Asianet News MalayalamAsianet News Malayalam

200 കോടിയുടെ സ്വത്തുപേക്ഷിച്ചു, സന്യാസജീവിതം നയിക്കാൻ ബിസിനസുകാരനും ഭാര്യയും 

ഇവരുടെ 16 വയസ്സുള്ള മകനും 19 വയസ്സുള്ള മകളും 2022 -ൽ സന്യാസിമാരാകാൻ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ദമ്പതികളുടെയും തീരുമാനം. 

Bhavesh Bhai Bhandari Gujarat businessman and wife donate 200 crore to become monks
Author
First Published Apr 15, 2024, 1:58 PM IST

200 കോടി രൂപയുടെ സ്വത്തുക്കളുപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ ബിസിനസുകാരനും ഭാര്യയും. ഗുജറാത്തിലെ സബർകാന്ത മേഖലയിലെ ഹിമ്മത്‌നഗറിൽ താമസിക്കുന്ന ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയുമാണ് ലൗകികജീവിതവും അതിന്റെ സുഖസൗകര്യങ്ങളും എല്ലാം ഉപേക്ഷിച്ചുകൊണ്ട് സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

സോഷ്യൽ മീഡിയയിയിൽ അടക്കം ഇരുവരും ചർച്ചാവിഷയമായിത്തീർന്നിരിക്കുകയാണ്. പലരും അവിശ്വസനീയതോടെയാണ് ഇക്കാര്യം കേട്ടത്. ഇത് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു എന്നും എന്തുകൊണ്ടാണ് ദമ്പതികൾ ഈ തീരുമാനം എടുത്തത് എന്നും പലരും ചോദിക്കുന്നു. 

സബർകാന്തയിലെ സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന കുടുംബത്തിൽ നിന്നും വരുന്ന ഭവേഷ് ഭായ് ഭണ്ഡാരി കുട്ടിക്കാലം മുതൽ സുഖലോലുപതയിൽ വളർന്ന ആളാണ്. പിന്നീട് അദ്ദേഹം നിർമ്മാണ വ്യവസായത്തിലേക്ക് തിരിഞ്ഞു. അഹമ്മദാബാദിലും സബർകാന്തയിലും ബിസിനസ്സ് ചെയ്തു. 

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരി കുടുംബത്തിലുള്ളവർ. എയർകണ്ടീഷണറുകൾ, ഫാനുകൾ, സെൽഫോണുകൾ എന്നിവയുൾപ്പെടെ എല്ലാ ഭൗതിക വസ്തുക്കളും ഉപേക്ഷിച്ച് സന്യാസ ജീവിതം നയിക്കാനാണ് ഭാവേഷ് ഭായിയുടെയും ഭാര്യയുടെയും തീരുമാനം. ഇവരുടെ 16 വയസ്സുള്ള മകനും 19 വയസ്സുള്ള മകളും 2022 -ൽ സന്യാസിമാരാകാൻ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ദമ്പതികളുടെയും തീരുമാനമെന്ന് ടൈംസ് നൗ എഴുതുന്നു.

ഭണ്ഡാരി ദമ്പതികളടക്കം മുപ്പത്തിയഞ്ചുപേർ ഹിമ്മത്‍നഗറിൽ നടന്ന ഗംഭീരമായ ഘോഷയാത്രയിൽ സന്യാസ ജീവിതം നയിക്കുമെന്ന് വാഗ്ദാനം ചെയ്തു കഴിഞ്ഞു. 4 കിലോമീറ്റർ നീണ്ടുനിന്ന ഘോഷയാത്രയിൽ ഭാവേഷ് ഭായ് തൻ്റെ  200 കോടിയും നൽകി കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ പറയുന്നു. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ 22 -ന് ഹിമ്മത്‍നഗറിൽ വച്ച് ദമ്പതികൾ ആജീവനാന്തകാലത്തേക്ക് സന്യാസം സ്വീകരിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios