സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടെത്തന്നെയാണ് വിവാഹം നടന്നത്. എന്നാൽ, മധുവിന് നടക്കാൻ സാധിക്കാതിരുന്നതിനാൽ അഗ്നിക്ക് വലം വയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
സാധാരണ ഒരു വിവാഹം നടക്കുന്നത്, ഏതെങ്കിലും ഹാളുകളിലോ, വധൂവരന്മാരുടെ വീട്ടിലോ, ആരാധനാലയങ്ങളിലോ ഒക്കെ വച്ചാണ് അല്ലേ? എന്നാൽ, ഏതെങ്കിലും വിവാഹം ആശുപത്രിയിൽ വച്ച് നടന്നതായി കേട്ടിട്ടുണ്ടോ? ഇവിടെ അങ്ങനെ ഒരു വിവാഹം നടന്നു. ആശുപത്രിയിലാണ് അത് നടന്നത്. വീണ് പരിക്കേറ്റതിനെ തുടർന്ന് അവിടെ ചികിത്സയിൽ കഴിയുകയാണ് വിവാഹിതയായ യുവതി.
ഞായറാഴ്ച വൈകുന്നേരമാണ് യുവതിയെ വിവാഹം കഴിക്കാൻ വേണ്ടി രാംഗഞ്ച്മണ്ടിയിൽ നിന്ന് കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് വരനായ യുവാവ് എത്തിയത്. മാലയിടൽ ചടങ്ങിനും മറ്റു ചടങ്ങുകൾക്കുമായി ഒരു കോട്ടേജ് മുറിയും ബുക്ക് ചെയ്തിരുന്നു. വിവാഹത്തിന് കുടുംബാംഗങ്ങളുടെ എല്ലാം സാന്നിധ്യമുണ്ടായിരുന്നു.
രാംഗഞ്ച്മണ്ടിയിലെ ഭാവ്പുരയിൽ നിന്നുമുള്ള പങ്കജ് റാത്തോഡാണ് വരൻ. വധു മധു റാത്തോഡ് റാവത്ഭട്ടയിലാണ് താമസിക്കുന്നത്. വാരാന്ത്യത്തിൽ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനിടയിൽ യുവതി പടികളിൽ നിന്നും വീഴുകയായിരുന്നു. അങ്ങനെ രണ്ട് കൈകൾക്കും കാലുകൾക്കും ഒന്നിലധികം ഒടിവുകളും ഉണ്ടായി. അപകടത്തിൽ അവളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്നാണ് ചികിത്സക്കായി കോട്ടയിലെ എംബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടത്തിന് ശേഷം, പങ്കജിന്റെ അച്ഛൻ ശിവ്‌ലാൽ റാത്തോഡും മധുവിന്റെ സഹോദരനും ഉൾപ്പെടെ വിവാഹക്കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ആ ചർച്ചകൾക്കിടയിലാണ് ആശുപത്രിയിൽ വച്ച് മധുവുമായി വിവാഹം നടത്താനുള്ള ആഗ്രഹത്തെ കുറിച്ച് പങ്കജ് സൂചിപ്പിച്ചത്. അങ്ങനെ ആശുപത്രിയിൽ വച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
പങ്കജിന്റെ ഭാര്യാസഹോദരനായ രാകേഷ് റാത്തോഡ് കോട്ടയിലെ താമസക്കാരനായിരുന്നു. അങ്ങനെ, ആശുപത്രിയിലെ വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം മൂളിയതോടെ കോട്ടേജിൽ മുറിയെടുത്ത് അവിടം രാകേഷിന്റെ നേതൃത്വത്തിൽ അലങ്കരിച്ചു. അങ്ങനെ, വധുവിനെ വാർഡിൽ നിന്നും മണ്ഡപത്തിലെത്തിച്ച് വിവാഹം നടന്നു.
സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടെത്തന്നെയാണ് വിവാഹം നടന്നത്. എന്നാൽ, മധുവിന് നടക്കാൻ സാധിക്കാതിരുന്നതിനാൽ അഗ്നിക്ക് വലം വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഏതായാലും, അവൾക്ക് പൂർണമായും ഭേദപ്പെടണമെങ്കിൽ കുറച്ച് ദിവസം കൂടി ആശുപത്രിയിൽ കഴിയണം എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
