ഒന്നര വർഷത്തെ തൊഴിലില്ലായ്മയ്ക്കു ശേഷം ടാക്സി ഡ്രൈവറായി മാറിയ യുവാവിൻ്റെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 16 മണിക്കൂർ ജോലി ചെയ്തിട്ടും തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്നതിനെക്കുറിച്ചാണ് യുവാവ് പറയുന്നത്.
ഒന്നര വർഷമായി ജോലിയില്ലാതെ അലഞ്ഞു. പിന്നാലെ, ടാക്സിയോടിക്കാൻ തുടങ്ങിയ ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. റെഡ്ഡിറ്റ് പോസ്റ്റിലാണ് ഒരു ദിവസം എത്ര വരുമാനം ലഭിക്കും എന്നതിനെ കുറിച്ചും, ചെലവിനെ കുറിച്ചും, എത്ര മണിക്കൂർ ജോലി ചെയ്യും എന്നതിനെ കുറിച്ചുമെല്ലാം യുവാവ് വിശദീകരിച്ചിരിക്കുന്നത്. ഒരു ദിവസം 16 മണിക്കൂർ വരെ ജോലി ചെയ്യുമെന്നും യുവാവ് തന്റെ പോസ്റ്റിൽ പറയുന്നു. താൻ ബിസിനസുകൾ നടത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിനെ കുറിച്ചും ജോലി തേടാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടതിനെ കുറിച്ചുമെല്ലാം യുവാവ് വിശദീകരിക്കുന്നു.
ആവർത്തിച്ചുള്ള ഈ തിരിച്ചടികൾക്ക് പിന്നാലെ ലോണും, ക്രെഡിറ്റ് കാർഡും എല്ലാം കടത്തിലായി. 'ഒന്നര വർഷമായി ജോലിയില്ല, ബിസിനസ്സ് പരീക്ഷിച്ച് കൈ പൊള്ളിച്ചു, വായ്പ, സിസി കടങ്ങൾ എന്നിവയിലെല്ലാം കുടുങ്ങി. ജോലി അന്വേഷിച്ച് വീണ്ടും കഷ്ടപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല. പ്രതിദിനം 1500 രൂപയ്ക്ക് ഒരു ടാക്സി കാർ വാടകയ്‌ക്കെടുത്ത് കഴിഞ്ഞ മാസം മുതൽ അതോടിക്കാൻ തുടങ്ങി' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
ഊബറും റാപ്പിഡോയും ഓടിക്കുന്നുണ്ട്, അല്ലാതെയും ടാക്സി ഓടുന്നു. ഒരു ദിവസം 16 മണിക്കൂർ ടാക്സിയോടിക്കും. 4000 രൂപയാണ് കിട്ടുന്നത്. അതിൽ 1500 രൂപ ടാക്സിയുടെ വാടക തന്നെ വരും. 1200 രൂപ സിഎൻജിക്ക് പോകും. ഭക്ഷണത്തിനും വെള്ളത്തിനുമായി 200 രൂപയാകും. എല്ലാം കഴിഞ്ഞ് 1000 രൂപയൊക്കെയാണ് വീട്ടിലേക്ക് കൊണ്ടുപോകാനാവുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിൽ ഇത് വലിയ പ്രയാസമാണ് എന്നാണ് യുവാവ് പറയുന്നത്. വളരെ കുറച്ചാണ് ഉറക്കം കിട്ടുന്നത്. ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. സോഷ്യൽ മീഡിയയിൽ ഒന്നും കയറാനേ പറ്റാറില്ല എന്നും യുവാവ് പറയുന്നു.
ഡ്രൈവർമാരുടെ ജീവിതം വലിയ കഷ്ടമാണ് എന്നും ഇത്തരം തൊഴിലെടുക്കാൻ നിർബന്ധിതരാവുകയാണ് എന്നുമാണ് യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. യുവാവ് അടക്കമുള്ള ഡ്രൈവർമാരോട് സഹതാപമറിയിച്ചുകൊണ്ടാണ് പലരും പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.
