നിങ്ങൾ 18 വർഷമായി അവിടെ ജോലി ചെയ്യുന്നു. വലിയ തുക തന്നെ ശമ്പളമായും തരുന്നുണ്ടാകണം. നിങ്ങളെ അവിടെ നിന്നും ഒഴിവാക്കി കുറഞ്ഞ പണത്തിന് ഒരാളെ അവിടെ നിയമിക്കാനായിരിക്കണം അവരുടെ ശ്രമം എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
സ്കൂളിൽ പഠിക്കുന്ന സമയത്ത് നമുക്ക് അധ്യാപകരോട് ബാത്ത്‍റൂമിൽ പോയിക്കോട്ടെ എന്ന് ചോദിക്കാൻ വലിയ മടിയാണ് അല്ലേ? എന്നാൽ, ജോലി കിട്ടി ഓഫീസിൽ പോകാൻ തുടങ്ങിയിട്ടും ബാത്ത്‍റൂമിൽ പോകാൻ മടി തോന്നുമോ? നമുക്ക് തോന്നുമ്പോൾ നാം ബാത്ത്‍റൂമിൽ പോകും. എന്നാൽ, ഒരു ഓഫീസിലുള്ള വിചിത്രമായ കാര്യത്തെ കുറിച്ചുള്ള റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.
അതിൽ പറയുന്നത് തന്റെ സ്ട്രിക്ട് ആയ ബോസ് ഓരോ തവണ ബാത്ത്‍റൂം ബ്രേക്ക് എടുക്കുമ്പോഴും ഔട്ടും ഇന്നും ഇടാൻ വേണ്ടി ആവശ്യപ്പെടുന്നു എന്നാണ്. അതിന് സാധിക്കില്ല എന്ന് പറഞ്ഞാൽ പിരിച്ചുവിടൽ അടക്കമുള്ള കർശനമായ നടപടിക്രമങ്ങൾ നേരിടേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തുന്നതായും പോസ്റ്റിൽ പറയുന്നു.
അങ്ങനെ ഭീഷണിപ്പെടുത്തലിന് വിധേയനായ ജീവനക്കാരൻ ഇപ്പോൾ ആകെ ബുദ്ധിമുട്ടിലാണ്, ആ കമ്പനി വിടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്നും പോസ്റ്റിൽ പറയുന്നു. തനിക്ക് 40 വയസായി. 18 വർഷമായി താൻ ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ബാത്ത്‍റൂമിൽ പോയപ്പോൾ താൻ ലോഗ് ഔട്ട് ചെയ്യാൻ വിസമ്മതിച്ചു എന്നും പോസ്റ്റിൽ പറയുന്നു. അത് അനുസരണക്കേടായിട്ടും നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ താൻ പരാജയപ്പെടുന്നതായിട്ടുമാണ് ബോസ് വിലയിരുത്തിയിരിക്കുന്നത് എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
നിരവധിപ്പേരാണ് പോസ്റ്റ് കണ്ടതും അതിന് മറുപടികളുമായി എത്തിയതും. നിങ്ങൾ 18 വർഷമായി അവിടെ ജോലി ചെയ്യുന്നു. വലിയ തുക തന്നെ ശമ്പളമായും തരുന്നുണ്ടാകണം. നിങ്ങളെ അവിടെ നിന്നും ഒഴിവാക്കി കുറഞ്ഞ പണത്തിന് ഒരാളെ അവിടെ നിയമിക്കാനായിരിക്കണം അവരുടെ ശ്രമം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. സമാനമായ അനവധി കമന്റുകളാണ് പലരായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഏതായാലും ഇയാൾ എല്ലാവരുടേയും അഭിപ്രായങ്ങൾക്ക് നന്ദി പറഞ്ഞിട്ടുണ്ട്. ജോലി രാജിവെക്കാനാണോ അതോ തുടരാനാണോ തീരുമാനം എന്നത് വ്യക്തമല്ല.
