Asianet News MalayalamAsianet News Malayalam

റെയില്‍വേ യാഡില്‍ നിര്‍ത്തിയ ട്രെയിന്‍ എന്‍ജിന്‍ രഹസ്യതുരങ്കം ഉണ്ടാക്കി അടിച്ചുമാറ്റി

അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന എന്‍ജിന്റെ വിവിധ ഭാഗങ്ങളായി മോഷ്ടിച്ച് തുരങ്കത്തിലൂടെ പൂര്‍ണമായും കടത്തുകയായിരുന്നു. Photo: Representational Image 

Bihar robbers steal diesel train train engine through secret tunnel
Author
First Published Nov 26, 2022, 5:47 PM IST

റെയില്‍വേ യാഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ വന്‍ തുരങ്കമുണ്ടാക്കി അടിച്ചുമാറ്റി. ബീഹാറിലെ ബെഗുസരായ് ജില്ലയിലെ റെയില്‍വേ യാര്‍ഡില്‍ നിന്ന് ആണ് എന്‍ജിന്‍ മോഷ്ടിക്കപ്പെട്ടത്. ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്തേക്ക് രഹസ്യ തുരങ്കം ഉണ്ടാക്കിയാണ് മോഷ്ടാക്കള്‍ എഞ്ചിന്‍ അടിച്ചുമാറ്റിയത്. 

അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന എന്‍ജിന്റെ വിവിധ ഭാഗങ്ങളായി മോഷ്ടിച്ച് തുരങ്കത്തിലൂടെ പൂര്‍ണമായും കടത്തുകയായിരുന്നു. വിവിധ ദിവസങ്ങളിലായാണ് തുരങ്കത്തിനുള്ളിലൂടെ എന്‍ജിന്റെ ഭാഗങ്ങള്‍ ഓരോന്നായി മോഷ്ടിച്ചു കൊണ്ടുപോയത്. എഞ്ചിന്‍ പൂര്‍ണമായും അപ്രത്യക്ഷമായപ്പോള്‍ മാത്രമാണ് അധികൃതര്‍ക്ക് സംഗതി പിടികിട്ടിയത്.

കഴിഞ്ഞയാഴ്ചയാണ് ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഡീസല്‍ എന്‍ജിന്‍ മോഷണം പോയതായി ബറൗനി പൊലീസില്‍ പരാതി ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി മുസാഫര്‍പൂരിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ഇന്‍സ്‌പെക്ടര്‍ പിഎസ് ദുബെ പറഞ്ഞു.

പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുസാഫര്‍പൂര്‍ ജില്ലയിലെ പ്രഭാത് നഗറിലുള്ള ആക്രിക്കടയില്‍നിന്നും 13 ചാക്ക് നിറയെ എഞ്ചിന്‍ ഭാഗങ്ങള്‍ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. സ്‌ക്രാപ്പ് ഗോഡൗണിന്റെ ഉടമയ്ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഞ്ചിന്‍ ഭാഗങ്ങള്‍, വിന്റേജ് ട്രെയിന്‍ എഞ്ചിനുകളുടെ ചക്രങ്ങള്‍, കട്ടിയുള്ള ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച എന്‍ജിന്റെ മറ്റു ഭാഗങ്ങള്‍ എന്നിവ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.

റെയില്‍വേ യാര്‍ഡിലേക്ക് തുരങ്കം കുഴിച്ച് അതിലൂടെയാണ് മോഷ്ടാക്കള്‍ അതിവിദഗ്ദമായി എന്‍ജിന്റെ ഭാഗങ്ങള്‍ ചാക്കില്‍ കെട്ടി കടത്തിയത് എന്നാണ് പോലീസ് പറയുന്നത്. സ്റ്റീല്‍ പാലങ്ങളുടെ ബോള്‍ട്ട് അഴിച്ച് അവയുടെ ഭാഗങ്ങള്‍ മോഷ്ടിക്കുന്നതിലും ഈ സംഘത്തിന് പങ്കുണ്ട്.

സമാനമായ രീതിയില്‍ ഇതിനുമുന്‍പും റെയില്‍വേയുടെ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൂര്‍ണിയ കോടതി വളപ്പില്‍ സൂക്ഷിച്ചിരുന്ന പഴയ ആവി എഞ്ചിന്‍ വിറ്റെന്നാരോപിച്ച്  സമസ്തിപൂര്‍ ലോക്കോ ഡീസല്‍ ഷെഡിലെ റെയില്‍വേ എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്തിരുന്നു. സമസ്തിപൂരിലെ ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയറുടെ വ്യാജ കത്ത് ഉപയോഗിച്ചാണ് എന്‍ജിനീയര്‍ മറ്റ് റെയില്‍വേ ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ എന്‍ജിന്‍ വിറ്റത്.

Follow Us:
Download App:
  • android
  • ios