ബെംഗളൂരുവിൽ ക്യാബ് ബുക്ക് ചെയ്ത യാത്രക്കാരന് ഡ്രൈവറിൽ നിന്ന് ലഭിച്ച രൂക്ഷമായ മറുപടി വൈറല്‍. 'നിങ്ങൾ വരുന്നുണ്ടോ' എന്ന ചോദ്യത്തിന് ഇത് വിമാനമല്ല എന്നായിരുന്നു ഡ്രൈവറുടെ മറുപടി. കുറച്ചുകഴിഞ്ഞപ്പോള്‍ റൈഡ് കാന്‍സല്‍ ചെയ്യുകയും ചെയ്തു. 

ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്ന ബെംഗളൂരു നഗരത്തിൽ യാത്രയ്ക്ക് നിരവധി പേർ ഇപ്പോൾ ക്യാബുകളെയാണ് ആശ്രയിക്കുന്നത്. ബുക്ക് ചെയ്തു മിനിറ്റുകൾക്കുള്ളിൽ ക്യാബുകൾ പറന്നെത്തും. എന്നാൽ, ഇത്തരത്തിലുള്ള ക്യാബുകളിലെ ഡ്രൈവർമാരുടെ മോശം പെരുമാറ്റങ്ങൾ പലപ്പോഴും വാർത്തയാകാറുമുണ്ട്. അടുത്തിടെ നടന്ന ഒരു ക്യാബ് ബുക്കിങ്ങിനു ശേഷം യാത്രക്കാരനും ഡ്രൈവറുമായി നടന്ന സംഭാഷണമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.

ക്യാബ് ബുക്ക് ചെയ്ത ശേഷം യാത്ര ഉറപ്പാക്കാൻ യാത്രക്കാരൻ ഡ്രൈവർക്ക് നിങ്ങൾ വരുന്നുണ്ടോ എന്ന് മെസ്സേജ് അയച്ചു. ഇത് വിമാനമല്ല എന്ന ഡ്രൈവറുടെ രൂക്ഷമായ ഭാഷയിലുള്ള മറുപടി ഉടൻ വന്നു. കുറച്ച് നിമിഷങ്ങൾക്കകം ഡ്രൈവർ ബുക്കിംഗ് റദ്ദാക്കുകയും ചെയ്തു. യാത്രക്കാരൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഈ സംഭാഷണം വളരെ വേഗം വൈറലാകാൻ മറ്റൊരു കാരണമുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സമാന അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പലരും കമന്റുകളിൽ കുറിച്ചു. ഒരാൾ ഇങ്ങനെ എഴുതി, "ഞാൻ ഊബർ ഡ്രൈവറെ വിളിച്ചു. അദ്ദേഹം കടുപ്പത്തിൽ പറഞ്ഞത്, ഞാൻ വരുന്നുണ്ട് ഇത് ഹെലികോപ്റ്റർ അല്ല എന്നായിരുന്നു".

എന്നാൽ, ഈ സംഭാഷണം ഒരു തമാശയായി ആസ്വദിക്കാനായിരുന്നു ചിലരുടെ ഉപദേശം. ഡ്രൈവർമാരുടെ സമ്മർദ്ദ സാഹചര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. പലരും രണ്ടും മൂന്നും ആപ്പുകളിൽ ക്യാബുകൾ ബുക്ക് ചെയ്യുകയും അവയിലൊന്ന് എത്തുമ്പോൾ മറ്റുള്ളവ റദ്ദാക്കുകയും ചെയ്യുന്നു. തിരക്കേറിയ നഗരത്തിലെ കനത്ത ട്രാഫിക്കും നീണ്ട കാത്തിരിപ്പും ആവർത്തിച്ചുള്ള റദ്ദാക്കലുകളും അഭിമുഖീകരിക്കുന്ന ഡ്രൈവർമാർ സഹാനുഭൂതി അർഹിക്കുന്നുണ്ടെന്ന് പലരും ഓർമ്മിപ്പിച്ചു. എന്തായാലും ഈ സംഭവം ബെംഗളൂരുവിലെ ക്യാബ് ഡ്രൈവർമാരും യാത്രക്കാരും നേരിടുന്ന പ്രതിസന്ധികളുളെയും സമ്മർദ്ദങ്ങളെയും കുറിച്ച് ചർച്ച ഉയരാൻ കാരണമായി തീർന്നു.