Asianet News MalayalamAsianet News Malayalam

ബ്രൊമീലിയാഡും ഗ്ലാഡിയോലസും പൂന്തോട്ടങ്ങളില്‍ വളര്‍ത്താം, കാഴ്‍ചയുടെ വസന്തമൊരുക്കാം

ഓര്‍ക്കിഡുകളെപ്പോലെ ചട്ടിയില്‍ വളര്‍ത്താവുന്ന ഇനമാണിത്. ബ്രൗണ്‍ കലര്‍ന്ന ചുവപ്പുനിറത്തില്‍ കാണപ്പെടുന്ന ഇവ മുകളിലോട്ട് ഉയര്‍ന്നു നില്‍ക്കുന്നു. കൈതച്ചക്കയോടും സാമ്യമുണ്ട്.
 

bromeliad and gladiolus in home
Author
Thiruvananthapuram, First Published Dec 30, 2019, 12:09 PM IST

വീടുകളുടെ പുറത്തും അകത്തും അലങ്കാരത്തിനായി വളര്‍ത്തുന്ന ചെടിയാണ് ഓര്‍ക്കിഡിനോട് സാമ്യമുള്ള ബ്രൊമീലിയാഡ്. മരത്തില്‍ വളരുന്നവയും ചട്ടിയില്‍ വളര്‍ത്താവുന്നവയുമുണ്ട്. ആയിരക്കണക്കിന് ഇനങ്ങള്‍ ഈ അലങ്കാരച്ചെടിയിലുണ്ട്. ആരെയും ആകര്‍ഷിക്കുന്ന മറ്റൊരു അലങ്കാരച്ചെടിയാണ് ഗ്ലാഡിയോലസ്. നമ്മുടെ നാട്ടില്‍ പൂന്തോട്ടങ്ങളില്‍ സ്ഥാനം പിടിക്കുന്ന ഇത്തരം അലങ്കാരച്ചെടികളെ പരിചയപ്പെടാം.

ഗുസ്‍മാനിയ

ബ്രൊമീലിയാഡിന്റെ മറ്റിനങ്ങളെ അപേക്ഷിച്ച് നിരവധി നിറങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന ഇനമാണിത്. മഞ്ഞ, പര്‍പ്പിള്‍, റോസ് എന്നീ നിറങ്ങളില്‍ ഇവ കാണുന്നു.

bromeliad and gladiolus in home

 

ഒരുപാട് വിസ്‍തൃതിയുള്ള സ്ഥലങ്ങളില്‍ അലങ്കാരത്തിനായി നടാവുന്ന ഇനമാണിത്. പാര്‍ക്കുകളില്‍ നട്ടുവളര്‍ത്താന്‍ നല്ലതാണ്.

ക്രിപ്റ്റാന്തസ്

ഇലകളുടെ നിറത്തിലൂടെ നമ്മെ ആകര്‍ഷിക്കാന്‍ കഴിവുള്ളയിനമാണിത്. അതുകൊണ്ടുതന്നെ കൂടുതല്‍ വെയിലേല്‍ക്കാതെ സൂക്ഷിക്കണം. അതുപോലെ ഒരുപാട് വെള്ളം ആവശ്യമില്ല.

bromeliad and gladiolus in home

 

കാഴ്‍ചയില്‍ ചെറിയ കൈതച്ചക്കയുടെ ചെടികളെപ്പോലെയാണ്. മനോഹരമായ നിറങ്ങളില്‍ കാണപ്പെടുന്നു. മഞ്ഞ കലര്‍ന്ന പച്ച, തവിട്ട്, കടുംചുവപ്പ് എന്നിവയാണ് സാധാരണ കാണുന്ന നിറങ്ങള്‍.

ഫയര്‍ബോള്‍

ഓര്‍ക്കിഡുകളെപ്പോലെ ചട്ടിയില്‍ വളര്‍ത്താവുന്ന ഇനമാണിത്. ബ്രൗണ്‍ കലര്‍ന്ന ചുവപ്പുനിറത്തില്‍ കാണപ്പെടുന്ന ഇവ മുകളിലോട്ട് ഉയര്‍ന്നു നില്‍ക്കുന്നു. കൈതച്ചക്കയോടും സാമ്യമുണ്ട്.

bromeliad and gladiolus in home

 

കാറ്റോപ്‌സിസ്

ഓര്‍ക്കിഡ് പോലെ ഉണങ്ങിയ മരക്കഷണങ്ങളില്‍ പറ്റിപ്പിടിച്ചു വളരുന്ന ചെടിയാണിത്. ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ ഇതിന്റെ ഇലകള്‍ കൈതച്ചക്കയുടെ ഇലകള്‍ പോലെ കാണപ്പെടും. മഴക്കാലത്താണ് നന്നായി വളരുന്നത്. വെള്ളം ആവശ്യമുള്ള ഇനമാണ്. വരള്‍ച്ചയുള്ള സാഹചര്യത്തില്‍ നശിച്ചു പോകും.

bromeliad and gladiolus in home

ബ്രൊമീലിയാഡുകള്‍ വീട്ടില്‍ വളര്‍ത്തുന്നതെങ്ങനെ?

ചട്ടിയില്‍ വളര്‍ത്തുന്ന ഇനങ്ങളെ ചാണകപ്പൊടി, ചാരം, പൊട്ടാഷ് എന്നിവ ചേര്‍ത്ത് പൊടിച്ച മണ്ണില്‍ നട്ടുവളര്‍ത്താം. വെള്ളം കെട്ടിനില്‍ക്കരുത്. മഴക്കാലത്ത് പുഷ്‍പിക്കുന്നവയാണ് ബ്രൊമീലിയാഡിന്റെ മിക്കവാറും ഇനങ്ങള്‍. ആഴ്‍ചയില്‍ രണ്ടു പ്രാവശ്യം മാത്രം നനച്ചാല്‍ മതി. വീട്ടിനകത്ത് വളര്‍ത്തിയാല്‍ കാഴ്‍ചയുടെ വസന്തം വിരിയിക്കാം.

കട്ടിയുള്ള ഇലകളുള്ള ഇനങ്ങള്‍ക്ക് നല്ല സൂര്യപ്രകാശം ലഭിക്കണം. നേര്‍ത്ത ഇലകള്‍ക്ക് അധികം വെയില്‍ ആവശ്യമില്ല. താപനിലയിലുള്ള വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ നശിച്ചുപോകുന്ന ചെടികളാണ് ഇവ. അനുയോജ്യമായ അന്തരീക്ഷത്തിലേ വളര്‍ത്താവൂ.

തൈകള്‍ ചുവട്ടില്‍ നിന്ന് പറിച്ചു നട്ടും കിഴങ്ങുകള്‍ കുഴിച്ചിട്ടും വളര്‍ത്തുന്നവരുണ്ട്. ടിഷ്യു കള്‍ച്ചര്‍ രീതിയില്‍ ഉത്പാദിപ്പിക്കുന്ന ചെടികള്‍ നഴ്‌സറികളില്‍ വാങ്ങാന്‍ കിട്ടും. വേനല്‍ക്കാലത്താണ് പുതിയ ചെടികള്‍ ഉണ്ടാക്കാന്‍ പറ്റിയ സമയം. ആവശ്യമുള്ളത്ര വെള്ളം നല്‍കാന്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.

വിവിധ വര്‍ണങ്ങളില്‍ മനംമയക്കുന്ന ഗ്ലാഡിയോലസ്

ഏകദേശം 150 -ല്‍ക്കൂടുതല്‍ ഇനങ്ങള്‍ ഈ ചെടിയിലുണ്ട്. ഈസ്റ്റേണ്‍ സ്റ്റാര്‍, സൂപ്പര്‍സ്റ്റാര്‍, ഡ്രീംഗേള്‍ എന്നിവയ്ക്ക് വെളുത്ത നിറമാണ്. റോയല്‍ ഗോള്‍ഡ് ഗോള്‍ഡന്‍ പീച്ച് എന്നീ ഇനങ്ങള്‍ക്ക് മഞ്ഞ നിറമാണുള്ളത്.

bromeliad and gladiolus in home

 

ഗ്രീന്‍ ബോര്‍ഡ്, ലെമണ്‍ ലൈം എന്നീ ഇനങ്ങളാണ് പച്ചനിറത്തില്‍ കാണപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഓറഞ്ച് നിറത്തില്‍ കാണപ്പെടുന്ന ഇനങ്ങളാണ് ഓറഞ്ച് ബ്യൂട്ടി, ഓറഞ്ച് ചിഫോണ്‍ എന്നിവ.

അധികം തണുപ്പും ചൂടുമില്ലാത്ത കാലാവസ്ഥ

കൃഷി ചെയ്യാന്‍ നല്ലത് വല്ലാതെ തണുപ്പും ചൂടുമില്ലാത്ത കാലാവസ്ഥയാണ്. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണിലാണ് ഗ്ലാഡിയോലസ് നന്നായി വളരുന്നത്. അതായത് മണല്‍ കലര്‍ന്ന എക്കല്‍ മണ്ണാണ് അനുയോജ്യം.

പൂക്കള്‍ക്ക് നല്ല നിറം കിട്ടണമെങ്കില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം. കേരളത്തില്‍ ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് കൃഷി ചെയ്യുന്നത്.

കൃഷിരീതി

നടാനായി ഉപയോഗിക്കുന്നത് കിഴങ്ങുകളാണ്. വലുപ്പമുള്ള കിഴങ്ങുകള്‍ തിരഞ്ഞെടുത്താല്‍ നല്ല ഗുണമേന്മയുള്ള പൂക്കള്‍ കിട്ടും.

നന്നായി കിളച്ച് പാകപ്പെടുത്തിയ മണ്ണില്‍ അടിവളം ചേര്‍ത്താണ് നടേണ്ടത്. ചെടികള്‍ തമ്മില്‍ ഒരടി അകലവും വരികള്‍ തമ്മില്‍ 20 സെ.മീറ്ററും അകലം പാലിക്കണം. നട്ടുവളര്‍ത്തിയാല്‍ ഏകദേശം 5 മുതല്‍ 7 മാസം കൊണ്ട് വിളവെടുക്കാം. പൂക്കള്‍ ഇലയോടുകൂടി വെട്ടിയെടുത്താണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.

കീടരോഗങ്ങള്‍ക്കെതിരെ വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കാം. ദിവസവും നനയ്ക്കണമെന്നില്ല. രണ്ടു ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതി. ഇലപ്പേനുകളെയും ഇലതീനിപ്പുഴുക്കളെയും പ്രതിരോധിക്കാന്‍ ജൈവകീടനാശിനികള്‍ ഉപയോഗിക്കാം.

വാട്ടരോഗത്തെ പ്രതിരോധിക്കാന്‍  മൂന്ന് ഗ്രാം കോപ്പര്‍ ഓക്‌സി ക്ലോറൈഡ് ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിക്കാം.

Follow Us:
Download App:
  • android
  • ios