കുറച്ചുകാലം വൈകിയാൽ തന്നെ എത്ര രൂപ പിഴയടക്കേണ്ടി വരും എന്നതിനെ കുറിച്ച് നാം ആശങ്കാകുലരായിരിക്കും. എന്നാൽ, ആശങ്കപ്പെടേണ്ടതില്ല എന്നും ലൈബ്രറി പറയുന്നു. കമ്പ്യൂട്ടർ സിസ്റ്റം വരുന്നതിന് മുമ്പാണ് പുസ്തകം കൊണ്ടുപോയിരിക്കുന്നത്. അതിനാൽ തന്നെ അത് ആരാണ് കൊണ്ടുപോയിരിക്കുന്നത് എന്ന് അറിയാൻ നിർവാഹമില്ല.

കൊടുത്താൽ തിരികെ കിട്ടാത്ത പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് പുസ്തകങ്ങളാണ് അല്ലേ? എത്രയോ പേർക്കാണ് എത്രയോ പുസ്തകങ്ങളാണ് അങ്ങനെ വായിക്കാൻ കൊടുത്തിട്ട് നഷ്ടപ്പെട്ട് പോയിട്ടുണ്ടാവുക. എന്നാൽ, 46 വർഷങ്ങൾക്ക് ശേഷം ഒരു പുസ്തകം ലൈബ്രറിയിലേക്ക് തിരികെ എത്തിയിരിക്കയാണ്. ഇത് ലൈബ്രറിയെ മാത്രമല്ല, പുസ്തകപ്രേമികളെയും അമ്പരപ്പിച്ചു. 

ഒക്‌ലഹോമയിലെ ഒവാസ്സോ ലൈബ്രറിയിലേ(Owasso Library in Oklahoma)ക്കാണ് എഴുത്തുകാരി മോളി കോണിന്റെ ആനി ആനി (Molly Cone's novel Annie Annie) എന്ന നോവലിന്റെ കോപ്പി തിരികെയെത്തിയിരിക്കുന്നത്. ലൈബ്രറി ഫേസ്ബുക്കിൽ പുസ്തകത്തിന്റെ ഒരു ചിത്രം പങ്കിട്ടിട്ടുണ്ട്. പുസ്തകത്തിന് കാര്യമായ കേടുപാടുകളുണ്ടായിരുന്നു. മാത്രവുമല്ല, അതിൽ ഒരു ലൈബ്രറി കാർഡും ഉണ്ടായിരുന്നു. 

1976 സപ്തംബർ എട്ടിനാണ് ഈ പുസ്തകം ലൈബ്രറിയിലേക്ക് തിരികെ എത്തേണ്ടിയിരുന്നത്. 'ആനി ആനിയുടെ ഈ കോപ്പി ഞങ്ങൾക്ക് തിരികെ നൽകിയവർക്ക് നന്ദി! ഉള്ളിലെ കാർഡിലെ കണക്കനുസരിച്ച്, ഈ പുസ്തകം 1976 സെപ്തംബർ 8 -ന് സെൻട്രൽ ലൈബ്രറിയിൽ തിരികെ നൽകേണ്ടതായിരുന്നു. 46 വർഷം പിന്നിട്ടിരിക്കുന്നു!' എന്ന് ലൈബ്രറി തങ്ങളുടെ പോസ്റ്റിൽ വിശദീകരിച്ചു. 

കുറച്ചുകാലം വൈകിയാൽ തന്നെ എത്ര രൂപ പിഴയടക്കേണ്ടി വരും എന്നതിനെ കുറിച്ച് നാം ആശങ്കാകുലരായിരിക്കും. എന്നാൽ, ആശങ്കപ്പെടേണ്ടതില്ല എന്നും ലൈബ്രറി പറയുന്നു. കമ്പ്യൂട്ടർ സിസ്റ്റം വരുന്നതിന് മുമ്പാണ് പുസ്തകം കൊണ്ടുപോയിരിക്കുന്നത്. അതിനാൽ തന്നെ അത് ആരാണ് കൊണ്ടുപോയിരിക്കുന്നത് എന്ന് അറിയാൻ നിർവാഹമില്ല. മാത്രമല്ല, ഇത്രയും പഴക്കം ചെന്ന പുസ്തകത്തിന് ലൈബ്രറി പിഴയീടാക്കുകയുമില്ല. ഇത് ഞങ്ങളിലേക്ക് തിരികെ എത്തിച്ചതിന് നന്ദി എന്നും ലൈബ്രറി വ്യക്തമാക്കി. 

ഇതുപോലെ കാർഡുകളും പുസ്തകങ്ങളും ഉള്ള വേറെയും ആളുകളുണ്ടാവാം എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് ചെയ്‍തത്. ഏതായാലും ഇത്രയും വർഷങ്ങൾക്ക് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് എത്തിച്ചേർന്ന വാർത്ത വായനാപ്രേമികളെ രസിപ്പിച്ചു.