Asianet News MalayalamAsianet News Malayalam

COP26 | ചൈന ചെയ്യുന്നത് തെറ്റ്; റഷ്യയ്ക്ക് മിണ്ടാട്ടം മുട്ടി; രൂക്ഷവിമര്‍ശനവുമായി ബൈഡന്‍

120 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും  വിട്ടുനില്‍ക്കുന്നതിന് എതിരെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വിമര്‍ശനം.

Biden attacks China and Russia leaders for not attending COP26
Author
Glasgow, First Published Nov 3, 2021, 5:32 PM IST
  • Facebook
  • Twitter
  • Whatsapp

ബ്രിട്ടനിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് വരാതിരുന്ന ചൈനീസ്, റഷ്യന്‍ ഭരണാധികാരികള്‍ക്ക് യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ രൂക്ഷവിമര്‍ശനം. 120 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും  വിട്ടുനില്‍ക്കുന്നതിന് എതിരെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വിമര്‍ശനം. ലോകത്ത ഏറ്റവും ഭീമാകാരമായ പ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനത്തില്‍നിന്നും ചൈനയും റഷ്യയും വിട്ടുനില്‍ക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. 

ലോക നേതാവ് എന്ന നിലയിലുള്ള വലിയ റോളിലേക്ക് വരാന്‍ ശ്രമിക്കുന്ന ചൈന ഇക്കാര്യത്തില്‍ മടിച്ചുനില്‍ക്കുന്നത് എന്താണെന്ന് ബൈഡന്‍ ചോദിച്ചു. ചൈനീസ് പ്രസിഡന്റിന്റെ അഭാവം വലിയ തെറ്റാണെന്നും ബൈഡന്‍ പറഞ്ഞു. റഷ്യയില്‍ കാടുകള്‍ കത്തിയമരുമ്പോള്‍ പുടിന്‍ വായടച്ച് ഇരിക്കുകയാണെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. 

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള യു എന്‍ കരാറില്‍ ഒപ്പുവെച്ച 196 രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനമാണ് ബ്രിട്ടനിലെ ഗ്ലാസ്ഗോയില്‍ നടക്കുന്നത്. ഈ വിഷയത്തില്‍ നടക്കുന്ന 26-ാമത് ആഗോള ഉച്ചകോടി ആണ് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് 26 (COP26 ) എന്ന ഈ ഉച്ചകോടി.  ഒക്ടോബര്‍ 31 ന് ആരംഭിച്ച ഉച്ചകോടി ഈ മാസം 14 -നാണ് സമാപിക്കുന്നത്. 

റഷ്യന്‍ പ്രസിഡന്റ് പുടിനും ചൈനീസ് പ്രസിഡന്റ് ഷിയും ഉച്ചകോടിക്ക് എത്തിയിട്ടില്ല. എന്നാല്‍, തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന് ഇരുവരും ഉദ്യോഗസ്ഥ പ്രമുഖരെ അയച്ചിട്ടുണ്ട്. ചൈനയാണ് ലോകത്തേറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്ന രാജ്യം. കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണിത്. റഷ്യയാണെങ്കില്‍, യൂറോപ്യന്‍ യൂനിയനും ഇന്ത്യയും കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ്. 

2030 -ഓടെ വനനശീകരണം പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്ന് ഇന്നലെ ലോകരാജ്യങ്ങള്‍ ഉച്ചകോടിയില്‍വെച്ച് തീരുമാനമെടുത്തിരുന്നു. ചൈനയും റഷ്യയും ഈ കരാില്‍ ഒപ്പുവെച്ചിട്ടുണ്ട്. ബൈഡന്റെ പ്രഭാഷണത്തിനു മുമ്പ് ഇന്നലെ, പുടിന്‍ ഓണ്‍ലൈനായി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. വനസമ്പത്ത് സംരക്ഷിക്കുന്നതിന് റഷ്യ പ്രതിബദ്ധമാണെന്ന് അദ്ദേഹം ആ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. 

എന്തുകൊണ്ടാണ് പുടിന്‍ ഉച്ചകോടിക്ക് വരാത്തത് എന്ന കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചില്ല. എങ്കിലും, കാലാവസ്ഥാ വ്യതിയാനം അതീവ നിര്‍ണായകമായ കാര്യമാണെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

കാര്‍ബണ്‍ ഡേയാക്സൈഡിന്റെ ആഗോള പുറന്തള്ളല്‍ ഈ പതിറ്റാണ്ട് കഴിയുമ്പോഴേക്കും ഏഴ് ശതമാനമായി കുറയ്ക്കുക, 1.5 ഡ്രിഗ്രി സെല്‍ഷ്യസില്‍ ആഗോള താപനം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉച്ചകോടി മുന്നോട്ട് വെക്കുന്നത്.  2050 -ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് കൂടതല്‍ രാജ്യങ്ങളെ എത്തിക്കുകയും ഉച്ചകോടിയുടെ ലക്ഷ്യമാണ്. അന്തരീക്ഷത്തില്‍ ബഹിര്‍ഗമിക്കുന്ന ഹരിത ഗൃഹവാതകങ്ങളുടേയും അന്തരീക്ഷത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഹരിത ഗൃഹവാതകങ്ങളുടേയും അളവ് ഏതാണ്ട് തുല്യമാവുന്നതിനെയാണ് നെറ്റ് സീറോ എന്ന് പറയുന്നത്. കല്‍ക്കരി ഉപയോഗം കുറക്കുക, മീഥൈന്‍ വാതകത്തിന്റെ ബഹിര്‍ഗമനം ഇല്ലാതാക്കുക, കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങളെ പാരിസ്ഥിതികമായി നേരിടുക, ദരിദ്രരാജ്യങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള ധനസഹായം ലഭ്യമാക്കുക, തുടങ്ങിയ ലക്ഷ്യങ്ങളും ഈ ഉച്ചകോടിക്കുണ്ട്. 

Follow Us:
Download App:
  • android
  • ios