Asianet News MalayalamAsianet News Malayalam

ആശുപത്രിയിൽ വച്ച് തെറ്റായ മാതാപിതാക്കളെ ഏൽപ്പിച്ചു, കുട്ടികൾ മാറിപ്പോയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

2017 -ൽ മുത്തശ്ശി കുട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ കേസ് നൽകിയപ്പോൾ, ഒരു ഡിഎൻഎ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. അതോടെ അയാൾ കുട്ടിയുടെ യഥാർത്ഥ പിതാവല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു. പിന്നീട് നടത്തിയ പരിശോധനയിൽ അവളുടെ അമ്മയും മറ്റൊരു സ്ത്രീയാണെന്ന് കണ്ടെത്തി. 

birth swap error woman has demanded compensation
Author
Spain, First Published Sep 8, 2021, 3:44 PM IST

ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് ആശുപത്രിയിൽ വച്ച് രണ്ടു കുട്ടികളെ പരസ്പരം മാറിപ്പോയതിന്റെ പേരിൽ വടക്കൻ സ്പെയിനിലെ ഒരു പ്രാദേശിക ആരോഗ്യ വകുപ്പിനെതിരെ ഒരു സ്ത്രീ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിരിക്കയാണ്. നഷ്ടപരിഹാരമായി ആ സ്ത്രീ 26 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൗമാരപ്രായത്തിൽ യാദൃച്ഛികമായി നടത്തിയ ഡിഎൻഎ ടെസ്റ്റിലൂടെയാണ് അവരിലൊരാൾ സത്യം തിരിച്ചറിഞ്ഞത്. ഇത്രയും കാലം കരുതിയിരുന്നത് പോലെ തന്റെ മാതാപിതാക്കളല്ല, യഥാർത്ഥ മാതാപിതാക്കളെന്ന് ആ 19 വയസ്സുകാരി തിരിച്ചറിഞ്ഞു.  

ബിൽബാവോയുടെ തെക്ക് ഭാഗത്തുള്ള ലോഗ്രോനോയിലുള്ള ഒരു ആശുപത്രിയിലാണ് സംഭവമുണ്ടായത്. 2002 -ലാണ് അന്നേ ദിവസം ജനിച്ച രണ്ട് കുട്ടികളെ തമ്മിൽ പരസ്പരം മാറിയത്. ആരാണ് ഇതിൽ തെറ്റ് ചെയ്തതെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്ന് ചൊവ്വാഴ്ച ലാ റിയോജ സർക്കാരിന്റെ ആരോഗ്യ മന്ത്രി സാറ ആൽബ പറഞ്ഞു. "ഇതുപോലുള്ള ഒന്ന് വീണ്ടും സംഭവിക്കാൻ സാധ്യതയില്ല" അവർ പറഞ്ഞു. ഈ കേസ് ആദ്യം റിപ്പോർട്ട് ചെയ്തത് ലാ റിയോജ പത്രത്തിലാണ്. അതേസമയം മന്ത്രാലയം രണ്ട് കോടി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് സ്ത്രീയെ സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ടെങ്കിലും പരാതി നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.  

2002 -ൽ സാൻ മില്ലൻ ഡി ലോഗ്രോനോ ആശുപത്രിയിൽ അഞ്ചു മണിക്കൂർ വ്യത്യാസത്തിൽ ജനിച്ച ഇരുവരും തെറ്റായ മാതാപിതാക്കൾക്ക് കൈമാറുന്നതിന് മുമ്പ് ഇൻകുബേറ്ററിലായിരുന്നു. നവജാതശിശുക്കൾക്ക് തുടക്കത്തിൽ ഭാരക്കുറവുള്ളതിനാൽ ഇൻകുബേറ്ററുകളിൽ  സൂക്ഷിക്കുകയായിരുന്നു. തുടർന്ന് പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത പരാതിക്കാരിയെ വളർത്തിയത് അവളുടെ മുത്തശ്ശി എന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീയാണ്. 2017 -ൽ മുത്തശ്ശി കുട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ കേസ് നൽകിയപ്പോൾ, ഒരു ഡിഎൻഎ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു.

അതോടെ അയാൾ കുട്ടിയുടെ യഥാർത്ഥ പിതാവല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു. പിന്നീട് നടത്തിയ പരിശോധനയിൽ അവളുടെ അമ്മയും മറ്റൊരു സ്ത്രീയാണെന്ന് കണ്ടെത്തി. തുടർന്ന് പതിനാറാം വയസ്സിൽ, പെൺകുട്ടി അഭിഭാഷകരോട് സഹായം അഭ്യർത്ഥിച്ചു. അവൾ ജനിച്ച സാഹചര്യങ്ങൾ അന്വേഷിക്കാൻ ആരോഗ്യ പ്രവർത്തകരെ സമ്മർദ്ദത്തിലാക്കി. ഇപ്പോൾ തന്റെ യഥാർത്ഥ മാതാപിതാക്കളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധനയുടെ ഫലം കാത്തിരിക്കുകയാണ് ആ സ്ത്രീ. സർക്കാർ നിയമനടപടികളെ മാനിക്കുമെന്നും കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുമെന്നും ആൽബ പറഞ്ഞു.

Follow Us:
Download App:
  • android
  • ios