ഈ പഠനത്തിലൂടെ ഗവേഷകർ എത്തിയ നിഗമനം മനുഷ്യരെപ്പോലെ തന്നെ പ്രാണികളും നിർജീവ വസ്തുക്കളെ തങ്ങളുടെ വിനോദത്തിനായി ഉപയോഗിക്കുന്നു എന്നാണ്.

തേനീച്ചകൾ നമ്മൾ കരുതുന്നതുപോലെ അത്ര നിസ്സാരക്കാരല്ല. പരാഗണം നടത്താനും തേൻ ഉണ്ടാക്കാനും രാജ്ഞിയുടെ വിശ്വസ്തരായി നിൽക്കാനും മാത്രമല്ല തേനീച്ചകൾക്ക് അറിയാവുന്നത്. ബോറടിച്ചാൽ അല്പസമയം കളിക്കാനും ഇവർക്ക് വലിയ താല്പര്യം ആണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. വലിയ തേനീച്ച വിഭാഗത്തിൽപ്പെട്ട (bumblebee) തേനീച്ചകളിൽ നടത്തിയ പഠനത്തിലാണ് ശാസ്ത്രജ്ഞർ ഇക്കാര്യം കണ്ടെത്തിയത്. അനിമൽ ബിഹേവിയറിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് ബംബിൾബീകൾ, അവസരം ലഭിക്കുമ്പോൾ, കളിപ്പാട്ടങ്ങളുമായി കളിക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ്.

ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ആണ് തേനീച്ചകളിൽ നടത്തിയ തുടർച്ചയായ നിരീക്ഷണത്തിലൂടെ ഈ നി​ഗമനത്തിലെത്തിയത്. തേനീച്ചകളെ നിരീക്ഷിക്കുന്നതിനായി ഗവേഷകർ തേനീച്ചകളെ അവരുടെ കൂട്ടിൽ നിന്ന് തീറ്റ സ്ഥലത്തേക്ക് പോകാൻ അനുവദിക്കുന്ന വിധത്തിൽ ഒരു കണ്ടെയ്നർ സ്ഥാപിച്ചു. അതിനുള്ളിൽ തേനീച്ചകൾ സഞ്ചരിക്കുന്ന വഴിയിൽ ചെറിയ തടിപ്പന്തുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഭാഗം നിർമ്മിച്ചു. 18 ദിവസങ്ങളാണ് ഇത്തരത്തിൽ തേനീച്ചകളെ നിരീക്ഷിച്ചത്. ആ നിരീക്ഷണത്തിൽ നിന്ന് ഗവേഷകർ മനസ്സിലാക്കിയത് പ്രത്യേക പ്രോത്സാഹനങ്ങൾ ഒന്നുമില്ലാതെ തന്നെ തേനീച്ചകൾ തടി കൊണ്ടുള്ള പന്തുകൾ ഉരുട്ടാൻ സമയം കണ്ടെത്തുന്നതായാണ്. ഇതിൽ തന്നെ മനുഷ്യരിൽ കാണുന്നതുപോലെ തന്നെ പ്രായം കൂടിയ തേനീച്ചകളെക്കാൾ കൂടുതലായി പന്തുരുട്ടാൻ സമയം കണ്ടെത്തിയത് പ്രായം കുറഞ്ഞ തേനീച്ചകൾ ആണെന്നും ഗവേഷകർ പറയുന്നു. 

ഈ പഠനത്തിലൂടെ ഗവേഷകർ എത്തിയ നിഗമനം മനുഷ്യരെപ്പോലെ തന്നെ പ്രാണികളും നിർജീവ വസ്തുക്കളെ തങ്ങളുടെ വിനോദത്തിനായി ഉപയോഗിക്കുന്നു എന്നാണ്. നിർജീവ വസ്തുക്കളെ വിനോദത്തിനായി ഉപയോഗിക്കുന്ന നിരവധികളും പക്ഷികളും ഉണ്ട്. എന്നാൽ, ഇത് ആദ്യമായാണ് പ്രാണികൾക്കും ഇത്തരത്തിൽ ഒരു കഴിവുണ്ട് എന്ന് കണ്ടെത്തുന്നത്.

പ്രാണികളുടെ മനസ്സ് നമ്മൾ സങ്കൽപ്പിക്കുന്നതിലും വളരെ സങ്കീർണ്ണമാണെന്ന് ഈ ഗവേഷണം ശക്തമായ സൂചന നൽകുന്നതായാണ് പഠനത്തിന് നേതൃത്വം നൽകിയ ലണ്ടൻ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിലെ സെൻസറി ആൻഡ് ബിഹേവിയറൽ ഇക്കോളജി പ്രൊഫസറായ ലാർസ് ചിറ്റ്ക പ്രസ്താവനയിൽ പറഞ്ഞത്.