ബീഹാർ തെരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോഴും അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുക തന്നെയാണ്. ബിജെപി-ജെഡിയു സഖ്യം ഇത്തവണയും വിജയം കാണും, നിതീഷ് കുമാറിന് മുഖ്യമന്ത്രിസ്ഥാനത്ത് ഭരണത്തുടർച്ച ലഭിക്കുന്ന ലക്ഷണമാണ് കാണുന്നത്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും നിറം മങ്ങിയ പ്രകടനവുമായി കോൺഗ്രസ് ആണ് ഏറെ നിരാശപ്പെടുത്തിയിരിക്കുന്നത്. മഹാസഖ്യത്തിലെ ഏറ്റവും ദുർബലമായ കണ്ണി തങ്ങളാണ് എന്ന് കോൺഗ്രസ് സംശയലേശമെന്യേ തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. സഖ്യത്തിൽ നിന്ന് തെരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായി 70 സീറ്റ് പിടിച്ചു വാങ്ങി മത്സരിച്ച കോൺഗ്രസ് അതിൽ മിക്കതിലും തോൽക്കുകയോ, പിന്നിലാവുകയോ ചെയ്തിരിക്കുന്നു. 

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പാളയത്തിൽ നേതൃശേഷിയുള്ള ഒരു ഇലക്ഷൻ മാനേജരുടെ അഭാവമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഫലങ്ങൾ. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഉണ്ടായ 23 നേതാക്കൾ - ഇവരിൽ അഞ്ച് മുൻ മുഖ്യമന്ത്രിമാരും, സിറ്റിംഗ് എംപിമാരും, മുൻ കേന്ദ്രമന്ത്രിമാരും ഒക്കെ ഉണ്ടായിരുന്നു - 'സംസ്ഥാനത്തെ സംഘടനാ നേതൃത്വം ഉടച്ചുവാർക്കേണ്ടതുണ്ട്' എന്ന് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിനു സോണിയയ്ക്കും കത്തയച്ച് പാളയത്തിൽ പടയൊരുക്കം നടത്തിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. ഉത്തർപ്രദേശിലെയും, മധ്യപ്രദേശിലെയുമൊക്കെ സമീപകാല പ്രകടനങ്ങൾ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ സ്വാധീനം ക്ഷയിക്കുന്നതിന്റെ ലക്ഷണമാണ്. 

അസദുദ്ദിൻ ഒവൈസി എന്ന ആൾ ഇന്ത്യ മജ്ലിസ് എ ഇത്തിഹാദുൽ മുസ്‌ലിമീൻ(AIMIM) എന്ന രാഷ്ട്രീയപാർട്ടി, കിഷൻഗഞ്ജ്, ആരാരിയ, കട്ടിഹാർ, പുർണിയ തുടങ്ങി മുസ്ലിങ്ങൾക്ക് 70 ശതമാനം വരെ ജനസംഖ്യാ പ്രാതിനിധ്യമുള്ള പ്രദേശങ്ങളിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തിയത് അവിടങ്ങളിലെ കോൺഗ്രസ് വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തി. അത് ഫലത്തിൽ എൻഡിഎക്കും ബിജെപിക്കുമാണ് ഗുണം  ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തു സീറ്റ് കിട്ടിയ സീമാഞ്ചൽ പ്രദേശത്തും വലിയ ക്ഷീണമുണ്ടായി, ഇത്തവണ കിട്ടിയത് വെറും മൂന്നു സീറ്റുമാത്രമാണ്. 

ബിഹാറിലെ കോൺഗ്രസിന്റെ മോശം പ്രകടനം കേരളം, അസം പോലെ ഇനി നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നിടങ്ങളിലെ കോൺഗ്രസ് അണികളുടെ മനോബലം തകർക്കുന്ന തരത്തിലുള്ള ഒന്നാണ്. മത്സരിച്ച സീറ്റുകളിൽ നാലിലൊനിലാണ് ഇപ്പോൾ കോൺഗ്രസ് കഷ്ടിച്ച്  മുന്നിട്ടു നിൽക്കുന്നത്. ഉത്തർപ്രദേശിലെ ജാതി, സാമൂഹിക വ്യവസ്ഥാ സമവാക്യങ്ങൾ കൃത്യമായി പഠിച്ചുകൊണ്ടുള്ള, ഫലപ്രദമായ ഇലക്ഷൻ എഞ്ചിനീയറിങ് തന്ത്രങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, ഓരോ മണ്ഡലത്തിലും എത്ര വോട്ടുകൾ ഉണ്ട്, ജയിക്കാൻ ഏതൊക്കെ പ്രദേശങ്ങളിൽ ഉള്ളവരുടെ വോട്ടുകളെ സ്വാധീനിക്കണം എന്ന് മനസ്സിലാക്കി അവിടേക്ക് കൂടുതൽ വിഭവങ്ങളും ആൾബലവും എത്തിച്ചുകൊണ്ടുള്ള കൗശലം നിറഞ്ഞ ഒരു പ്രചാരണമായിരുന്നു എൻഡിഎ സഖ്യത്തിന്റെത്. അവിടങ്ങളിലൊക്കെ അവരുടെ സ്ട്രൈക്ക് റേറ്റും വളരെ പ്രശംസനീയവും ആയിരുന്നു. 

എന്നാൽ, കോൺഗ്രസിന്റെ കാര്യത്തിലാകട്ടെ സ്ഥാനാർഥി നിർണയം തൊട്ടിങ്ങോട്ട് പരിഭവങ്ങൾ ഒഴിഞ്ഞിട്ടില്ല. പ്രചാരണത്തിൽ ഉടനീളം കെടുകാര്യസ്ഥത ദൃശ്യമായിരുന്നു."തേജസ്വി യാദവ്" എന്ന ഒരൊറ്റ മുഖത്തെ ആശ്രയിച്ചായിരുന്നു മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരം മുഴുവൻ. അതേസമയം എൻഡിഎ സഖ്യം പ്രധാനമന്ത്രി മോദിയെ തന്നെ കളത്തിലിറക്കി മുന്നേറിയതോടെ കോൺഗ്രസിന് പിടിച്ചു നില്ക്കാൻ സാധിച്ചില്ല.