Asianet News MalayalamAsianet News Malayalam

ഏഴ് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലും പാകിസ്ഥാനിലുമുള്ള സഹോദരങ്ങൾ ഒന്നിച്ചപ്പോൾ

കർതാപൂർ ഇടനാഴിയിൽ വച്ചാണ് സഹോദരങ്ങൾ കണ്ടുമുട്ടിയത്. പൊട്ടിക്കരഞ്ഞു കൊണ്ടും കെട്ടിപ്പിടിച്ചു കൊണ്ടും അവരിരുവരും സ്നേഹം പങ്കിട്ടു.

brothers from india and pakistan reunited
Author
Thiruvananthapuram, First Published Aug 13, 2022, 11:31 AM IST

കൂടിച്ചേരലുകൾ എപ്പോഴും സന്തോഷം നിറഞ്ഞതാണ്. എന്നാൽ, ആ കൂടിച്ചേരൽ ഏഴ് പതിറ്റാണ്ടിന്റെ വേർപാടിന് ശേഷമാണ് എങ്കിലോ? 1947 -ലെ വിഭജനത്തിന് ശേഷം ഇന്ത്യക്കാരനായ സിക്ക ഖാൻ തന്റെ പാകിസ്ഥാനിലുള്ള സഹോദരനെ ആദ്യമായി കണ്ടുമുട്ടിയിരിക്കയാണ്. 

കോളനി ഭരണത്തിൻ്റെ അവസാനം അദ്ദേഹവും സഹോദരൻ സാദിഖ് ഖാനും വേർപിരിഞ്ഞു. അന്ന് സിക്കയ്ക്ക് ആറ് മാസം മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളൂ. വംശീയ കലാപത്തിൽ സിക്കയുടെ പിതാവും സഹോദരിയും കൊല്ലപ്പെട്ടു. എന്നാൽ സഹോദരൻ സാദിഖ് എങ്ങനെയോ പാകിസ്ഥാനിലെത്തപ്പെട്ടു. അന്ന് സാദിഖിന് 10 വയസ് മാത്രമായിരുന്നൂ പ്രായം. 'എന്റെ അമ്മയ്ക്ക് ആ വേദന സഹിക്കാനായില്ല. അവർ നദിയിൽ എടുത്തു ചാടി ജീവിതം അവസാനിപ്പിച്ചു' പഞ്ചാബിലെ ബട്ടിൻഡയിലെ വീട്ടിലിരുന്ന് സിക്ക പറയുന്നു.

നല്ലവരായ ചില നാട്ടുകാരുടെയും ബന്ധുക്കളുടെയും ദയയിലാണ് സിക്ക വളർന്നത്. വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ തനിക്ക് ആകെ ശേഷിക്കുന്ന തന്റെ സഹോദരനെ കണ്ടെത്തണം എന്ന് സിക്കയ്ക്ക് വലിയ ആ​ഗ്രഹമായിരുന്നു. അതിന് ശ്രമിച്ചുവെങ്കിലും പക്ഷേ നടന്നില്ല. മൂന്ന് വർഷം മുമ്പ് ഒരു ഡോക്ടർ സഹായത്തിനെത്തിയതോടെയാണ് അന്വേഷണത്തിൽ എന്തെങ്കിലും പുരോ​ഗതി ഉണ്ടായത്. പാകിസ്ഥാനി യൂട്യൂബറായ നാസിർ ധിലന്റെ കൂടി സഹായത്തോടെ ഒരുപാട് ഫോൺവിളികൾക്ക് ശേഷം സിക്ക തന്റെ സഹോദരൻ സാദിഖുമായി ഒടുവിൽ ഒന്നിച്ചു. 

പാക്കിസ്ഥാനിൽ നിന്നുള്ള 38 -കാരനായ കർഷകനും റിയൽ എസ്റ്റേറ്റ് ഏജന്റുമാണ് ധിലൻ. താനും തന്റെ സിഖ് സുഹൃത്ത് ഭൂപീന്ദർ സിങ്ങും ചേർന്ന് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ 300 കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിച്ചതായി ധിലൻ പറയുന്നു.

കർതാപൂർ ഇടനാഴിയിൽ വച്ചാണ് സഹോദരങ്ങൾ കണ്ടുമുട്ടിയത്. പൊട്ടിക്കരഞ്ഞു കൊണ്ടും കെട്ടിപ്പിടിച്ചു കൊണ്ടും അവരിരുവരും സ്നേഹം പങ്കിട്ടു. 'ഞാൻ ഇന്ത്യയിൽ നിന്നാണ്, സഹോദരൻ പാകിസ്ഥാനിൽ നിന്നാണ്. പക്ഷേ, നമുക്കിടയിൽ ഒരുപാട് സ്നേഹം നിലനിൽക്കുന്നു' എന്ന് സിക്ക പറഞ്ഞു. 

Follow Us:
Download App:
  • android
  • ios