ഹോട്ടലിൽ എത്തിയ സംഘം ഭക്ഷണം ഓർഡർ ചെയ്യുകയും കഴിക്കുകയും ചെയ്തു. എന്നാൽ, 10,900 രൂപയുടെ ബിൽ അടയ്ക്കേണ്ട സമയമായപ്പോൾ അവർ അവിടെ നിന്നും ബില്ലടയ്ക്കാതെ മുങ്ങുകയായിരുന്നു.
ഗുജറാത്തിൽ നിന്നുള്ള ഒരു സംഘം രാജസ്ഥാനിലെ ഒരു ഹോട്ടലിൽ കയറി. പതിനായിരം രൂപയ്ക്ക് മുകളിൽ ബില്ല് വരുന്ന ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങി. എന്നാൽ, ഇവർ പിന്നാലെ ട്രാഫിക്കിൽ കുടുങ്ങുകയും റെസ്റ്റോറന്റിലെ സ്റ്റാഫ് പിന്നാലെ തന്നെ പോയി ഇവരെ കയ്യോടെ പിടികൂടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള സിയാവയിലുള്ള ഹാപ്പി ഡേ ഹോട്ടലിലാണ് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് വിനോദസഞ്ചാരികളുടെ സംഘം ഭക്ഷണം കഴിക്കാനെത്തിയത്.
ഹോട്ടലിൽ എത്തിയ സംഘം ഭക്ഷണം ഓർഡർ ചെയ്യുകയും കഴിക്കുകയും ചെയ്തു. എന്നാൽ, 10,900 രൂപയുടെ ബിൽ അടയ്ക്കേണ്ട സമയമായപ്പോൾ അവർ അവിടെ നിന്നും ബില്ലടയ്ക്കാതെ മുങ്ങുകയായിരുന്നു. എന്നാൽ, രസകരം ഇതൊന്നുമല്ല. പണ്ടുപണ്ടേ ആളുകൾ പരീക്ഷിച്ച് പോരുന്ന ഒരു ട്രിക്കാണ് ഈ സിസിടിവി ക്യാമറയുടെ കാലത്തും സംഘം പരീക്ഷിച്ചത്. ബാത്ത്റൂമിൽ പോകാനെന്നും പറഞ്ഞാണ് ഇവർ എഴുന്നേറ്റതും അവിടെ നിന്നും മുങ്ങിയതും.
എന്നാൽ, അധികം വൈകാതെ തന്നെ ഇവർ മുങ്ങിയതായി ഹോട്ടൽ ഉടമയ്ക്കും സ്റ്റാഫിനും മനസിലായി. പിന്നാലെ തന്നെ അവരും ഇവരെ പിടികൂടാനായി ഇറങ്ങി. ഗുജറാത്തിനും രാജസ്ഥാനും ഇടയിലുള്ള അതിർത്തിയായ അംബാജി ഭാഗത്തേക്കാണ് കാർ പോകുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഗതാഗതക്കുരുക്കിലൂടെ ഹോട്ടലുടമ ഇവരെ ഗുജറാത്ത് അതിർത്തി വരെ പിന്തുടർന്നു. അപ്പോഴേക്കും പൊലീസിനെയും വിവരം അറിയിച്ചിരുന്നു. അങ്ങനെ പൊലീസിന്റെ സഹായത്തോടെ അഞ്ചുപേരെയും ഇവിടെ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
