Asianet News MalayalamAsianet News Malayalam

വിവാഹച്ചടങ്ങിനു പിന്നാലെ അന്ത്യകർമ്മങ്ങളും ചെയ്ത് ഒരു കുടുംബം, അഫ്‍ഗാനിസ്ഥാനിലെ ബോംബാക്രമണത്തിൽ മരിച്ചത് 63 പേരോളം

ഞങ്ങൾ അഫ്‌ഗാനികൾ അനുഭവിക്കാൻ വിധിക്കപ്പെട്ട ആദ്യത്തെ സങ്കടമല്ല ഇതെന്ന് എനിക്കറിയാം... ഇനിയും ഇതിങ്ങനെ അവർത്തിച്ചുകൊണ്ടിരിക്കും. ആർക്കും ഒന്നും ചെയ്യാനാവില്ല...

bomb kills 63 in kabul
Author
Kabul, First Published Aug 19, 2019, 1:22 PM IST

63 പേരുടെ ജീവനെടുത്ത, ഇരുനൂറോളം പേർക്ക് പരിക്കേറ്റ ഒരു ബോംബാക്രമണത്തിൽ കാബൂൾ നഗരം വിറങ്ങലിച്ചു നിൽക്കുകയാണ്. രാത്രി പത്തരയോടെയായിരുന്നു ആക്രമണം. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് ആദ്യം സംശയങ്ങളുണ്ടായെങ്കിലും, അവർ അത് നിഷേധിച്ചു. അധികം താമസിയാതെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

തങ്ങളുടെ ഒരു ചാവേർ, ബെൽറ്റ് ബോംബും ദേഹത്ത് കെട്ടിവെച്ച് വിവാഹമണ്ഡപത്തിൽ ചെന്ന്, കല്യാണത്തിരക്കിനിടെ ആദ്യസ്ഫോടനം നടത്തി എന്നും, തുടർന്ന് അഗ്നിശമന സേനയും ആശുപത്രി ജീവനക്കാരും പോലീസുകാരും ഒക്കെ സംഭവസ്ഥലത്തെത്തിയപ്പോൾ,  ഓഡിറ്റോറിയത്തിന്റെ പാർക്കിങ്ങിൽ തന്നെ നിർത്തിയിട്ടിരുന്ന സ്ഫോടനവസ്തുക്കൾ നിറച്ച ഒരു വാഹനം അവർക്കിടയിലേക്ക് ഇടിച്ചു കയറ്റി എന്നുമാണ് ഐസിസിന്റെ അവകാശവാദം. സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന ചിത്രങ്ങളിൽ ഹാളിൽ ചിതറിത്തെറിച്ച മൃതദേഹങ്ങളും കസേരകളും അലങ്കാരങ്ങളും മറ്റും കാണാം. വിവാഹത്തിന്റെ ചടങ്ങുകൾ പാതിവഴി ഉപേക്ഷിച്ച് കൂട്ട ഖബറടക്കങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് കാബൂളിപ്പോൾ.

bomb kills 63 in kabul

"എന്റെ സഹോദരനെ, സുഹൃത്തുക്കളെ, ബന്ധുക്കളെ ഒക്കെ എനിക്ക് നഷ്ടമായി. ഇനിയൊരിക്കലും എന്റെ ജീവിതത്തിലേക്ക് സന്തോഷം തിരിച്ചുവരില്ല..." പ്രാദേശികമാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട്  നവവരനായ മിർവായിസ്  പറഞ്ഞു.

bomb kills 63 in kabul

"എനിക്ക് കബറടക്കത്തിൽ പങ്കെടുക്കാൻ പോലും വയ്യാത്തത്ര ക്ഷീണമുണ്ട്. ഞങ്ങൾ അഫ്‌ഗാനികൾ അനുഭവിക്കാൻ വിധിക്കപ്പെട്ട ആദ്യത്തെ സങ്കടമല്ല ഇതെന്ന് എനിക്കറിയാം... ഇനിയും ഇതിങ്ങനെ അവർത്തിച്ചുകൊണ്ടിരിക്കും. ആർക്കും ഒന്നും ചെയ്യാനാവില്ല..." അദ്ദേഹം കൂട്ടിച്ചേർത്തു.

 bomb kills 63 in kabul

വധുവിന്റെ പാർട്ടിയിലെ  14  ബന്ധുക്കൾ കൊല്ലപ്പെട്ടു എന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചുകൊണ്ടാണ് അഫ്ഗാൻ വിവാഹങ്ങളുടെ സൽക്കാരങ്ങൾ പൊതുവേ നടത്തപ്പെടുക. പുരുഷന്മാരുടെ വിഭാഗത്തിലാണ് സ്ഫോടനം നടന്നത്. ആ മുറിക്കുള്ളിൽ ഉണ്ടായിരുന്ന ഏതാണ്ട് എല്ലാവർക്കും ഗുരുതരമായി പരിക്കേറ്റു. പലരും മരിച്ചു. ഭക്ഷണം വിളമ്പാൻ നിന്നവരിൽ പലർക്കും ജീവൻ നഷ്ടമായി. 

bomb kills 63 in kabul

സംഭവത്തെ കടുത്തവാക്കുകളിൽ അപലപിച്ച അഫ്‌ഗാൻ പ്രസിഡന്റ് മുഹമ്മദ് ഗനി സ്ഥിതിഗതികൾ പരിശോധിച്ച് വേണ്ട നടപടികളെടുക്കും എന്ന് ഉറപ്പുനല്കി. പരിക്കേറ്റവരെ പരിചരിക്കുകയാണ് ഇപ്പോഴുള്ള അടിയന്തര പരിഗണന എന്നും അദ്ദേഹം പറഞ്ഞു. 

കാബൂൾ നഗരത്തിലെ ഷിയാ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന പടിഞ്ഞാറൻ പ്രവിശ്യയിലാണ് ഈ ആക്രമണം നടന്നത്. ഇതാദ്യമായല്ല, സുന്നി ഭൂരിപക്ഷമുള്ള ഐഎസ്, താലിബാൻ തുടങ്ങിയ ഭീകരസംഘടനകൾ ഷിയാ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നത്. കാബൂൾ പൊലീസ് സ്റ്റേഷന് പുറത്ത് നടന്ന ഒരു ബോംബാക്രമണത്തിൽ 14 പേർ മരിച്ചിട്ട് പത്തു ദിവസം പോലും ആകും മുമ്പാണ് പുതിയ ആക്രമണം. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ പക്ഷേ, ഈ ആക്രമണത്തിന് പിന്നിൽ തങ്ങളല്ല എന്ന് അറിയിച്ചു. താലിബാനും അമേരിക്കൻ പ്രതിനിധികൾക്കുമിടയിൽ സമാധാനചർച്ചകൾ പുരോഗമിക്കവെയാണ് പുതിയ സംഭവവികാസങ്ങൾ. വെള്ളിയാഴ്ച, താലിബാനുമായി ഉടമ്പടിയിൽ എത്തിയേക്കും എന്ന് പ്രസിഡന്റ് ട്രംപ് ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്ക വിന്യസിച്ചിരിക്കുന്ന അമേരിക്കൻ പട്ടാളക്കാരുടെ ഘട്ടം ഘട്ടമായുള്ള പിൻവലിക്കൽ തന്നെയാണ് ആ ഉടമ്പടിയുടെ ഭാഗമായി താലിബാൻ മുന്നോട്ടു വെച്ചിരുന്ന ആദ്യ ഉപാധി. സമാധാനശ്രമങ്ങൾക്ക് കടുത്ത തിരിച്ചടിയാണ് ഇപ്പോൾ നടന്നിരിക്കുന്ന ഈ ചാവേറാക്രമണം.

Follow Us:
Download App:
  • android
  • ios