അവരുടെ വിവാഹദിനത്തിൽ ഒവാന്റെ തന്റെ ജയിൽ വേഷത്തിലായിരുന്നു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു റെബേക്ക എത്തിയത്. അമേരിക്കയിലെ സീരിയൽ കില്ലർമാരെക്കുറിച്ചുള്ള ഡോക്യുമെന്ററികളിൽ റെബേക്ക ആവേശം കാണിച്ചിരുന്നു എന്ന് പറയപ്പെടുന്നു. 

ഒരു ബ്രിട്ടീഷ് യുവതി ഡിസ്‍നി വേൾഡിലേക്ക് എന്നും പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങി. അതിലിപ്പോ എന്താ അല്ലേ? എന്നാൽ, ഒരു ട്രെയിനീ ഡെന്റൽ നഴ്സായ യുവതി നേരെ പോയത് അരിസോണയിലേക്കാണ്. എന്തിനെന്നല്ലേ? കാമുകനെ വിവാഹം കഴിക്കാൻ. കാമുകനാവട്ടെ വധശിക്ഷയും കാത്ത് ജയിലിൽ കഴിയുന്ന ഒരാളാണ്. കുറ്റം രണ്ടുപേരെ കൊന്ന് ഒരാളുടെ ശവശരീരം അടുത്തുള്ള വിജനമായ വഴിയിൽ കൊണ്ടുചെന്ന് തള്ളി. 

ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ചിപ്പിംഗ് നോർട്ടണിൽ നിന്നുള്ള 26 -കാരിയായ റെബേക്ക ഷോർട്ട്(Rebecca Short), താൻ യുഎസിൽ അവധിക്കാലം ആഘോഷിക്കാൻ പോവുകയാണ് എന്നും പറഞ്ഞാണ് ഇറങ്ങിയത്. ഡിസ്‌നി വേൾഡ്, ഫ്ലോറിഡ, സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങൾ അവൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നിരുന്നാലും, ബന്ധുക്കൾ ഞെട്ടിയത് മറ്റൊരു ഫോട്ടോ കണ്ടപ്പോഴാണ്. അരിസോണയിലെ ഫ്ലോറൻസിലെ എയ്മാൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മെക്സിക്കൻ-അമേരിക്കൻ ഇരട്ട കൊലപാതകി മാനുവൽ ഒവാന്റെ ജൂനിയറിനെ (Manuel Ovante Jr -35) വിവാഹം കഴിച്ചതിന്റെ ഫോട്ടോകൾ. റെബേക്കയും ഒവാന്റെയും തൂലികാസുഹൃത്തുക്കളായിരുന്നു. 2008 -ൽ മയക്കുമരുന്ന് തിരയുന്നതിനിടെ ഒരു സ്ത്രീയെയും പുരുഷനെയും കൊലപ്പെടുത്തിയതിന് 2010 -ലാണ് ഇയാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ശേഷം ഒവാന്റെ ഒരു പതിറ്റാണ്ടിലേറെ ജയിലിൽ കഴിഞ്ഞു. 

അവരുടെ വിവാഹദിനത്തിൽ ഒവാന്റെ തന്റെ ജയിൽ വേഷത്തിലായിരുന്നു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു റെബേക്ക എത്തിയത്. അമേരിക്കയിലെ സീരിയൽ കില്ലർമാരെക്കുറിച്ചുള്ള ഡോക്യുമെന്ററികളിൽ റെബേക്ക ആവേശം കാണിച്ചിരുന്നു എന്ന് പറയപ്പെടുന്നു. 

ഒവാന്റെയുടെ തൂലികാസുഹൃത്തിനായുള്ള പ്രൊഫൈലിൽ 'താൻ വളരെ വിശ്വസ്തനാണ്' എന്ന് എഴുതിയിരുന്നു. 'ഹ്യൂമർ സെൻസുള്ളവരും ജീവിതം ആസ്വദിക്കുന്ന ആളുകളുമായി സൗഹൃദം ആ​ഗ്രഹിക്കുന്നു' എന്നും എഴുതിയിരുന്നു. 'ഈ ലോകത്ത് ആരും പൂർണമായും പെർഫെക്ട് അല്ല. കഴിഞ്ഞകാലത്ത് ആളുകൾ ചെയ്ത തെറ്റുകൾക്ക് അവരെ മുൻവിധിയോടെ കാണരുത്. തനിക്ക് സം​ഗീതം കേൾക്കാനിഷ്ടമാണ്. ബോണി എന്ന ഒരു മകളുണ്ട്' തുടങ്ങിയ കാര്യങ്ങളാണ് ഇയാളുടെ പ്രൊഫൈലിൽ ഉണ്ടായിരുന്നത്. തടവുകാർക്കായുള്ള തൂലികാസുഹൃത്തിനെ തേടുന്ന സൈറ്റായിരുന്നു ഇത്.

റെബേക്കയ്ക്ക് എപ്പോഴും നെറ്റ്ഫ്ലിക്സിൽ അമേരിക്കയിലെ സീരിയൽ കില്ലർമാരെ കുറിച്ചുള്ള ഡോക്യുമെന്ററികൾ കാണാൻ ഇഷ്ടമായിരുന്നു. എന്നാൽ, അവൾ ഓടിപ്പോയി ഒരു കൊലപാതകിയെ വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് റെബേക്കയുടെ സുഹൃത്തുക്കൾ പറയുന്നത്. വിവാഹം ചെയ്യുന്നതിനായി ഒവാന്റെയെ സെല്ലിൽ നിന്നും പുറത്തിറങ്ങാൻ അനുവദിച്ചു. വിവാഹത്തിന് ശേഷം റെബേക്ക അത് ഒവാന്റെയുടെ കുടുംബത്തോടൊപ്പം ആഘോഷിച്ചു. മരണം വരെ തങ്ങളെ പിരിക്കാനാവില്ല എന്നാണ് റെബേക്ക പറയുന്നത്.