ടി. എന്‍ ഗോപകുമാറിന്‍റെ ചരമദിനത്തില്‍ സി. അനൂപ് അദ്ദേഹത്തെ ഓര്‍ക്കുന്നു.

നോമ്പും ടി.എൻ. ഗോപകുമാറും എന്നൊരു ലേഖനം കഥാകൃത്തായ ഉണ്ണി ആർ. എഴുതി. മാധ്യമം പത്രത്തിൽ. അതച്ചടിച്ചു വന്നതിൻ്റെ തൊട്ടടുത്ത ദിവസ്സങ്ങളിലൊന്നിൽ ടി.എൻ.ജി -യെ കണ്ടു. ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റർ ഇൻ ചീഫിൻ്റെ മുറിയിൽ വെച്ചായിരുന്നു ആ കണ്ടുമുട്ടൽ. കാൻസറിൻ്റെ ചികിത്സാ നാളുകളിലെ ക്ഷീണത്തിൻ്റെ മുറുക്കിപ്പിടുത്തത്തിലായിരുന്നു ടി.എൻ.ജി അന്ന്.

രോഗത്തെക്കുറിച്ചൊന്നും ചോദിച്ചില്ല ഒരിക്കലും. മറ്റുള്ളവർ പറഞ്ഞാണ് അതൊക്കെ ഞാൻ അറിഞ്ഞത്. തനിക്ക് ക്യാൻസർ വന്നതുമുതലുള്ള അനുഭവം ടി.എൻ.ജി എഴുതിക്കൊണ്ടിരുന്ന നാളുകൾ. അത് പിന്നീട് പുസ്തകമായി. അതിനു മുമ്പ് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു.
"നീ ഉണ്ണിയുടെ ലേഖനം വായിച്ചോ?" ടി.എൻ.ജി ചോദിച്ചു. ഞാൻ അപ്പോൾ അത് വായിച്ചിരുന്നില്ല. ടി.എൻ.ജി ലേഖനം എടുത്തു തന്നു. വായിക്കുന്നത് നോക്കിയിരുന്ന ടി.എൻ ജി അതെക്കുറിച്ച് പിന്നൊന്നും ചോദിച്ചില്ല. പക്ഷേ, ആ ലേഖനത്തിലെ ഉണ്ണിയുടെ സ്നേഹം ടി.എൻ.ജി -യെ ഏറെ സന്തോഷിപ്പിച്ചിരുന്നതായി തോന്നി. എന്നുമാത്രമല്ല എഴുത്തിലെ സൂഷ്മതതയും നിരീക്ഷണവും ടി.എൻ ജി യെ സംതൃപ്തനാക്കിയതായി തോന്നി. 

നമ്മൾ മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയാൻ, വസ്തുനിഷ്ഠമായി വിലയിരുത്താൻ, ആത്മാർത്ഥമായി അഭിനന്ദിക്കാൻ -എല്ലാമെല്ലാം മരണം വരെ കാത്തിരിക്കും. അതൊക്കെ ഇഹ ജീവിതത്തിൽ സ്വാഭാവികം. എങ്കിലും ടി. എൻ.ജി ജീവിച്ചിരുന്നപ്പോൾ വന്ന ഉണ്ണിയുടെ ലേഖനം. അത് നൽകിയ സന്തോഷം കണ്ടപ്പോൾ തോന്നി നമ്മൾ ജീവിച്ചിരിക്കുമ്പോഴാണ് പരസ്പരം സ്നേഹത്തിൻ്റെ ഇടനിലം തീർക്കേണ്ടതെന്ന്. മരണാനന്തര കർമ്മങ്ങളെക്കാൾ വില ജീവിച്ചിരിക്കുമ്പോഴുള്ള ഒരു പുഞ്ചിരിക്കാണ്. ഒരു ചുമലിൽ തട്ടിനാണ്. ടി.എൻ.ജി ആ രോഗത്തിൽ നിന്ന് മുക്തനായില്ല. പതുക്കെപ്പതുക്കെ മരണത്തിൻ്റെ കൈ ടി.എൻ.ജി -യെ അമർത്തി നിശ്ശബ്ദാക്കി.

90 -കളുടെ തുടക്കത്തിൽ യെൻഫീൽഡിൽ കലാകൗമുദിയിലേക്കുള്ള വരവ്, പുസ്തക പ്രസാധന പരിശ്രമത്തിൻ്റെ ഓരോ ഘട്ടത്തിലും ഒപ്പം നിന്നത്, വിവാഹത്തിന് കള്ളിക്കാടിനൊപ്പം വന്നത്, പറഞ്ഞ ദാമ്പത്യ വിജയ രഹസ്യങ്ങൾ, പ്രസ് ക്ലബിൽ വെച്ച് ബി. മുരളിയോടും എന്നോടും പറഞ്ഞ ദില്ലി അനുഭവങ്ങൾ (അവ പിന്നീട് മാധ്യമ മുഹൂർത്തങ്ങൾ എന്ന പേരിൽ എഴുതി ) - അങ്ങനെ എത്രയെത്ര നല്ല സന്ദർഭങ്ങൾ ഓർമ്മയിൽ.