരുന്നു.

98,700 രൂപയാണ് മകൾക്ക് സ്കൂട്ടർ വാങ്ങാനായി ഭ​ഗത് സ്വരുക്കൂട്ടിയത്. അതിൽ 40,000 രൂപയും പത്തുരൂപയുടെ നാണയങ്ങളായിരുന്നു. ഒടുവിൽ സ്കൂട്ടർ വാങ്ങാനുള്ള പണമായി എന്ന് ഉറപ്പായപ്പോൾ ആ പണവും കൊണ്ട് അദ്ദേഹം ജഷ്പൂരിലെ ഒരു സ്കൂട്ടർ ഷോറൂമിലെത്തി. ലോൺ എടുക്കുന്നതിന് പകരം മുഴുവൻ പണവും കൊടുത്ത് മകൾക്കായി സ്കൂട്ടർ വാങ്ങാനാണ് താൻ തീരുമാനിച്ചത് എന്നാണ് ഭ​ഗത് പറയുന്നത്. നാണയങ്ങൾ എണ്ണാൻ ഏകദേശം മൂന്ന് മണിക്കൂർ എടുത്തതായി ഷോറൂം ഉടമയായ ആനന്ദ് ഗുപ്ത പറഞ്ഞു. ഇടപാട് പൂർത്തിയാക്കി പിന്നീട് ഇവർക്ക് പുതിയ സ്കൂട്ടറിന്റെ താക്കോൽ കൈമാറി. മാത്രമല്ല, ഫെസ്റ്റിവ് ലക്കി ഡ്രോ ഓഫറിലൂടെ ഇവർക്ക് ഒരു മിക്സിയും സമ്മാനമായി കിട്ടിയത്രെ.

Scroll to load tweet…

ഭ​ഗത്തിന്റെ മകൾ പറയുന്നത്, തങ്ങളുടെ കുടുംബത്തിന്റെ ജീവിതം ഒന്നുകൂടി എളുപ്പമാക്കാൻ ഈ സ്കൂട്ടറിന് കഴിയും എന്നാണ്. ബികോം വിദ്യാർത്ഥിനിയാണവൾ. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിത വീട്ടിലാണ് ഭ​ഗത്തിന്റെ കുടുംബം താമസിക്കുന്നത്. അതേസമയം, 10 രൂപാ നാണയം കൊടുത്ത് സ്കൂട്ടർ വാങ്ങുന്ന ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനും ത്യാ​ഗത്തിനും പകരം വയ്ക്കാൻ മറ്റൊന്നില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്.