2017 -ലെ കാർബങ്കിൾ കപ്പ് പുരസ്കാരത്തിന് അർഹമായ കെട്ടിടമാണ് ലണ്ടനിലെ നോവ വിക്ടോറിയ. നൂറുകോടി രൂപ വിലമതിക്കുന്ന ഈ കെട്ടിട സമുച്ചയത്തിന്റെ ഡിസൈനിങ് പൂർണ്ണ പരാജയമാണ് എന്നാണ് വിധികർത്താക്കൾ അഭിപ്രായപ്പെട്ടത്.

യുകെയിലെ ഏറ്റവും മോശം ഡിസൈനിൽ ഉള്ള കെട്ടിടങ്ങൾക്ക് നൽകിവരുന്ന പുരസ്കാരമാണ് കാർബങ്കിൾ കപ്പ്. ബ്രിട്ടീഷ് മാസികയായ ബിൽഡിംഗ് ഡിസൈൻ ആണ് ഈ പുരസ്കാരം നൽകുന്നത്. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർക്കിടെക്‌റ്റ്‌സിന്റെ അഭിമാന പുരസ്കാരമായ സ്റ്റെർലിംഗ് പുരസ്കാരത്തോടുള്ള നർമ്മപരമായ പ്രതികരണമായാണ് ഇതിനെ കാണുന്നത്. സ്റ്റെർലിംഗ് പുരസ്കാരം യുകെയിലെ ഏറ്റവും മികവാർന്ന ഡിസൈനിങ്ങിലുള്ള കെട്ടിടങ്ങൾക്ക് നൽകുമ്പോൾ കാർബങ്കിൾ കപ്പ് ഏറ്റവും മോശം ഡിസൈനിങ്ങിലുള്ള കെട്ടിടങ്ങൾക്കാണ് നൽകുന്നത്. ഇത്തരത്തിൽ കാർബങ്കിൾ കപ്പ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ചില കെട്ടിടങ്ങൾ ഇതാ.

റെഡ്രോക്ക് സ്റ്റോക്ക്പോർട്ട്, സ്റ്റോക്ക്പോർട്ട്, ഗ്രേറ്റർ മാഞ്ചസ്റ്റർ

2018 -ലെ കാർബങ്കിൾ കപ്പ് പുരസ്കാരത്തിനാണ് സ്റ്റോക്ക്‌പോർട്ടിലെ റെഡ്രോക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വാസ്തുവിദ്യയുടെ ദാരുണമായ ഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്. ചുറ്റുമുള്ള പ്രദേശത്തിന് തന്നെ അപമാനകരമാണ് ഈ കെട്ടിടം എന്നാണ് വിധികർത്താക്കൾ പ്രസ്താവിച്ചത്.

Scroll to load tweet…

വിലകുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ചതും ആദ്യ കാഴ്ചയിൽ തന്നെ മുഖസൗന്ദര്യം ഇല്ലാത്ത കെട്ടിടമായും ആണ് ഈ കെട്ടിടത്തെ വിശേഷിപ്പിച്ചത്. 

നോവ വിക്ടോറിയ, ലണ്ടൻ

2017 -ലെ കാർബങ്കിൾ കപ്പ് പുരസ്കാരത്തിന് അർഹമായ കെട്ടിടമാണ് ലണ്ടനിലെ നോവ വിക്ടോറിയ. നൂറുകോടി രൂപ വിലമതിക്കുന്ന ഈ കെട്ടിട സമുച്ചയത്തിന്റെ ഡിസൈനിങ് പൂർണ്ണ പരാജയമാണ് എന്നാണ് വിധികർത്താക്കൾ അഭിപ്രായപ്പെട്ടത്. 18 നിലകളുള്ള ഈ കെട്ടിടം പൂർണ്ണമായും ചുവപ്പു കളറിലുള്ള ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പ്രഥമദൃഷ്ടിയിൽ ഒരു പാറക്കെട്ട് പോലെ മാത്രമാണ് ഈ കെട്ടിടം തോന്നിപ്പിക്കുക.

ലിങ്കൺ പ്ലാസ, ലണ്ടൻ

ഏറ്റവും മോശം ഡിസൈനിങ്ങിനുള്ള 2016 -ലെ പുരസ്കാരമാണ് ലണ്ടനിലെ ലിങ്കൺ പ്ലാസയ്ക്ക് ലഭിച്ചത്. ഐൽ ഓഫ് ഡോഗ്‌സിൽ സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തെ വിധികർത്താക്കൾ വിശേഷിപ്പിച്ചത് ഇനി ഒരിക്കലും വീണ്ടും ആവർത്തിച്ചുകൂടാത്ത കെട്ടിട നിർമിതി എന്നാണ്.

വോക്കി ടാക്കി, ലണ്ടൻ

2015 -ലെ കാർബങ്കിൾ കപ്പ് പുരസ്കാരം നേടിയ കെട്ടിടമാണ്, ലണ്ടനിലെ വാക്കി ടാക്കി. വാസ്തുവിദ്യാ രൂപകൽപ്പനയിലെ ഒരു വലിയ പരാജയമായിരുന്നു ഇത്. കെട്ടിടത്തിന്റെ വിചിത്രമായ ആകൃതിയും രൂപകല്പനയും എല്ലാവരെയും അമ്പരപ്പിച്ചു. കൂടാതെ അതിന്റെ വളഞ്ഞ ഗ്ലാസ് മുൻഭാഗം ഒരു വലിയ കണ്ണാടി പോലെയായിരുന്നു. അപകടകരമാംവിധം തിളക്കം ഉണ്ടാക്കിയ ഈ ഗ്ലാസ് സമീപത്തെ റോഡിലൂടെ പോകുന്ന നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിന് ഇടയാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഡെവലപ്പർമാർ ചുറ്റുമുള്ള പ്രദേശത്തെ പൂർണ്ണമായും അവഗണിച്ച് കൊണ്ടാണ് ഈ കെട്ടിടം നിർമ്മിച്ചത്.

വൂൾവിച്ച് സെൻട്രൽ, ലണ്ടൻ

2014 -ലാണ് ഈ കെട്ടിടം കാർബങ്കിൾ കപ്പ് നേടിയത്. ബഹുവർണ്ണത്തിലുള്ള ഈ കെട്ടിടത്തിന്റെ രൂപഘടന അടക്കം വിമർശിക്കപ്പെട്ടു. 17 നിലകളിലുള്ള ഈ പാർപ്പിട വ്യാപാരസമുച്ചയത്തിന്റെ ഡിസൈനിങ്ങിനെ കൺഫ്യൂസിങ് എന്നാണ് വിധികർത്താക്കൾ വിശേഷിപ്പിച്ചത്.