ബെംഗളൂരുവിലെ ഫോറം സൗത്ത് മാളിലുള്ള സാറ വസ്ത്രശാലയിൽ മോഷണക്കുറ്റം ആരോപിച്ച് ജീവനക്കാർ തന്നെ വസ്ത്രം അഴിക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. സുരക്ഷാ അലാറം തകരാറിലായതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും യുവതി വ്യക്തമാക്കി.

സുരക്ഷാ അലാറം പ്രവർത്തിച്ചതിന് പിന്നാലെ മോഷണക്കുറ്റം സംശയിച്ച് വസ്ത്രം അഴിക്കാൻ ജീവനക്കാർ നിർബന്ധിച്ചെന്ന് ബെംഗളൂരുവിലെ യുവതിയുടെ ആരോപണം. ഫോറം സൗത്ത് മാളിലെ സാറ (Zara) വസ്ത്രശാലയിൽ നടന്ന സംഭവത്തെക്കുറിച്ച് യുവതി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലായി.

ഏറ്റവും വലിയ അപമാനം

‘ബെംഗളൂരു സാറയിൽ മോഷണക്കുറ്റം തെറ്റായി ആരോപിച്ച് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു’ എന്ന തലക്കെട്ടിലാണ് യുവതി തന്‍റെ അനുഭവം പങ്കുവെച്ചത്. ജീവിതത്തിൽ നേരിട്ട ഏറ്റവും അപമാനകരമായ അനുഭവങ്ങളിലൊന്നാണിതെന്ന് യുവതി കുറിച്ചു. വസ്ത്രങ്ങൾ പരീക്ഷിച്ച് നോക്കിയ ശേഷം കടയിൽനിന്ന് പുറത്തേക്കിറങ്ങുന്നതിനിടെയാണ് സുരക്ഷാ അലാറം പ്രവർത്തിച്ചതെന്ന് യുവതി പറയുന്നു. പണം നൽകാത്ത വസ്ത്രം, ധരിച്ച വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് ജീവനക്കാർ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഷർട്ടും പാന്‍റും ഊരാൻ ആവശ്യപ്പെട്ടു

വനിതാ ജീവനക്കാരി തന്നെ ട്രയൽ റൂമിലേക്ക് കൊണ്ടുപോയി ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ ആരോപണം. ഒടുവിൽ സമ്മർദത്തെത്തുടർന്ന് ഷർട്ട് അഴിച്ചെങ്കിലും പാന്‍റും അഴിക്കാൻ ജീവനക്കാരി ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. ഇതിന് വിസമ്മതിച്ചെങ്കിലും അവർ നിർബന്ധം തുടർന്നതായും ഇതിനിടെ ജീവനക്കാരി തന്‍റെ ശരീരത്തിൽ സ്പർശിച്ചതായും യുവതി ആരോപിച്ചു. സ്വകാര്യ വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും കുറിപ്പിൽ വ്യക്തമാക്കി.

ഒന്നും കണ്ടെത്തിയില്ല

ഇത്രയേറെ അപമാനകരമായ പരിശോധന നടത്തിയിട്ടും മോഷ്ടിച്ചെന്ന് സംശയിച്ച വസ്ത്രം യുവതിയുടെ പക്കൽനിന്ന് കണ്ടെത്താനായില്ലെന്നാണ് ആരോപണം. സുരക്ഷാ അലാറം തകരാറുമൂലമാണ് പ്രവർത്തിച്ചതെന്ന് പിന്നീട് ജീവനക്കാർ അറിയിച്ചതായും യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് കടയുടെ മാനേജരോട് പരാതിപ്പെട്ടപ്പോൾ ജീവനക്കാർ നടപടിക്രമങ്ങൾ ലംഘിച്ചതായി ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അവരെ ന്യായീകരിക്കാൻ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു. സംഭവത്തിൽ കൂടുതൽ പരാതി നൽകുന്നത് ജീവനക്കാരുടെ തൊഴിൽഭാവിയെ ബാധിക്കുമെന്നതിനാൽ സാറ അധികൃതരെയോ മറ്റുള്ളവരെയോ സമീപിക്കരുതെന്ന് മാനേജർ ആവശ്യപ്പെട്ടതായും യുവതി കുറിച്ചു.

നിയമനടപടി വേണമെന്ന്

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സാറാ അധികൃതരുടെ ഭാ​ഗത്ത് നിന്നും ഇതുവരെയും ഔദ്യോ​ഗിക വിശദീകരണം വന്നിട്ടില്ല. യുവതിയുടെ കുറിപ്പിന് പിന്നാലെ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെടുന്നതിന് മുമ്പ് പരാതി നൽകണമെന്നും ചിലർ നിർദേശിച്ചു. ബ്രാൻഡിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഔദ്യോഗിക വിശദീകരണവും മാപ്പും ആവശ്യപ്പെടണമെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു.