വീഡിയോയിൽ ഒരു കെട്ട് പുല്ല് അരിഞ്ഞുവച്ചിരിക്കുന്നത് കാണാം. അത് പൊക്കിയെടുക്കാൻ ജെമ്മ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല.

ഇന്ത്യയിലെ ​ഗ്രാമപ്രദേശങ്ങളിൽ വീട്ടുജോലികളും കാർഷികജോലികളും കൂലിപ്പണിയുമെല്ലാം ചെയ്യുന്ന സ്ത്രീകൾ പലപ്പോഴും പുഷ്പം പോലെ പല കാര്യങ്ങളും ചെയ്യാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ചമോലിയിൽ ഒരു പഹാഡി സ്ത്രീയുടെ കരുത്ത് കണ്ട് അന്തംവിട്ടുപോയ ഒരു വിദേശവനിതയെയാണ് വീഡിയോയിൽ കാണുന്നത്. ജെമ്മ കോളെൽ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോയിൽ ഒരു കെട്ട് പുല്ല് അരിഞ്ഞുവച്ചിരിക്കുന്നത് കാണാം. അത് പൊക്കിയെടുക്കാൻ ജെമ്മ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. എന്നാൽ, ജെമ്മ 'ഹിമാലയൻ ആന്റി' എന്ന് വിശേഷിപ്പിക്കുന്ന ഈ പഹാഡി സ്ത്രീ പുഷ്പം പോലെ ഈ പുല്ലുകെട്ട് എടുത്തുയർത്തുന്ന രം​ഗമാണ് വീഡിയോയിൽ കാണുന്നത്. വളരെ രസകരമായ ഒരു ക്യാപ്ഷനോടുകൂടിയാണ് ജെമ്മ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

View post on Instagram

'നിങ്ങൾ സ്ട്രോങ്ങാണ് എന്ന് നിങ്ങൾ കരുതുന്നു. പക്ഷേ, ഈ ഹിമാലയൻ ആന്റി അത് തെറ്റാണ് എന്ന് തെളിയിക്കും വരെ മാത്രം. രാവിലെ ഉത്തരാഖണ്ഡിലെ ചമോലിയിലെ ഒരു ചെറിയ ​ഗ്രാമത്തിലെ മാർക്കറ്റിലേക്ക് പോകും വഴിയാണ് പുല്ലരിയുന്ന രണ്ട് സ്ത്രീകളെ താൻ കണ്ടുമുട്ടിയത്. അവർ പുല്ലരിഞ്ഞ് അത് തങ്ങളുടെ പിക്കപ്പ് ട്രക്കിലേക്ക് കയറ്റുകയായിരുന്നു. ആന്റി ആ പുല്ലുകെട്ട് ഉയർത്താൻ വെല്ലുവിളിക്കുന്നത് പോലെ തന്നെ നോക്കി. ട്രെക്കിം​ഗിനിടെ 20–25 കിലോഗ്രാം എന്റെ പുറകിൽ ചുമന്നു ശീലിച്ചതാണ് താൻ. പക്ഷേ, ഇതിന് 40 കിലോയിൽ കൂടുതൽ ഭാരം വരും. അത് അവർ അനായാസമായി ഉയർത്തി' എന്നാണ് ജെമ്മയുടെ വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്.

വളരെ പെട്ടെന്ന് തന്നെ ജെമ്മ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ സോഷ്യൽ‌ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഒരു ശരാശരി പഹാഡി സ്ത്രീ ഇങ്ങനെയാണ് എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്.