‘ഒരുമാസം താൻ 60,000 രൂപ സമ്പാദിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആ ജോലി താൻ ഉപേക്ഷിച്ചു. ജോലി എളുപ്പമായിരുന്നു. പക്ഷേ, അത് രാത്രി ഷിഫ്റ്റായിരുന്നു, ഓരോ മൂന്ന് ദിവസം കൂടുമ്പോഴും എനിക്ക് തലവേദന, അസിഡിറ്റി, ലോ ബിപി, ആങ്സൈറ്റി എന്നിവ അനുഭവപ്പെടുമായിരുന്നു.’

ആരോ​ഗ്യമുള്ള ശരീരവും മനസുമാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് പറയാറുണ്ട്. ഇപ്പോഴിതാ തന്റെ ആരോ​ഗ്യത്തെ മുൻനിർത്തി വലിയ തുക ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സോഷ്യൽ മീഡിയയിൽ ഒരു യുവതി. ഉപാസന എന്ന യുവതിയാണ് എന്തുകൊണ്ട് താൻ ഈ കോർപറേറ്റ് ജോലി ഉപേക്ഷിച്ചു എന്നതിനെ കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയിൽ പറയുന്നത്.

'ഒരുമാസം താൻ 60,000 രൂപ സമ്പാദിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആ ജോലി താൻ ഉപേക്ഷിച്ചു. ജോലി എളുപ്പമായിരുന്നു. പക്ഷേ, അത് രാത്രി ഷിഫ്റ്റായിരുന്നു, ഓരോ മൂന്ന് ദിവസം കൂടുമ്പോഴും എനിക്ക് തലവേദന, അസിഡിറ്റി, ലോ ബിപി, ആങ്സൈറ്റി എന്നിവ അനുഭവപ്പെടുമായിരുന്നു. 22 വയസാകുമ്പോഴേക്കും സാമ്പത്തികമായി ഞാൻ സുരക്ഷിതത്വം നേടി. പക്ഷേ, ആരോ​ഗ്യം വേണോ അതോ ഈ പണം വേണോ എന്ന് എനിക്ക് ചിന്തിക്കേണ്ടിയിരുന്നു. പണം താൽക്കാലികമാണെന്ന് ആളുകൾ പലപ്പോഴും പറയാറുണ്ട്, അത് വരും പോകും, ​​പക്ഷേ ശരീരം തകർന്നാൽ, പണമോ നിങ്ങളോ ഒന്നും തന്നെ അവിടെ കാര്യമല്ലാതെ വരും. അതിനാൽ ഞാൻ തിരഞ്ഞെടുത്തത് എന്റെ ആരോ​ഗ്യമാണ്. ഞാൻ, വീണ്ടും തുടങ്ങാൻ തന്നെ തീരുമാനിച്ചു. ഇനി മുന്നോട്ട് എന്താണ് ഉള്ളത് എന്ന് എനിക്ക് അറിയില്ല, പക്ഷേ എന്റെയാ തിരിച്ചുവരവ് എങ്ങനെയാണ് എന്ന് നോക്കാം' എന്നാണ് ഉപാസന തന്റെ വീഡിയോയിൽ പറയുന്നത്.

View post on Instagram

'ജീവിതത്തിന്റെ പ്രവചനാതീതത' എന്ന് പറഞ്ഞുകൊണ്ടാണ് ഉപാസന വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. സാമ്പത്തികസുരക്ഷയ്ക്കും അപ്പുറമായി സമാധാനം തിരഞ്ഞെടുക്കണമെങ്കിൽ വലിയ ധൈര്യം തന്നെ വേണം എന്നാണ് ഒരാൾ കമന്റ് നൽകിയത്. ഈ തീരുമാനമെടുത്തതിന് അനേകങ്ങൾ യുവതിയെ അഭിനന്ദിക്കുകയും ചെയ്തു.