വീട് വാങ്ങുമ്പോള്‍ ചിലപ്പോള്‍ അത് ഫര്‍ണിച്ചറോട് കൂടിയതായിരിക്കും. ചിലപ്പോള്‍ വീടിനൊപ്പം ചേര്‍ന്നിരിക്കുന്ന സ്ഥലം കൂടിയുണ്ടാകും. എന്നാല്‍, വീടിനൊപ്പം സൗജന്യമായി രണ്ട് ഉശിരുള്ള മുതലകളെ കൂടി നല്‍കിയാലോ? ഇവിടെ ഒരാള്‍ തന്‍റെ വീടിനൊപ്പം മുതലകളെ സൗജന്യമായി നല്‍കാന്‍ വെച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ഡാർവിൻ, നോർത്തേൺ ടെറിട്ടറിയിലെ ടെഡ് പ്ലെവ്നിക് എന്നയാളാണ് തന്‍റെ അഞ്ച് കിടപ്പുമുറികളോടു കൂടിയ വീട് വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. 1984 -ലാണ് പ്ലെവ്നിക്ക് ഈ വീട് വാങ്ങുന്നതും ഒരു സ്വര്‍ഗം പോലെ അത് മനോഹരമാക്കുന്നതും. 

അഞ്ച് ഏക്കറിലുള്ള വസ്തുവില്‍ കുതിരലായം, മൈതാനം, പന്നിക്കൂട്, പൂള്‍, സ്പാ എന്നിവ കൂടിയുണ്ട്. ഇതിനൊക്കെ കൂടിയാണ് വിലയിട്ടിരിക്കുന്നത് എങ്കിലും മുതലകള്‍ തീര്‍ത്തും സൗജന്യമാണ്. ജെം എന്നും ബോറിസ് എന്നും പേരുള്ള മുതലകളെയാണ് സൗജന്യമായി കിട്ടുക. 

2012 -ലാണ് പ്ലെവ്നിക്കിന് ജെം എന്ന മുതലയെ കിട്ടുന്നത്. പിന്നീട് ബോറിസിനേയും വാങ്ങി. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഈ മുതലകളുമായി വളരെ സൗഹൃദത്തിലാണ് പ്ലെവ്നിക്ക്. പക്ഷെ, അവയെ കൂടെ കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് മറ്റൊരാള്‍ക്ക് നല്‍കി പോവേണ്ടി വരുന്നത്. അത് തനിക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും എന്നാല്‍ മറ്റൊരു വഴിയുമില്ലായെന്നുമാണ് പ്ലെവ്നിക് പറയുന്നത്.

മുതലകള്‍ കൂടാതെ കുതിര, ഒട്ടകം, പന്നികള്‍ തുടങ്ങിയവയുമുണ്ട് ഇയാള്‍ക്ക്. എന്നാല്‍, വീട് വാങ്ങുന്നവര്‍ക്ക് കൂടി താല്‍പര്യമുണ്ടെങ്കിലേ തന്‍റെ പ്രിയപ്പെട്ട മുതലകളെ നല്‍കൂവെന്നും ഇല്ലെങ്കില്‍ നല്‍കില്ലായെന്നുംകൂടി പ്ലെവ്നിക്ക് പറയുന്നുണ്ട്. അവയെ വീട് വാങ്ങുന്നവര്‍ വേണ്ടായെന്ന് പറയുകയാണെങ്കില്‍ അവര്‍ക്കുള്ള സ്ഥലം എവിടെയെങ്കിലും കാണും എന്നാണ് അദ്ദേഹം പറയുന്നത്. 

അതിമനോഹരമായൊരു ജീവിതം അനുഭവിക്കണമെന്ന് ആഗ്രഹമുള്ളൊരു കുടുംബത്തിന് പറ്റിയ വീടാണിതെന്നാണ് വീട് വില്‍ക്കാനേല്‍പ്പിച്ച എല്‍വ പറയുന്നത്. ഏതായാലും ജൂലൈ 27 -ന് തന്‍റെ പ്രിയപ്പെട്ട മുതലകളെ സൗജന്യമായി കിട്ടുമെന്ന ഓഫറോട് കൂടി വീട് ലേലത്തിന് വെക്കപ്പെടും.