കുട്ടിയുടെ അമ്മ തന്നെയാണ് കുട്ടി ചോദ്യങ്ങൾക്ക് എഴുതിയിരിക്കുന്ന ഉത്തരങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
കുട്ടികൾ നമ്മൾ ചിന്തിക്കുന്നത് പോലെയല്ല ചിന്തിക്കുക. അതിനാൽ തന്നെ പല ചോദ്യങ്ങൾക്കും നമ്മുടെ കയ്യിലുള്ള ഉത്തരമായിരിക്കില്ല അവരുടെ കയ്യിലുണ്ടാവുക. നമ്മൾ തന്നെ കുട്ടികളായിരിക്കുമ്പോൾ ഇന്ന് ഓർക്കുമ്പോൾ ചിരി വരുന്ന പല ഉത്തരങ്ങളും പല ചോദ്യങ്ങൾക്കും എഴുതിക്കാണും അല്ലേ? അതുപോലെ ഒരു ഒമ്പത് വയസുകാരൻ തന്റെ ഹോംവർക്കിലെ ചോദ്യങ്ങൾക്ക് നൽകിയിരിക്കുന്ന ഉത്തരങ്ങളാണ് ഇപ്പോൾ എല്ലാവരെയും ചിരിപ്പിക്കുന്നത്. ഇത് ബ്ലിങ്കിറ്റിന് കിട്ടാവുന്ന ഏറ്റവും നല്ല പരസ്യമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിച്ചത്.
കുട്ടിയുടെ അമ്മ തന്നെയാണ് കുട്ടി ചോദ്യങ്ങൾക്ക് എഴുതിയിരിക്കുന്ന ഉത്തരങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒൻപത് വയസുകാരനായ ദക്ഷിന് സ്കൂളിൽ നിന്നും ഒരു അസൈൻമെന്റ് കിട്ടി. അത് ഇതായിരുന്നു, വീട്ടിൽ വാങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങളും അവ എവിടെ നിന്നാണ് വരുന്നത് എന്നും പട്ടികപ്പെടുത്തുക. മിക്ക ചോദ്യങ്ങൾക്കും അവൻ നല്ല കൃത്യമായും വ്യക്തതമായും ഉത്തരം നൽകി. എന്നാൽ, അത് അങ്ങനെ ആരും പ്രതീക്ഷിക്കുന്ന ഉത്തരമായിരുന്നില്ല, അതാണ് ആളുകളെ ചിരിപ്പിച്ചതും.
പഴങ്ങൾ, പച്ചക്കറികൾ, അരി, ബ്രെഡ്, പഞ്ചസാര, ഗോതമ്പ്, പാൽ, എണ്ണ തുടങ്ങിയ പലചരക്ക് സാധനങ്ങൾ ഒക്കെയും എവിടെ നിന്നും കിട്ടുന്നു എന്ന ചോദ്യത്തിന് ദക്ഷിന് ഒറ്റ ഉത്തരമായിരുന്നു. 'ബ്ലിങ്കിറ്റ്' എന്നാണ് അവൻ എല്ലാത്തിനും ഉത്തരം നൽകിയത്. മാംസം എവിടെ നിന്നാണ് കിട്ടുന്നത് എന്ന ചോദ്യത്തിന് 'ലിഷ്യസ്' എന്നാണ് ഉത്തരം എഴുതിയിരിക്കുന്നത്.
എന്തായാലും, ദക്ഷിന്റെ അമ്മ തന്നെ മകൻറെ ഈ രസകരമായ ഉത്തരങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയെ ഇത് ചിരിപ്പിക്കുകയും ചെയ്തു. 'ബ്ലിങ്കിറ്റിന് ഇതിനും നല്ല പരസ്യം വേറെ കിട്ടാനുണ്ടോ' എന്നാണ് പലരും ചോദിച്ചത്.


