മരിച്ചുപോയ അച്ഛന്‍റെ ഓർമകൾ നഷ്ടപ്പെടാതിരിക്കാൻ വീട് മുഴുവനായി 100 അടി മാറ്റി സ്ഥാപിച്ച് മക്കൾ
അച്ഛനോടും അമ്മയോടും ഉള്ള അഗാധമായ സ്നേഹവും ബഹുമാനവും നിമിത്തമാണ് ഈ മക്കൾ തങ്ങളുടെ വീട് പൊളിച്ചു പണിയുന്നതിന് പകരം 100 അടിയോളം ദൂരേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.

ചിലയിടങ്ങൾ നമുക്കേറെ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് സ്വന്തം വീട്. ഒരുപാട് സ്വപ്നങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഒക്കെ സാക്ഷാത്കാരമാണ് ഓരോ വീടും. അതുകൊണ്ടുതന്നെ പെട്ടെന്നൊരു നിമിഷത്തിൽ ആ വീട് ഉപേക്ഷിച്ചു പോവുക എന്നത് അത്ര എളുപ്പമല്ല. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നും ഏറെ ഹൃദയസ്പർശിയായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.
ചില പ്രതിസന്ധികളെ തുടർന്ന് വീട് ഉപേക്ഷിക്കേണ്ടി വന്ന രണ്ട് സഹോദരങ്ങൾ അതിനു തയ്യാറാകാതെ തങ്ങളുടെ വീട് സുരക്ഷിതമായ മറ്റൊരിടത്തേക്ക് പൂർണമായും മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചു. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഇവരുടെ ഈ തീരുമാനത്തിന് പിന്നിൽ കാരണങ്ങൾ രണ്ടായിരുന്നു. ഒന്ന്, ആ വീട് പണിതത് അവരുടെ മരിച്ചുപോയ അച്ഛനായിരുന്നു. രണ്ട്, അവരുടെ അമ്മയുടെ ഓർമ്മകളെല്ലാം ആ വീടുമായി ബന്ധപ്പെട്ടതാണ്. അച്ഛനോടും അമ്മയോടും ഉള്ള അഗാധമായ സ്നേഹവും ബഹുമാനവും നിമിത്തമാണ് ഈ മക്കൾ തങ്ങളുടെ വീട് പൊളിച്ചു പണിയുന്നതിന് പകരം 100 അടിയോളം ദൂരേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഈസ്റ്റ് ബെംഗളൂരുവിലെ തുബറഹള്ളി പാളയയിൽ സ്ഥിതിചെയ്യുന്ന ഇരുനില വീടാണ് രണ്ട് സഹോദരങ്ങൾ ചേർന്ന് 100 അടിയോളം മാറ്റി സ്ഥാപിക്കാൻ തീരുമാനം എടുത്തത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, നിരന്തരമായ വെള്ളപ്പൊക്ക പ്രശ്‌നങ്ങൾ കാരണമാണ് ഇവർക്ക് വീട് മാറ്റി സ്ഥാപിക്കേണ്ടി വന്നത്. 50 വയസ്സുള്ള വൈ ദേവരാജും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ വൈ വാസുവും ചേർന്നാണ് തങ്ങളുടെ വീട് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചത്. വെള്ളപ്പൊക്കവും മോശം ഡ്രെയിനേജ് സംവിധാനങ്ങളുമാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ തങ്ങളെ പ്രേരിപ്പിച്ചത് എന്നാണ് ഇവർ പറയുന്നത്.
നിലവിൽ വീടിരിക്കുന്ന സ്ഥലത്ത് നിന്നും അടുത്തു തന്നെ മറ്റൊരു സ്ഥലത്തേക്കാണ് വീട് മാറ്റി സ്ഥാപിക്കുന്നത്. പിതാവിന്‍റെ പാരമ്പര്യത്തെയും വീടുമായുള്ള അമ്മയുടെ ആഴത്തിലുള്ള വൈകാരിക ബന്ധത്തെയും മാനിച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നും ദേവരാജ് വ്യക്തമാക്കി.
ഫെബ്രുവരി 12 ബുധനാഴ്ച ആരംഭിച്ച സ്ഥലംമാറ്റ നടപടികൾക്ക് 25 ദിവസമെടുക്കുമെന്നാണ് കരുതുന്നത്. ഷിഫ്റ്റിംഗിനായി 10 ലക്ഷം രൂപയും നവീകരണത്തിന് 5 ലക്ഷം രൂപയും ചെലവാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവരാജ് പറഞ്ഞു. 2002 ൽ ഇവരുടെ പിതാവ് യെല്ലപ്പയാണ് 11 ലക്ഷം രൂപ മുടക്കി ഈ വീട് നിർമ്മിച്ചത്. തന്‍റെ ജീവിതത്തിലെ എല്ലാ നല്ല ഓർമ്മകളും ഈ വീടുമായി ബന്ധപ്പെട്ടതാണെന്നും പെട്ടെന്ന് ഒരു നിമിഷത്തിൽ ഇത് പൊളിച്ചു നീക്കണമെന്ന് കേട്ടപ്പോൾ തകർന്നുപോയി എന്നുമാണ് ഇവരുടെ മാതാവ് ശാന്തമ്മ പറയുന്നത്. ഒടുവിൽ തന്‍റെ വിഷമം മനസ്സിലാക്കി മക്കൾ ഇങ്ങനെയൊരു തീരുമാനമെടുക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
