ചെന്ന ദിവസം തന്നെ അവനെ ടീച്ചർ ക്ലാസിൽ നിന്നും മാറ്റി നിർത്തി. ആരെയും പരിചയപ്പെടാൻ പോലും അവസരം നൽകിയില്ല. അവനെ തീർത്തും ഒറ്റപ്പെടുത്തി.

വിദ്യാർത്ഥിയുടെ മുടി വെട്ടിയത് ഫാഷൻ കൂടിപ്പോയി എന്ന് ടീച്ചർ. കുട്ടിയെ ക്ലാസിൽ നിന്നും മാറ്റി നിർത്തിയെന്ന് പരാതിയുമായി അമ്മ. ഈസ്റ്റ് ലണ്ടനിലെ ഡാഗെൻഹാമിൽ നിന്നുള്ള വിദ്യാർത്ഥിയാണ് ജെയ്‌ലെൻ മേസൺ. അവനോട് മുടി വളരുന്നത് വരെ മറ്റ് കുട്ടികളിൽ നിന്നും ക്ലാസിൽ നിന്നും ഒറ്റപ്പെട്ടിരിക്കാനാണത്രെ ടീച്ചർ പറഞ്ഞത്. 

ജെയ്ലെന്റെ അമ്മയായ ഐമി മേസൺ പറയുന്നത്, വളരെ വേദനയോടെയാണ് അവൻ അന്ന് സ്കൂളിൽ നിന്നും വന്നത് എന്നാണ്. പിന്നീട് അവൻ വിഷാദത്തിലായി എന്നും മേസൺ പറയുന്നു. ടീച്ചർ കാണിച്ചത് വംശീയതയാണ് എന്നും ആഫ്രിക്കക്കാരുടെ മുടിയെ കുറിച്ച് ടീച്ചർക്ക് ഒന്നും അറിയില്ല എന്നും ഐമി കുറ്റപ്പെടുത്തി. റോബർട്ട് ക്ലാക് സ്കൂളിലെ ജെയ്‍ലന്റെ ആദ്യത്തെ ദിവസമായിരുന്നു അത്. വലിയ സന്തോഷത്തോടെയാണ് അവൻ സ്കൂളിലേക്ക് പുറപ്പെട്ടത്. പുതിയ സ്കൂൾ, പുതിയ കൂട്ടുകാർ ഇവയെല്ലാം അവനെ ആകാംക്ഷയിലാക്കിയിരുന്നു എന്നും ഐമി പറയുന്നു. 

എന്നാൽ, ചെന്ന ദിവസം തന്നെ അവനെ ടീച്ചർ ക്ലാസിൽ നിന്നും മാറ്റി നിർത്തി. ആരെയും പരിചയപ്പെടാൻ പോലും അവസരം നൽകിയില്ല. അവനെ തീർത്തും ഒറ്റപ്പെടുത്തി. ജെയ്ലന്റെ മുടി ആഫ്രിക്കക്കാരുടെ മുടിയാണ്. അവന്റെ അച്ഛനും അതുപോലെ ആയിരുന്നു മുടി. അദ്ദേഹം ജെയ്‍ലന് രണ്ട് വയസുള്ളപ്പോൾ മരിച്ചതാണ്. അച്ഛനുമായുള്ള ബന്ധത്തെ കൂടി സൂചിപ്പിക്കുന്ന അപൂർവം കാര്യങ്ങളിൽ ഒന്നാണ് ജെയ്‍ലന്റെ മുടി എന്ന് ഐമി പറയുന്നു. 

അത് തങ്ങളുടെ സംസ്കാരത്തെ കൂടി സൂചിപ്പിക്കുന്നതാണ്. സ്കൂളിന്റെ യൂണിഫോം പോളിസിയിൽ പറയുന്ന ഹെയർസ്റ്റൈൽ ആഫ്രിക്കക്കാരെ പരി​ഗണിക്കാത്തതാണ് എന്നും വംശീയമായ വിവേചനം ആണ് എന്നു കൂടി ഐമി പറഞ്ഞു. ഏതായാലും സംഭവം ഇത്രയും ശ്രദ്ധ ആകർഷിച്ചതോടെ സ്കൂൾ ജെയ്‍ലനോട് വാക്കാലെ മാപ്പ് പറഞ്ഞിട്ടുണ്ട്.