ഐസിസിന് എതിരായ പോരാട്ടത്തില്‍ പങ്കാളിയായിരുന്ന ഈ യുവതി വടക്കു കിഴക്കന്‍ ഖാര്‍കിവിലെ ബങ്കറില്‍ വെച്ചാണ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.  

ഉന്നം തെറ്റാത്ത ഷൂട്ടര്‍ എന്ന് പേരെടുത്ത ബ്രസീലിയന്‍ മോഡല്‍ യുക്രൈന്‍ യുദ്ധത്തിനിടെ നടന്ന റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനതിരെ പോരാടാന്‍ മൂന്നാഴ്ച മുമ്പ് ബ്രസീലില്‍നിന്ന് എത്തിയതായിരുന്നു സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തയായ മോഡല്‍. നേരത്തെ ഐസിസിന് എതിരായ പോരാട്ടത്തില്‍ പങ്കാളിയായിരുന്ന ഈ യുവതി വടക്കു കിഴക്കന്‍ ഖാര്‍കിവിലെ ബങ്കറില്‍ വെച്ചാണ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

39-കാരിയായ ബ്രസീലിയന്‍ മോഡല്‍ താലിറ്റോ ദൊ വാലെയാണ് യുക്രൈനിലെ യുദ്ധമുഖത്ത് ദാരുണമായി കൊല്ലപ്പെട്ടത്. റഷ്യന്‍ സൈന്യത്തിന് എതിരെ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന ഖാര്‍കിവില്‍ കഴിഞ്ഞ ആഴ്ചയാണ് താലിറ്റോ എത്തിയത്. അതിനു മുമ്പേ യുക്രൈന്റെ മറ്റ് ഭാഗങ്ങളിലായിരുന്നു ഇവര്‍. റഷ്യന്‍ സൈന്യം കനത്ത ആക്രമണം അഴിച്ചുവിടുന്ന ഖാര്‍കിവില്‍ യുക്രൈന്‍ പോരാളികളുടെ മുന്നേറ്റം സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെട്ടിരുന്നത്. ഐസിസിന് എതിരായ യുദ്ധത്തില്‍ പങ്കാളിയായപ്പോഴാണ് ഇവര്‍ക്ക് ഷാര്‍പ്പ് ഷൂട്ടിംഗ് പരിശീലനം ലഭിച്ചത്. ദൂരെ നിന്നും ശത്രുക്കള്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന സ്‌നൈപ്പര്‍ എന്ന നിലയില്‍ ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ ഇവര്‍ ശ്രദ്ധേയയായിരുന്നു. ആ അനുഭവസമ്പത്തുമായാണ് താലിറ്റോ മൂന്നാഴ്ച മുമ്പ് യുക്രൈനില്‍ എത്തിയത്. 

ബങ്കറില്‍ മറഞ്ഞിരുന്ന് റഷ്യന്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുന്നതിനിടയിലാണ് പാഞ്ഞുവന്ന മിസൈല്‍ ഇവരുടെ ജീവനെടുത്തത്. ഇവരെ കാണാത്തതിനാല്‍, ബങ്കറില്‍ ചെന്നുനോക്കിയ മുന്‍ ബ്രസീല്‍ സൈനികനായ ഡഗ്ലസ് ബറിഗോയും മറ്റൊരു മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

യുദ്ധമുഖത്തെ തന്റെ അനുഭവങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ യൂ ട്യൂബിനെയാണ് താലിറ്റോ ഉപയോഗിച്ചിരുന്നത്. ഇറാഖില്‍ ഐസിസിന് എതിരെ പോരാട്ടം നടക്കുന്നതിനിടെ സ്‌നൈപ്പര്‍ പരിശീലനം നേടുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം ഇവരുടെ യൂ ട്യൂബ് ചാനലില്‍ ലഭ്യമാണ്. ഐസിസിന് എതിരെ വമ്പന്‍ പോരാട്ടം നടത്തിയ കുര്‍ദ് പോരാളികളുടെ സംയുക്ത സൈന്യമാണ് അവര്‍ക്ക് അന്ന് വെടിവെപ്പു പരിശീലനം നല്‍കിയത്. കുര്‍ദ് പോരാളികള്‍ക്കൊപ്പം അവര്‍ അന്ന് ഐസിസിന് എതിരായ പോരാട്ടത്തില്‍ സജീവമായിരുന്നു. 

സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു താലിറ്റോ. നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം ചെറുപ്പത്തിലേ അഭിനയ രംഗത്തേക്കു തിരിഞ്ഞ ഇവര്‍ പിന്നീടാണ് മോഡലിംഗ് രംഗത്തേക്ക് വന്നത്. മോഡല്‍ എന്ന നിലയില്‍ ശ്രദ്ധേയ ആയിരിക്കുമ്പോള്‍ തന്നെ താലിറ്റോ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. സന്നദ്ധ സംഘടനകള്‍ക്കു വേണ്ടിയും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതേ സാമൂഹ്യ പ്രവര്‍ത്തന താല്‍പ്പര്യമാണ് നേരത്തെ അവരെ ഇറാഖിലേക്ക് എത്തിച്ചത്. അവിടെ കുര്‍ദ് പോരാളികള്‍ക്കൊപ്പം ചേര്‍ന്ന് പടപൊരുതിയ താലിറ്റോ യുക്രൈന്‍ യുദ്ധമുഖത്തേക്ക് വന്നത് അതിന്റെ തുടര്‍ച്ചയായാണ്. യുക്രൈനിലെ പടനിലങ്ങളിലെ അനുഭവങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയിലായിരുന്നു താലിറ്റോ. ഇതിനായി, ഒരു ഫ്രീലാന്‍സ് എഴുത്തുകാരനുമായി ഇവര്‍ കരാറുണ്ടാക്കിയിരുന്നു. അതിനിടെയാണ്, ഖാര്‍കിവ് യുദ്ധമുഖത്തുവെച്ച് ഇവര്‍ കൊല്ലപ്പെട്ടത്. 

യുക്രൈന്‍ യുദ്ധമുഖത്ത് വെച്ച് ഒരു ബോംബാക്രമണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി താലിറ്റോയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്ന് കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി താലിറ്റോയുടെ സഹോദരന്‍ തിയോ റോഡ്രിഗോ പറഞ്ഞു. റഷ്യന്‍ ഡ്രോണുകള്‍ ഫോണ്‍ കോളുകള്‍ ടാപ്പ് ചെയ്യുന്നതിനാല്‍, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ വിളിക്കൂ എന്നും താന്‍ സുരക്ഷിതയാണെന്നുമാണ് അന്നവര്‍ പറഞ്ഞിരുന്നത്. തന്റെ സേഹാദരി ഒരു ധീരനായികയായിരുന്നുവെന്നും താലിറ്റോയുടെ സഹോദരന്‍ പറഞ്ഞു.