മസിലുകള്‍ പെരുപ്പിക്കാനും ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനും അമിതമായി ഭക്ഷണക്രമീകരണം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈസ്റ്റ് യോക് ഷെയര്‍ സ്വദേശിയായ സിയന്‍ റ്റിയെര്‍നി എന്ന 34കാരന്‍റെ ജീവിതം

ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്രോട്ടീന്‍ ഡയറ്റ് നോക്കിയ ബോഡിബില്‍ഡറുടെ വയറ് തിരിഞ്ഞുപോയി. കഠിനമായ ഡയറ്റ് മൂലം തിരിഞ്ഞുപോയ വയറ് നേരെയാക്കാന്‍ ഒടുവില്‍ ശസ്ത്രക്രിയ തന്നെ വേണ്ടിവന്നു.

മസിലുകള്‍ പെരുപ്പിക്കാനും ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനും അമിതമായി ഭക്ഷണക്രമീകരണം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈസ്റ്റ് യോക് ഷെയര്‍ സ്വദേശിയായ സിയന്‍ റ്റിയെര്‍നി എന്ന 34കാരന്‍റെ ജീവിതം. ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ വിജയിയാകാന്‍ സിയന്‍ നടത്തിയ കഠിനശ്രമങ്ങള്‍ ഒടുവില്‍ ചെന്നെത്തിയത് ഓപ്പറേഷന്‍ തിയേറ്ററിലാണ്. ശരീരപുഷ്ടിക്ക് വേണ്ടി അമിതമായി ആശ്രയിച്ച പ്രോട്ടീന്‍ ഡയറ്റാണ് സിയന് പണി കൊടുത്തത്!

2017 മുതല്‍ ബോഡി ബില്‍ഡിംഗ് രംഗത്ത് സജീവമായിരുന്നു സിയന്‍ ചില മത്സരങ്ങളിലൊക്കെ ആദ്യ നാലുപേരില്‍ ഒരാളായെങ്കിലും ഒന്നാം സ്ഥാനമായിരുന്നു സിയന്‍റെ ലക്ഷ്യം. ആഴ്ച്ചയില്‍ മൂന്നോ നാലോ ദിവസം ജിമ്മില്‍ പോയിരുന്ന സിയന്‍ അങ്ങനെ എന്നും ജിമ്മില്‍ പോയിത്തുടങ്ങി. മിസ്റ്റര്‍ യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ശിക്ഷണത്തിലായിരുന്നു പിന്നെ സിയന്‍റെ ജീവിതം. അളന്നും തൂക്കിയുമുള്ള ഭക്ഷണക്രമം സിയനുവേണ്ടി അയാള്‍ നിര്‍ദേശിച്ചു. ക്ഷീണം തോന്നാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കൂടുതല്‍ പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും പറഞ്ഞു.

അന്ന് മുതല്‍ പ്രോട്ടീന്‍ ഡയറ്റിന്‍റെ പിന്നാലെയായി സിയന്‍ ഇടയ്ക്കെപ്പോഴോ സിയന് വയറുവേദന ആരംഭിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ഫൈബര്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാനും പ്രോട്ടീന്‍റെ അളവ് കുറയ്ക്കാനുമായിരുന്നു. വയറ് വേദന കുറഞ്ഞതോടെ ഡോക്ടറുടെ ഉപദേശമൊക്കെ സിയന്‍ മറന്നു. പരിശീലനവും ഡയറ്റിംഗും തകൃതിയായി തുടരുകയും ചെയ്തു.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വയറുവേദന വീണ്ടുമെത്തി. പക്ഷേ, ഇത്തവണ സംഗതികള്‍ സിയന്‍റെ കൈവിട്ടുപോയി. വേദനയെടുത്ത് അലറിക്കരഞ്ഞ സിയനെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. അപ്പന്‍ഡിസൈറ്റിസാകും കാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമികനിഗമനം. അപ്പന്‍ഡിസൈറ്റിസ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായപ്പോഴാണ് ഡോക്ടര്‍മാര്‍ ആ സത്യം മനസ്സിലാക്കിയത്, സിയന്‍റെ വയറ് തിരിഞ്ഞുപോയിരിക്കുന്നു!

എത്രയും വേഗം എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സിയന്‍രെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് അവര്‍ മനസ്സിലാക്കി. ഒടുവില്‍ സിയന്‍റെ വയറ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ തന്നെ വേണ്ടി വന്നു. ജീവിതത്തിലാദ്യമായി നടത്തിയ ഭക്ഷണക്രമീകരണമാണ് തന്‍റെ വയറിനെ കുഴപ്പത്തിലാക്കിയതെന്ന് സിയന്‍ തിരിച്ചറിഞ്ഞു. ജീവന്‍ നഷ്ടപ്പെടാതിരുന്നത് തന്‍റെ ഭാഗ്യം കൊണ്ടാണെന്നും സിയന്‍ പറയുന്നു. 

ആറ് മാസം പരിപൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ സിയന് വിധിച്ചത്. ജിമ്മിന്‍റെ അരികിലേക്ക് പോലും ഇക്കാലത്ത് പോകരുതെന്നും കര്‍ശനമായി നിര്‍ദേശിച്ചു. ആറ് മാസത്തിനു ശേഷം സിയന്‍ വീണ്ടും മത്സരവേദിയിലെത്തി. പറ്റിയ പിഴവുകള്‍ വീണ്ടുമാവര്‍ത്തിക്കാതെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഈ ബോഡിബില്‍ഡര്‍