താനടയ്ക്കുന്ന രണ്ടുതരം ടാക്സുകൾ നല്ല റോഡുകളും സൗകര്യങ്ങളും നിർമ്മിക്കാൻ ഉള്ളതാണ്. എന്നാൽ, ആ പണം എങ്ങോട്ടോ ആണ് പോകുന്നത്.
ബെംഗളൂരുവിലെ ട്രാഫിക്കിനെ കുറിച്ച് എന്നും പരാതികളാണ്. ബ്ലോക്കിൽ മണിക്കൂറുകൾ വരെ ചിലവഴിക്കേണ്ടി വരുന്നവരും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട അനേകം പോസ്റ്റുകളാണ് ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറ്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന ഈ പോസ്റ്റിൽ പറയുന്നത്, എത്ര മണിക്കൂറുകളാണ് ഇത് നമ്മുടെ ജീവിതത്തിൽ നിന്നും എടുക്കുന്നത് എന്നാണ്. കമന്റിൽ പലരും ഇത് ഒരുതരത്തിൽ ഒളിച്ചുവച്ചിരിക്കുന്ന നികുതി പോലെ തന്നെയാണ് എന്നാണ് പറയുന്നത്.
ജെ.പി. നഗറിൽ താമസിക്കുന്ന ടെക്കിയാണ് റെഡ്ഡിറ്റിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നഗരത്തിലെ ദിവസേനയുള്ള യാത്രകളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിശദമായി പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. പ്രതിവർഷം 28 ലക്ഷം രൂപ താൻ സമ്പാദിക്കുന്നുണ്ട്, 6.5 ലക്ഷം ആദായനികുതിയും, 1.4 ലക്ഷം ജി.എസ്.ടി.യും നൽകുന്നുണ്ട്, ഇത് ഓരോ വർഷവും മൂന്ന് മാസത്തിലധികം ജോലി ചെയ്യുന്നതിന് തുല്യമാണ്.
എന്നിരുന്നാലും, ചെലവ് അവിടെയും അവസാനിക്കുന്നില്ല. ഔട്ടർ റിംഗ് റോഡിലാണ് തന്റെ ഓഫീസ്, വീട്ടിൽ നിന്ന് വെറും 14 കിലോമീറ്റർ ദൂരമേയുള്ളൂ, 30 മിനിറ്റ് കൊണ്ട് സഞ്ചരിച്ചെത്താവുന്ന ദൂരം. എന്നാൽ, ട്രാഫിക്കിൽ ഒരുഭാഗത്തേക്ക് മാത്രം 90 മിനിറ്റ് എടുക്കും. വർഷത്തിൽ ഏകദേശം രണ്ടരമാസത്തിന് തുല്ല്യമായ തന്റെ ക്രിയാത്മകമായ സമയമാണ് താൻ ട്രാഫിക്കിൽ കളയുന്നത് എന്നാണ് യുവാവ് പറയുന്നത്.
താനടയ്ക്കുന്ന രണ്ടുതരം ടാക്സുകൾ നല്ല റോഡുകളും സൗകര്യങ്ങളും നിർമ്മിക്കാൻ ഉള്ളതാണ്. എന്നാൽ, ആ പണം എങ്ങോട്ടോ ആണ് പോകുന്നത്. ഇപ്പോഴും നമ്മൾ ഒളിച്ചുവച്ചിരിക്കുന്ന ഏതോ ടാക്സ് കൊടുത്തുകൊണ്ടിരിക്കുകയാണ് എന്നും പോസ്റ്റിൽ പറയുന്നു. നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. യുവാവ് പറഞ്ഞത് സത്യം തന്നെ എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം.


