ഫോൺ വന്നതോടെ രണ്ട് പൊലീസുകാർ സ്ഥലത്തെത്തി. ആദ്യം സ്വർണത്തിന്റെ സ്ട്രോ എന്നത് അവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നിയെങ്കിലും അധികം വൈകാതെ തങ്ങൾ ശരിക്കും സ്വർണത്തിന്റെ സ്ട്രോയ്ക്ക് വേണ്ടി തന്നെയാണ് തിരയുന്നത് എന്ന് ഇവർക്ക് ബോധ്യപ്പെട്ടു.

സ്വർണത്തിനൊക്കെ പൊള്ളുന്ന വിലയാണ് അല്ലേ? സാധാരണക്കാർക്കൊന്നും താങ്ങാനാവാത്ത തരത്തിൽ പൊന്നിന്റെ വില കയറിപ്പോവുകയാണ്. അതേസമയം, ചൈനയിൽ ഒരു യുവാവ് പാൽച്ചായ കുടിക്കാനായി പ്രത്യേകം തയ്യാറാക്കിയ ​സ്വർണത്തിന്റെ സ്ട്രോ കളഞ്ഞുപോയി. അതേ, ട്രൗസറിന്റെ പോക്കറ്റിൽ സ്ട്രോയും വച്ച് ഇലക്ട്രിക് ബൈക്കിൽ പോകവേയാണ് സ്ട്രോ കളഞ്ഞുപോയത്. 100,000 യുവാൻ അതായത്, ഏകദേശം 13 ലക്ഷം രൂപ വില വരുന്ന 100 ​ഗ്രാമിന്റെ സ്വർണ സ്ട്രോയാണ് കാണാതായത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ഷൗ എന്ന യുവാവാണ് പാൽച്ചായ കുടിക്കാനായി പ്രത്യേകം പറഞ്ഞ് ഇങ്ങനെയൊരു സ്ട്രോ തയ്യാറാക്കിച്ചത്.

ഒരുദിവസം രാത്രി ഷൗ വീട്ടിലേക്ക് വരികയായിരുന്നു. ആ സമയത്ത് മാൻ‌​ഹോളിൽ തട്ടി വണ്ടി കുലുങ്ങുകയും സ്ട്രോ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും തെറിച്ച് വീഴുകയും ആയിരുന്നു. അതോടെ ഇത്രയും വില കൂടിയ പൊന്നിന്റെ സ്ട്രോ പോയത് വലിയ പരിഭ്രാന്തിയാണ് ഷൗവിലുണ്ടാക്കിയത്. ഷൗ ഒരു മണിക്കൂറോളം അവിടമാകെ തിരഞ്ഞെങ്കിലും സ്ട്രോ കണ്ടെത്താനായില്ല. അവസാനം സഹായം തേടി പൊലീസിനെ വിളിക്കാൻ ഷൗ തീരുമാനിക്കുകയായിരുന്നു.

ഫോൺ വന്നതോടെ രണ്ട് പൊലീസുകാർ സ്ഥലത്തെത്തി. ആദ്യം സ്വർണത്തിന്റെ സ്ട്രോ എന്നത് അവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നിയെങ്കിലും അധികം വൈകാതെ തങ്ങൾ ശരിക്കും സ്വർണത്തിന്റെ സ്ട്രോയ്ക്ക് വേണ്ടി തന്നെയാണ് തിരയുന്നത് എന്ന് ഇവർക്ക് ബോധ്യപ്പെട്ടു. അവരാകെ അന്തംവിട്ടുപോയി. എന്തായാലും ആ തിരച്ചിൽ വെറുതെയായില്ല. അര മണിക്കൂർ കഴിഞ്ഞപ്പോൾ സ്ട്രോ കിട്ടി. അതോടെ ഷൗവിന് സന്തോഷമായി. ഇതില്ലാതെ വീട്ടിൽ ചെന്നിരുന്നെങ്കിൽ ഭാര്യയുടെ ശിക്ഷ തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നേനെ എന്നാണ് ഷൗ പറഞ്ഞത് എന്നും റിപ്പോർ‌ട്ടുകൾ പറയുന്നു.