അവന് ആശുപത്രിയിൽ പോകേണ്ടി വന്ന സാഹചര്യങ്ങളിലെല്ലാം അത് ചെയ്തത് സ്കൂൾ സമയത്തിന് പുറത്തുള്ള സമയങ്ങളിലാണ് എന്നും അവന്റെ അമ്മ സമ്മതിച്ചു.

സ്കൂളിൽ പഠിക്കുമ്പോൾ നാമെല്ലാം എത്ര തവണ ലീവെടുത്തു കാണും. അസുഖമായിട്ട്, ആഘോഷങ്ങളിൽ പങ്കെടുക്കാൻ, ബന്ധുക്കളാരെങ്കിലും മരിച്ചാൽ തുടങ്ങി പല കാര്യങ്ങൾക്കും ലീവെടുത്തവരായിരിക്കും നാമോരോരുത്തരും. എന്നാൽ, ഈ പതിനാറുകാരൻ 12 വർഷത്തെ സ്കൂൾ ജീവിതത്തിനിടയിൽ ഒരു ലീവ് പോലും എടുത്തിട്ടില്ല. 

ബെഡ്‌ഫോർഡ്‌ഷയറിലെ ഹെൻലോവിൽ നിന്നുള്ള ഗൈ ക്രോസ്‌ലാൻഡ് എന്ന കുട്ടിക്കാണ് നൂറു ശതമാനം അറ്റൻഡൻസുള്ളത്. ലോക്ക്ഡൗൺ സമയത്ത് പോലും അവൻ ക്ലാസുകൾ മുടക്കിയിരുന്നില്ല എന്ന് അവന്റെ അമ്മ പറയുന്നു. ഹെർട്ട്‌ഫോർഡ്‌ഷയറിലെ ഹിച്ചിനിലെ ഔവർ ലേഡി പ്രൈമറി സ്കൂൾ, സ്റ്റീവനേജിലെ ജോൺ ഹെൻറി ന്യൂമാൻ സ്കൂൾ, ഹിച്ചിൻ ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് അവൻ പഠിച്ചത്. 

'ഏത് പ്രതികൂല സാഹചര്യത്തിലും സ്കൂളിൽ പോകണം എന്ന് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു' എന്നാണ് ​ഗൈ പറയുന്നത്. 'ചില സമയങ്ങളിൽ അത് വളരെ കഠിനമായിരുന്നു. പക്ഷേ, ഞാൻ സ്കൂളിൽ പോവാതിരുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു' എന്നും അവൻ പറഞ്ഞു. 

അവന്റെ അമ്മയായ ജൂലിയ ക്രോസ്‌ലാൻഡ് പറയുന്നു, 'ചില സമയങ്ങളിൽ അവന് സ്കൂളിൽ പോകാൻ കഴിയില്ല എന്ന് നമ്മൾ കരുതും. എന്നാൽ, ആ സാഹചര്യത്തിൽ പോലും അവൻ സ്കൂളിലെത്തി. അവനെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. കൊവിഡ് മഹാമാരി വന്നപ്പോൾ സാഹചര്യങ്ങളെല്ലാം മാറിമറിഞ്ഞു. എന്നാൽ, അപ്പോഴെല്ലാം അവൻ തന്റെ ഓൺലൈൻ ക്ലാസുകൾ മുടക്കിയിരുന്നില്ല. എപ്പോഴും അതിന് വേണ്ടി തയ്യാറെടുത്തു' എന്നും അവന്റെ അമ്മ പറയുന്നു. 

അവന് ആശുപത്രിയിൽ പോകേണ്ടി വന്ന സാഹചര്യങ്ങളിലെല്ലാം അത് ചെയ്തത് സ്കൂൾ സമയത്തിന് പുറത്തുള്ള സമയങ്ങളിലാണ് എന്നും അവന്റെ അമ്മ സമ്മതിച്ചു. ഇനി വരുന്ന ക്ലാസുകളിലും എല്ലാ ക്ലാസിലും ലീവെടുക്കാതെ പോവാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്ന് ​ഗൈ പറയുന്നു.