ഫോട്ടോഗ്രാഫി ടീമിന് ഭക്ഷണം നൽകാൻ വധു വിസമ്മതിച്ചു. മാത്രമല്ല, ടീമിലെ ഓരോ അംഗത്തിനും അവർ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാൻ ഒരു മണിക്കൂർ ഇടവേള എടുക്കാൻ അനുവദിച്ചില്ല എന്നാണ് വധുവിനെ വിമർശിച്ചുകൊണ്ട് പോസ്റ്റിൽ പറയുന്നത്.
തന്റെ വിവാഹം പകർത്താനെത്തിയ ഫോട്ടോഗ്രഫി ടീമിന് ഗൂഗിളിൽ വൺ സ്റ്റാർ റിവ്യൂ നൽകി ദില്ലിയിൽ നിന്നുള്ള എൻആർഐ യുവതി. പിന്നാലെ വധു ഭക്ഷണം തന്നില്ല എന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച് ഫോട്ടോഗ്രഫി ടീം. അതോടെ പോസ്റ്റിന് താഴെ സംഭവത്തിൽ വലിയ ചർച്ച തന്നെ നടക്കുകയാണ്. റിച്ച ഒബ്‌റോയിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
വിവാഹം നടന്നത് ഫൈവ് സ്റ്റാർ ഹോട്ടലിലാണ്. ഓരോ പ്ലേറ്റിനും വലിയ ചിലവാണ്. അതിനാൽ ഭക്ഷണത്തിന്റേത് കൂടി കണക്കാക്കിയാണ് ഫോട്ടോഗ്രഫി ടീമിന് പണം നൽകിയത്. അതിനായി 1.5 ലക്ഷം രൂപ നൽകിയിരുന്നു. ഫോട്ടോഗ്രാഫി ടീം വരുന്നത് അവരുടെ ജോലി ചെയ്യാനാണ്. അല്ലാതെ അതിഥികളെ പോലെ വിവാഹത്തിൽ പങ്കെടുക്കാനല്ല എന്നാണ് വധുവായ യുവതി റിവ്യൂവിൽ പറയുന്നത്.
ഫോട്ടോഗ്രാഫി ടീമിന് ഭക്ഷണം നൽകാൻ വധു വിസമ്മതിച്ചു. മാത്രമല്ല, ടീമിലെ ഓരോ അംഗത്തിനും അവർ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാൻ ഒരു മണിക്കൂർ ഇടവേള എടുക്കാൻ അനുവദിച്ചില്ല എന്നാണ് വധുവിനെ വിമർശിച്ചുകൊണ്ട് പോസ്റ്റിൽ പറയുന്നത്.
10 വർഷമായി താൻ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട് എന്നും എന്നാൽ ഇതുവരെ ആരും ഇങ്ങനെ പെരുമാറിയിട്ടില്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്. 10 വർഷത്തിനിടയിൽ ആയിരക്കണക്കിന് വിവാഹങ്ങൾക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഭക്ഷണം ചോദിച്ചതിനാണ് വൺ സ്റ്റാർ റിവ്യൂ നൽകിയിരിക്കുന്നത്. ഇത് ഭക്ഷണത്തിന്റെ പ്രശ്നമല്ല, തങ്ങളുടെ അന്തസിന്റെ പ്രശ്നമാണ് എന്നും അവർ കുറിച്ചു.
അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ചിലരൊക്കെ റിച്ചയെ അനുകൂലിച്ചെങ്കിലും മറ്റ് ചിലർ അവരുടെ വാദത്തോട് വിയോജിക്കുകയാണ് ചെയ്തത്. നിങ്ങൾ വളരെ പ്രൊഫഷണലായി കാര്യങ്ങളെ കാണണം. നിങ്ങളുടെ ടീമംഗങ്ങൾക്ക് ഭക്ഷണത്തിനുള്ള ഒരുക്കം നിങ്ങൾ ചെയ്യണം. വധു പറഞ്ഞത് ശരിയാണ് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
