ലൂസിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുകയായിരുന്നു. അവരൊരു മോശം അമ്മയാണ് എന്നും കുട്ടിയെ മറന്ന് നടക്കുന്ന ഒരാളാണ് എന്നുമാണ് പ്രധാനമായും വിമർശനം ഉയർന്നത്.
ഒറ്റയ്ക്ക് മക്കളെ വളർത്തുന്ന അമ്മമാരെ മിക്കപ്പോഴും ഈ സമൂഹം വിലയിരുത്താറുണ്ട്. സിംഗിൾ മദേഴ്സിനെ മുൻവിധിയോടെ കാണാറുമുണ്ട്. അത്തരം വിലയിരുത്തലുകളോട് ശക്തമായി പ്രതികരിക്കുകയാണ് ഒരു യുവതി. വെസ്റ്റ് യോർക്ക്ഷെയറിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ ലൂസി അലക്സാണ്ട്രയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എപ്പോഴും കുട്ടികൾക്കൊപ്പം തന്നെയിരിക്കുന്ന മാതാപിതാക്കളെ വിമർശിച്ചുകൊണ്ടാണ് ലൂസിയുടെ പോസ്റ്റ്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ, തന്റെ സ്വാതന്ത്ര്യത്തെ താൻ വിലമതിക്കുന്നുവെന്നും ലൂസി പറഞ്ഞു.
അടുത്തിടെ ഷെയർ ചെയ്ത ഒരു വീഡിയോയിൽ, ലൂസി പറയുന്നത് തനിക്ക് തന്റെ മകനോട് സ്നേഹമുണ്ട്. എന്നാൽ, ഇടയ്ക്ക് അതിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയും രാത്രി പുറത്തിറങ്ങുകയും ഒക്കെ ചെയ്യേണ്ടുന്നതും ഡ്രിങ്കിങ്ങും ഒക്കെ ആവശ്യമാണ് എന്നാണ്. ഇന്ന് ആളുകൾ കുട്ടികളോട് അമിതമായി അടുപ്പം കാണിക്കുന്നവരാണ്. ഇത് കുട്ടികളെ സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യുന്നതിൽ നിന്നും തടയും. തന്റെ മകനാണ് തന്റെ ലോകം. എന്നാൽപ്പോലും രാത്രിജീവിതത്തിനും അവളവൾക്ക് വേണ്ടി നേരം കണ്ടെത്താനും താൻ ശ്രമിക്കാറുണ്ട് എന്നാണ് ലൂസി പറയുന്നത്. ടിക്ടോക്കിലാണ് ലൂസി വീഡിയോ ഷെയർ ചെയ്തത്.
മകൻ ഒറ്റയ്ക്ക് ഉറങ്ങാനും ഉണരാനും ടിവിയിൽ അവന് ഇഷ്ടമുള്ളത് കാണാനും ഒക്കെ കഴിയുന്ന കാലത്തിനായി കാത്തിരിക്കാൻ താൻ തയ്യാറല്ല. താൻ പുറത്തുപോകുമ്പോൾ, തന്റെ മകനെക്കുറിച്ച് വിഷമിക്കാറില്ല, താൻ തിരിച്ചെത്തുന്നതുവരെ അവന്റെ കാര്യങ്ങൾ നന്നായി നടക്കുമെന്നും കെയർടേക്കർമാർ അവനെ നന്നായി നോക്കുമെന്നും താൻ വിശ്വസിക്കുന്നു എന്നും ലൂസി പറഞ്ഞു. എന്നാൽ, ലൂസിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുകയായിരുന്നു. അവരൊരു മോശം അമ്മയാണ് എന്നും കുട്ടിയെ മറന്ന് നടക്കുന്ന ഒരാളാണ് എന്നുമാണ് പ്രധാനമായും വിമർശനം ഉയർന്നത്.
എന്നാൽ, അവൻ എന്റെ കുട്ടിയാണ്, എന്റെ ലോകം ആകെയും അവനാണ്. പക്ഷേ ഞാൻ ചിലപ്പോഴെങ്കിലും ഒരു ബ്രേക്ക് എടുക്കണ്ടെ? തീർച്ചയായും വേണം. കുട്ടികളെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടുന്നത് തികച്ചും ഭ്രാന്താണ് എന്നായിരുന്നു ലൂസിയുടെ മറുപടി.


