20 മുതൽ 30 ദിവസം വരെ വേണ്ടി വരും ഫാസിയോയ്ക്ക് തന്റെ ആരോ​ഗ്യം വീണ്ടെടുക്കാൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

തലയിൽ ബുള്ളറ്റുമായി 21 -കാരൻ അടിച്ചുപൊളിച്ച് നടന്നത് നാല് ദിവസം. ബ്രസീലിൽ നിന്നുള്ള മത്തേസ് ഫാസിയോ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് തന്റെ തലയിൽ ബുള്ളറ്റുണ്ട് എന്ന് അറിയാതെ നാല് ദിവസം പാർട്ടിയുമായി കഴിഞ്ഞത്. 

റിയോ ഡി ജനീറോയിൽ പുതുവത്സരാഘോഷത്തിനിടെയാണ് ഫാസിയോയുടെ തലയിൽ വെടിയേറ്റത്. തലയിൽ നിന്നും രക്തസ്രാവമുണ്ടായിട്ടും ഫാസിയോ തന്റെ തലയിൽ ബുള്ളറ്റ് കയറിയത് അറിഞ്ഞില്ല. എവിടെനിന്നോ കല്ലുകൊണ്ട് ഏറ് കിട്ടിയതാണ് എന്നാണ് അവൻ കരുതിയത്. അതിനാൽ തന്നെ ആഘോഷങ്ങളൊന്നും ഒഴിവാക്കാനും അവൻ തയ്യാറായില്ല. 

നാല് ദിവസത്തിന് ശേഷം വലതുകൈക്ക് വേദനയുണ്ടായപ്പോഴാണ് ഫാസിയോ ഡോക്ടറെ കാണാൻ തീരുമാനിക്കുന്നത്. അവിടെ വച്ചാണ് അവന്റെ തലയിൽ ബുള്ളറ്റുള്ളതായി കണ്ടെത്തുന്നത്. ഈ വിവരം ഫാസിയോയെ തന്നെ അമ്പരപ്പിച്ചു. താൻ ഈ ബുള്ളറ്റുമായിട്ടാണ് നടന്നിരുന്നത് എന്ന് അവന് ഓർക്കാൻ പോലും സാധിച്ചില്ല. ന്യൂറോ സർജൻ ഫ്ലാവിയോ ഫാൽകോമെറ്റയാണ് ഫാസിയോയുടെ തലയിൽ നിന്നും ബുള്ളറ്റ് പുറത്തെടുക്കുന്നത്. തലയിൽ ബുള്ളറ്റിരുന്നത് കാരണമാണ് അവന്റെ കയ്യുടെ ചലനം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതും കയ്യിൽ വേദന അനുഭവപ്പെട്ടതും. എങ്ങനെയാണ് ഫാസിയോയ്ക്ക് വെടിയേറ്റത് എന്നതിനെ ചൊല്ലി അന്വേഷണം നടക്കുകയാണ്. 

20 മുതൽ 30 ദിവസം വരെ വേണ്ടി വരും ഫാസിയോയ്ക്ക് തന്റെ ആരോ​ഗ്യം വീണ്ടെടുക്കാൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. "ആരോ കല്ലെടുത്ത് എറിഞ്ഞതാണ് എന്നാണ് ഞാൻ കരുതിയത്" എന്നാണ് മെഡിക്കൽ വിദ്യാർത്ഥിയായ ഫാസിയോ പറയുന്നത്. “ഒരുപക്ഷേ ശബ്ദം കേട്ടിരുന്നുവെങ്കിൽ അത് എന്താണെന്ന് ഊഹിക്കാൻ എനിക്ക് സാധിച്ചേനെ. പക്ഷെ, ഞാൻ ശബ്ദമൊന്നും കേട്ടിരുന്നില്ല" എന്നും അവൻ പറയുന്നു. 

ന്യൂറോ സർജൻ പറയുന്നത്, വളരെ അപകടകരമായിരുന്നു ഫാസിയോയുടെ അവസ്ഥ എന്നാണ്. ബുള്ളറ്റിൻ്റെ ഒരു ഭാഗം ഫാസിയോയുടെ തലച്ചോറിലേക്ക് തുളച്ചുകയറുകയും അവൻ്റെ കയ്യുടെ ചലനങ്ങളെ സ്വാധീനിക്കുകയും ചെയ്തു എന്നും അദ്ദേഹം പറയുന്നു.