50 -കാരി, സഹപ്രവ‍ത്തകനായ 20 -കാരന്‍റെ പാന്‍റ് വലിച്ചൂരുന്ന പ്രാങ്ക് ചെയ്തതായിരുന്നു. പക്ഷേ, അതിനിടെ അടിവസ്ത്രവും ഊരിപ്പോയി. പിന്നെ പൊല്ലാപ്പായി. 

ജോലി സ്ഥലത്ത് വച്ച് സഹപ്രവർത്തകന്‍റെ പാന്‍റ് വലിച്ചൂരിയ സ്ത്രീക്ക് 1.7 ലക്ഷം രൂപ പിഴ. ദക്ഷിണ കൊറിയയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കേസ് കോടതിയിലെത്തി. അബദ്ധത്തിൽ സഹപ്രവർത്തകന്‍റെ പാന്‍റും അടിവസ്ത്രവും വലിച്ചൂരിയത് ലൈംഗിക ദുഷ്‌പെരുമാറ്റമാണെന്ന് ഗാങ്‌വോൺ പ്രവിശ്യയിലെ കോടതി വിധിച്ചു. 1.7 ലക്ഷം രൂപ (2000 ഡോളർ) പിഴയ്ക്ക് പുറമേ, ലൈംഗിക അതിക്രമ പ്രതിരോധ വിദ്യാഭ്യാസം എട്ട് മണിക്കൂർ പൂർത്തിയാക്കാനും ചുഞ്ചിയോണ്‍ ജില്ലാ കോടതി കുറ്റക്കാരിയായ സ്ത്രീയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊറിയ ഹെറാൾഡിലെ റിപ്പോർട്ട് പറയുന്നു.

2024 ഒക്ടോബർ 3 -നാണ് കേസിനാസ്പദമായ സംഭവം. ഗാങ്വോണിലെ ഒരു റസ്റ്റോറന്‍റ് ജീവനക്കാരാണ് കുറ്റക്കാരിയായ സ്ത്രീയും ഇരയാക്കപ്പെട്ട പുരുഷനും. സഹപ്രവർത്തകരുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് 50 -കാരിയായ സ്ത്രീ തന്‍റെ സഹപ്രവർത്തകനായ ഇരുപതുകാരനായ യുവാവിന്‍റെ പാന്‍റ് വലിച്ചൂരാൻ ശ്രമം നടത്തിയത്. മറ്റ് സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് നടന്ന സംഭവത്തില്‍ പക്ഷേ, അബദ്ധത്തിൽ പാന്‍റിനോടൊപ്പം യുവാവിന്‍റെ അടിവസ്ത്രവും ഊരി പോവുകയായിരുന്നു. ഇതോടെ എല്ലാവരുടെയും മുമ്പിൽ അപമാനിതനായ യുവാവ് സ്ത്രീക്കെതിരെ പരാതി നൽകി.

കോടതിയിൽ താൻ തമാശയ്ക്ക് ചെയ്തതാണെന്ന് കുറ്റക്കാരിയായ സ്ത്രീ വാദിച്ചെങ്കിലും കോടതി ആ വാദം തള്ളിക്കളഞ്ഞു. സ്ത്രീയുടെ തമാശ ഇരയാക്കപ്പെട്ട യുവാവിന് മാനസിക വിഷമമുണ്ടാക്കിയെന്നും ലൈംഗിക അപമാനത്തിന് കാരണമായെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷന്‍റെ വാദം ശരിവെച്ച, കോടതി സ്ത്രീയോട് പിഴ അടയ്ക്കാനും എട്ട് മണിക്കൂർ ലൈംഗിക അതിക്രമ പ്രതിരോധ വിദ്യാഭ്യാസം പൂർത്തിയാക്കാനും ഉത്തരവിട്ടു. സ്ത്രീക്ക് മുൻ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതിനാലും തന്‍റെ പ്രവർത്തികളിൽ പശ്ചാത്താപം പ്രകടിപ്പിച്ച് കോടതി മുറിയിൽ ഇരയോടും മാതാപിതാക്കളോടും മുട്ടുകുത്തി ക്ഷമാപണം നടത്തിയതിനാലുമാണ് കോടതി തടവ് ശിക്ഷയിൽ നിന്നും ഇളവ് നൽകിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .

പൊതു സ്ഥലത്ത് വെച്ച് ഒരാളുടെ ട്രൗസർ വലിച്ച് താഴ്ത്തുന്ന പാന്‍റ്സിംഗ് എന്നറിയപ്പെടുന്ന പ്രാങ്ക് ചെയ്യാനാണ് ഈ സ്ത്രീ ഉദ്ദേശിച്ചിരുന്നതെങ്കിലും സംഗതി പാളി പോവുകയായിരുന്നു. ഇത് പലപ്പോഴും വ്യക്തികളെ നാണം കെടുത്താനാണ് ചെയ്യാറുള്ളത്. 2019 -ൽ, ദക്ഷിണ കൊറിയൻ ഒളിമ്പിക് ഷോർട്ട് ട്രാക്ക് സ്പീഡ് സ്കേറ്റിംഗ് ചാമ്പ്യൻ ലിം ഹ്യോ-ജുനെ ഒരു ടീം അംഗത്തിന്‍റെ ട്രൗസർ വലിച്ചു താഴ്ത്തിയതിന് ഒരു വർഷത്തേക്ക് മത്സരത്തിൽ നിന്ന് വിലക്കിയിരുന്നു.