ചൈനയിൽ അടിയന്തര ഘട്ടത്തിൽ മറ്റൊരു ഗർഭിണിയുടെ ജീവൻ രക്ഷിക്കാനായി തനിക്കായി ഒരുക്കിയ ഓപ്പറേഷൻ തിയേറ്റർ ഒരു യുവതി ഒഴിഞ്ഞു നൽകി. ഗുരുതരാവസ്ഥയിലായിരുന്ന രണ്ടാമത്തെ യുവതിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പിന്നീട് ആദ്യത്തെ യുവതി സുരക്ഷിതമായി ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
അടിയന്തര ഘട്ടത്തിൽ മറ്റൊരു ഗർഭിണിയുടെ ജീവൻ രക്ഷിക്കാനായി തനിക്കായി തയാറാക്കിയ ഓപ്പറേഷൻ തിയേറ്റർ ഒഴിഞ്ഞ് നൽകി മാതൃകയായിരിക്കുകയാണ് കിഴക്കൻ ചൈനയിലെ ഒരു യുവതി. ഷാൻഡോങ് പ്രവിശ്യയിലെ വെയ്ഫാംഗ് പീപ്പിൾസ് ഹോസ്പിറ്റലിലാണ് മനുഷ്യത്വത്തിന്‍റെ വേറിട്ടൊരു കാഴ്ചയ്ക്ക് ഡോക്ടർമാർ സാക്ഷ്യം വഹിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി, ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഡോക്ടർമാരെ കാത്തിരിക്കുകയായിരുന്നു യുവതി. ഈ സമയത്താണ് അതീവ ഗുരുതരാവസ്ഥയിലായ ഗർഭിണിയായ മറ്റൊരു യുവതിയുമായി ഒരു ടാക്സി ആശുപത്രിയുടെ എമർജൻസി കവാടത്തിലേക്ക് പാഞ്ഞെത്തിയത്.
രക്തത്തിൽ കുളിച്ച് മറ്റൊരു യുവതി
രക്തത്തിൽ കുളിച്ച്, അബോധാവസ്ഥയിലായിരുന്ന യുവതിയുടെ കൂടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെയുണ്ടായിരുന്നില്ല. തികച്ചും ഒറ്റയ്ക്കായ അവരുടെ പക്കൽ തിരിച്ചറിയൽ രേഖകളോ മെഡിക്കൽ റെക്കോർഡുകളോ ചികിത്സാ ചെലവിനുള്ള പണമോ ഇല്ലായിരുന്നു. സർട്ടിഫിക്കറ്റുകളും പണവും എത്തിച്ചാൽ മാത്രം ചികിത്സയെന്ന് പറയുന്ന ആശുപത്രികളിൽ നിന്നും വ്യത്യസ്തമായൊരു അനുഭവമായിരുന്നു പിന്നീട് അവിടെ സംഭവിച്ചത്.
നിറഞ്ഞു കവിഞ്ഞ ഓപ്പറേഷൻ റൂമുകൾ
നിമിഷങ്ങൾക്കകം രോഗിയുടെ അവസ്ഥ മനസ്സിലാക്കിയ ഒബ്സ്റ്റട്രിക്സ് സെന്‍റർ ഡയറക്ടർ സു യുചുൻ, ഔദ്യോഗിക നടപടിക്രമങ്ങൾ പിന്നീട് പൂർത്തിയാക്കാമെന്നും ചികിത്സാ ചെലവ് ആശുപത്രി വഹിക്കുമെന്നും വ്യക്തമാക്കി. പിന്നാലെ ഉടൻ യുവതിയെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ എല്ലാ ഓപ്പറേഷൻ തിയേറ്ററുകളും മറ്റ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന യാഥാർത്ഥ്യം ഡോക്ടർമാർ മനസിലാക്കിയത്. ഏറ്റവും കുറഞ്ഞത് 40 മിനിറ്റെങ്കിലും വേണം ഒരു ഓപ്പറേഷൻ തീയറ്റർ ഒഴിയാൻ. എന്നാൽ, അനുനിമിഷം വഷളാകുന്ന അവസ്ഥയിലായിരുന്നു യുവതി. ഓരോ മിനിറ്റും വിലപ്പെട്ടതെന്ന് ഡോക്ടർമാർ മനസിലാക്കി. ഇതോടെ ഡോക്ടർ സു, ആദ്യത്തെ ഗർഭിണി കാത്തിരുന്ന ഓപ്പറേഷൻ തിയേറ്ററിലേക്ക് ചെന്ന് അവരോട് കാര്യങ്ങൾ വിശദീകരിച്ചു. യുവതിയുടെ അടിയന്തരാവസ്ഥ കേട്ടതോടെ തനിക്ക് കാത്തിരിക്കാൻ ബുദ്ധിമുട്ടില്ലെന്നും ആദ്യം മറ്റേ അമ്മയുടെ ജീവൻ രക്ഷിക്കൂവെന്നും പറഞ്ഞ് ആ യുവതി പ്രസവമുറിയിൽ നിന്നും സന്തോഷത്തോടെ മാറിനിന്നു.
രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ
തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതിയെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകദേശം 3,500 മില്ലിലിറ്റർ രക്തമാണ് ഇവർക്ക് നഷ്ടപ്പെട്ടിരുന്നത്. ഇത് ഒരു മുതിർന്ന സ്ത്രീയുടെ ശരീരത്തിലുള്ള ആകെ രക്തത്തിന്‍റെ അളവിനോളം വരും. പരിശോധനയിൽ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് അതിനോടകം തന്നെ നിലച്ചിരുന്നതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇത്തരം സങ്കീർണ്ണ ഘട്ടങ്ങളിൽ അമ്മയുടെ ജീവൻ രക്ഷിക്കാൻ ഗർഭപാത്രം നീക്കം ചെയ്യുകയാണ് പതിവെങ്കിലും, ഡോക്ടർമാരുടെ കഠിനശ്രമത്തിനൊടുവിൽ അവയവങ്ങൾക്ക് കേടുപാടുകൾ വരുത്താതെ തന്നെ യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും, പ്രസവാനന്തരമുള്ള തീവ്രപരിചരണ ശ്രമങ്ങൾ പരാജയപ്പെടുകയും കുഞ്ഞ് മരണപ്പെടുകയും ചെയ്തു. രണ്ട് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തിരിച്ചുകിട്ടിയ അമ്മ ആദ്യം തിരക്കിയത് തന്‍റെ കുഞ്ഞിനെക്കുറിച്ചായിരുന്നു. മെഡിക്കൽ സംഘം അവരുടെ കൈകൾ ചേർത്തുപിടിച്ച്, അവർ അപകടാവസ്ഥ തരണം ചെയ്തതായും ജീവൻ തിരിച്ചു കിട്ടിയതായും അറിയിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ജനറൽ വാർഡിലേക്ക് മാറ്റി.
പ്രവസ മുറി ഒഴിഞ്ഞ അമ്മയ്ക്ക് അഭിനന്ദനം
അതേസമയം, മറ്റൊരു ജീവനായി പ്രസവമുറി വിട്ടുനൽകിയ കാരുണ്യ മനസ്കയായ ആ യുവതി പിന്നീട് ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. മറ്റൊരു ജീവൻ രക്ഷിക്കാനായി യുവതി എടുത്ത ധീരമായ തീരുമാനത്തെ അവരുടെ കുടുംബവും പൂർണ്ണമായി പിന്തുണച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ തങ്ങളും ഇതേ തീരുമാനമേ എടുക്കുമായിരുന്നുള്ളൂ എന്നാണ് അവരുടെ കുടുംബാംഗങ്ങൾ പിന്നീട് പ്രതികരിച്ചത്.


